കർണ്ണാടകയിലെ ഹിജാബ് വിലക്കും, ആർഎസ്എസ് നടത്തുന്നത് വർഗ്ഗീയവിഭജന നീക്കമെന്ന് : ആനാവൂർ നാഗപ്പന്‍

കർണ്ണാടകയിൽ ആർഎസ്എസ് നടത്തുന്നത് വർഗ്ഗീയവിഭജന നീക്കമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. ഭൂരിപക്ഷ വർഗീയതയെ എതിർക്കാൻ എന്ന പേരിൽ ന്യൂനപക്ഷ വർഗ്ഗീയത വളർത്താനുള്ള നീക്കത്തിനെതിരെയും ജാഗ്രത പുലർത്തണം. കേരളത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിൽ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തത് ഉയർത്തി ഇവിടെയും ചിലർ വിഭജനയുക്തി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപെട്ടു. തികഞ്ഞ അസംബന്ധമാണ് ആ പ്രചരണമെന്നും അദ്ദേഹം വ്യക്തമാക്കി.
നാടിന്റെ സമാധാനം നശിപ്പിക്കാനും കലാപം ഉണ്ടാക്കാനും ഉള്ള ആർഎസ്എസിന്റെ ദുഷ്ടലാക്കിനെതിരെ എല്ലാ വിഭാഗം ജനങ്ങളും പ്രതികരിക്കണം എന്നഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആനാവൂർ നാഗപ്പന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ.
വിദ്യാലയങ്ങളിൽ ഹിജ്ജാബ് ധരിക്കാൻ അനുവദിക്കില്ലെന്ന ആർഎസ്എസ് തിട്ടൂരം സമൂഹത്തിൽ വർഗ്ഗീയ വിഭജനം ഉണ്ടാക്കി കലാപം ഉണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇതിനെതിരെ ജനാധിപത്യ സമൂഹം ശക്തമായ പ്രതിരോധം ഉയർത്തണം. അതേസമയം ഭൂരിപക്ഷ വർഗീയതയെ എതിർക്കാൻ എന്ന പേരിൽ ന്യൂനപക്ഷ വർഗ്ഗീയത വളർത്താനുള്ള നീക്കത്തിനെതിരെയും ജാഗ്രത പുലർത്തണം. വർഗ്ഗീയതയും മതഭ്രാന്തും ഏത് മതത്തിന്റെ പേരിലായാലും നാടിന് നല്ലതല്ല എന്ന ജനാധിപത്യബോധത്തിലേക്ക് നമ്മുടെ സമൂഹത്തെയാകെ എത്തിക്കാനുള്ള പ്രചരണം സംഘടിപ്പിക്കണം.
Read Also : കൊല്ലം നഗരമധ്യത്തിലൊരു കാട്; 20 സെന്റ് ഭൂമിയിൽ തീർത്ത മിയാവാക്കി കാടുകൾ…
അവരവരുടെ മതവിശ്വാസങ്ങൾക്കനുസരിച്ച് ജീവിക്കാനും, വസ്ത്രം ധരിക്കാനും, ഭക്ഷണം കഴിക്കാനുമുള്ള എല്ലാമുള്ള അവകാശം ഇന്ത്യൻ ഭരണഘടന രാജ്യത്തെ പൗരന്മാർക്ക് നൽകുന്നുണ്ട്. ഭരണഘടനയുടെ ഈ അടിസ്ഥാന തത്വത്തെ വെല്ലുവിളിക്കുകയാണ് ആർഎസ്എസ്. ഹിജാബ് ധരിക്കണോ മറ്റേതെങ്കിലും വസ്ത്രം ധരിക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം അതാത് വ്യക്തികളുടേതാണ്. അതിൽ സമൂഹത്തിനോ ഭരണകൂടത്തിനോ ഒരു പങ്കും ഇല്ല.
ഇതിനിടെ കേരളത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിൽ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തത് ഉയർത്തി ഇവിടെയും ചിലർ വിഭജനയുക്തി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപെട്ടു. തികഞ്ഞ അസംബന്ധമാണ് ആ പ്രചരണം. രണ്ടും രണ്ട് വിഷയങ്ങളാണ്. കർണ്ണാടകയിൽ സ്‌കൂളിൽ ഹിജാബ് ധരിക്കരുത് എന്ന ഉത്തരവിട്ടത് ആർഎസ്എസാണ്, കേരളത്തിലാകട്ടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന യൂണിഫോം ചട്ടങ്ങൾ ഉള്ള സേനയിലെ ഒരു കുട്ടിയുടെ ആവശ്യമാണ് ഹിജാബ് ധരിക്കാൻ അനുവദിക്കണം എന്നത്.
കേരളത്തിൽ ഒരു ക്യാമ്പസ്സിലും സ്‌കൂളിലും ഹിജാബ് ധരിച്ച വിദ്യാർഥിനികൾക്ക് വിലക്കില്ല. പക്ഷെ അവർ ഒരു യൂണിഫോംഡ് സേനയുടെ ഭാഗമായാൽ അതിന്റെ ചട്ടങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. അതാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. ഇക്കാര്യം സൗകര്യപൂർവം മറച്ച് പിടിച്ചാണ് തല്പരകക്ഷികൾ ഈ പ്രചാരണം നടത്തുന്നത്. ഇതെല്ലാം പ്രബുദ്ധകേരളം തള്ളിക്കളയുമെന്ന കാര്യത്തിൽ സംശയമില്ല. നാടിന്റെ സമാധാനം നശിപ്പിക്കാനും കലാപം ഉണ്ടാക്കാനും ഉള്ള ആർഎസ്എസിന്റെ ദുഷ്ടലാക്കിനെതിരെ എല്ലാ വിഭാഗം ജനങ്ങളും പ്രതികരിക്കണം എന്നഭ്യർത്ഥിക്കുന്നു.
Story Highlights: hijab-ban-in-karnataka-anavur-nagappan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here