‘ബിജെപിയില്‍ സുവേന്ദു അധികാരിക്ക് വീര്‍പ്പുമുട്ടുന്നു’; മടങ്ങിവരവിനായി ശ്രമിക്കുകയാണെന്ന് തൃണമൂല്‍

പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് വരാനായി ശ്രമിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ്. ബിജെപിയില്‍ സുവേന്ദു അധികാരിക്ക് വീര്‍പ്പുമുട്ടുന്നതിന്റെ സൂചനകള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. കോണ്ടായി മുന്‍സിപ്പാലിറ്റിയിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ തന്റെ സഹോദരന്‍ സൗമേന്ദു അധികാരി ഉള്‍പ്പെടാത്തതില്‍ സുവേന്ദു അധികാരിക്ക് കടുത്ത അമര്‍ഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്ടായി മുന്‍സിപ്പാലിറ്റിയിലെ മുന്‍ ചെയര്‍മാനാണ് സൗമേന്ദു അധികാരി. സഹോദരന് സീറ്റ് നല്‍കാത്തതിനാല്‍ സുവേന്ദു ബിജെപിയോട് ഇടഞ്ഞുനില്‍ക്കുകയാണെന്ന് വാര്‍ത്തകള്‍ പുറത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം.
അധികാരി കുടുംബത്തിന്റെ സകല അധികാരങ്ങളും നഷ്ടപ്പെടുന്നതില്‍ സുവേന്ദു ഉള്‍പ്പെടെയുള്ളവര്‍ അസ്വസ്ഥരാണെന്നും കുനാല്‍ ഘോഷ് പറഞ്ഞു. സുവേന്ദു തിരികെ വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തോടും കുനാല്‍ ഘോഷ് പ്രതികരിച്ചു. അതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ ചില ചര്‍ച്ചകള്‍ നടന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രബലനും മമത ബാനര്‍ജി സര്‍ക്കാരിലെ മന്ത്രിയുമായിരുന്ന സുവേന്ദു അധികാരി 2021ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2020 ഡിസംബര്‍ മാസത്തിലാണ് പാര്‍ട്ടി വിട്ട് മറികണ്ടം ചാടുന്നത്. സുവേന്ദുവിന് പിന്നാലെ സഹോദരന്‍ സൗമേന്ദു അധികാരിയും തൃണമൂല്‍ വിട്ട് ബിജെപിയിലെത്തുകയായിരുന്നു. കാന്തി മേഖലയുടെ ബിജെപി ജനറല്‍ സെക്രട്ടറിയാണ് സൗമേന്ദു. സൗമേന്ദുവിന് സീറ്റ് നല്‍കാത്തതോടെ നാല് പതിറ്റാണ്ടായി മുന്‍സിപ്പാലിറ്റി ഭരിച്ചിരുന്ന അധികാരി കുടുംബത്തിന് ഭരണം കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
Story Highlights: suvendu ahikari trying to come back says trinamool