Advertisement

കെഎസ്ആര്‍ടിസിയില്‍ പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി സമ്പ്രദായം നിലവില്‍ വന്നു

February 11, 2022
Google News 1 minute Read

കെഎസ്ആര്‍ടിസിയില്‍ പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി സമ്പ്രദായം നിലവില്‍ വന്നു. ഇതിനായി ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചുതുടങ്ങിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള കണ്ടക്ടര്‍, മെക്കാനിക്ക് ജീവനക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനാകും. ഒരു വര്‍ഷം മുതല്‍ പരമാവധി അഞ്ച് വര്‍ഷം വരെയാണ് അവധി ലഭിക്കുക. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസമായി ശമ്പള വിതരണത്തിന് 40 കോടി രൂപ അനുവദിച്ചതായി സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപനം നടത്തിയിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തിനായി 40 കോടി രൂപയും 2021 ജൂണ്‍ മാസത്തെ പെന്‍ഷന്‍ നല്‍കിയ വകയില്‍ സഹകരണ ബാങ്കുകളുടെ കൂട്ടായ്മയ്ക്ക് 70.78 കോടി രൂപയും ധനവകുപ്പ് അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിക്കുകയായിരുന്നു.

2021 മാര്‍ച്ച് മാസം മുതല്‍ 2022 ജനുവരി വരെയുള്ള ശമ്പളത്തിനായി ഇതിനകം 823.18 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. കൊവിഡ് മൂലം ബസുകള്‍ പൂര്‍ണമായും നിരത്തിലിറക്കാന്‍ കഴിയാതിരുന്ന കാലത്തേക്കുള്ള സഹായം എന്ന നിലയിലാണ് തുക അനുവദിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സഹകരണ ബാങ്കുകളുടെ കൂട്ടായ്മയ്ക്കും സര്‍ക്കാരാണ് തിരിച്ചടവ് നടത്തി വരുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 752.16 രൂപയാണ് തിരിച്ചടവായി നല്‍കിയിട്ടുള്ളത്.

പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും കെഎസ്ആര്‍ടിസി എടുത്ത ലോണ്‍ തിരിച്ചടയ്ക്കാന്‍ 220 കോടി രൂപയും നല്‍കി. കൂടാതെ ഡീസല്‍ വാങ്ങാന്‍ 20.9 കോടി രൂപ, ടോള്‍ നല്‍കാന്‍ 3.06 കോടി രൂപ,എസ്ബിഐ മാര്‍ക്കറ്റ്‌സ് ലിമിറ്റഡിനു നല്‍കിയ 1.65 കോടിരൂപ എന്നിവയും സര്‍ക്കാര്‍ അനുവദിച്ചു. ആയിരം കോടി രൂപയാണ് ഈ വര്‍ഷത്തെ ബജറ്റില്‍ കെഎസ്ആര്‍ടിസിക്കായി മാറ്റി വെച്ചിരുന്നത്. എന്നാല്‍ ഇതുവരെത്തന്നെ 1821.65 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കി കഴിഞ്ഞതായും ധനമന്ത്രി അറിയിച്ചിരുന്നു.

Story Highlights: ksrtc long leave system

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here