Advertisement

റിസര്‍വ് ബാങ്ക് പണനയ പ്രഖ്യാപനം നേട്ടമായി; കുതിച്ച് വിപണി

February 10, 2022
Google News 2 minutes Read

സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നയപരമായ പിന്തുണ തുടരുമെന്ന് അറിയിച്ചതോടെ ഓഹരി വിപണിയില്‍ കുതിപ്പ്. സെന്‍സെക്‌സ് 460 പോയിന്റ് നേട്ടത്തില്‍ 58,926 പോയിന്റിലെത്തിയാണ് വിപണി അടച്ചത്. നിഫ്റ്റിയും കുതിച്ചിട്ടുണ്ട്. വിപണി അടയ്ക്കുമ്പോള്‍ 142 പോയിന്റ് നേട്ടത്തില്‍ 17,605 പോയിന്റുകളില്‍ നിഫ്റ്റി എത്തിയിരുന്നു. റിസര്‍വ് ബാങ്ക് നയപ്രഖ്യാപനത്തിനൊപ്പം അന്താരാഷ്ട്ര വിപണികളില്‍ നിന്നുള്ള ശുഭസൂചനകളും ഇന്ന് വിപണിക്ക് നേട്ടമായിട്ടുണ്ട്.

ടാറ്റ സ്റ്റീല്‍സ് ഓഹരികള്‍ ഇന്ന് വിപണിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സെന്‍സെക്സ് പാക്കില്‍ ടാറ്റ സ്റ്റീല്‍ 2.11 ശതമാനം ഉയര്‍ന്നു. ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടക് ബാങ്ക്, എം ആന്‍ഡ് എം, പവര്‍ഗ്രിഡ് ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി. മാരുതി, നെസ്ലെ ഇന്ത്യ, അള്‍ട്രാടെക് സിമന്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളാണ് ഇന്ന് നഷ്ടത്തിലായത്.

റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.5 ശതമാനത്തിലും തന്നെ തുടരുമെന്നാണ് പണനയ അവലോകനത്തിനുശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി പത്താം തവണയാണ് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതിരിക്കുന്നത്. കൊവിഡ് മഹാമാരി സാമ്പത്തിക രംഗത്ത് സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍ നിന്നും വളര്‍ച്ചയിലേക്ക് രാജ്യം ചുവടുവെക്കുന്ന പശ്ചാത്തലത്തില്‍ നയപരമായ പിന്തുണ തുടരേണ്ടത് ആവശ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 7.8 ശതമാനമായിരിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. 2021-22 സാമ്പത്തിക വര്‍ഷത്തിലെ 9.2 ശതമാനം മൊത്ത ആഭ്യന്തര ഉല്‍പാദനം രാജ്യത്തെ സമ്പദ് രംഗത്തെ കൊവിഡിന് മുന്‍പുള്ള സ്ഥിതിയിലേക്ക് എത്തിക്കുമെന്നാണ് ആര്‍ ബി ഐ വിലയിരുത്തിയത്. പണപ്പെരുപ്പ പരിധി 2 ശതമാനത്തിനും 6 ശതമാനത്തിനും ഇടയില്‍ നിലനിര്‍ത്താന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍ ബി ഐ ഗവര്‍ണര്‍ വ്യക്തമാക്കി.

ഇ- റുപ്പി ഡിജിറ്റല്‍ വൗച്ചറിനുള്ള പരിധി 10000 രൂപയില്‍ നിന്നും ഒരു ലക്ഷമായി ഉയര്‍ത്തിയതായും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. പണപ്പെരുപ്പം 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍.

Story Highlights: stock market today monetary policy rbi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here