Advertisement

ബാബൂ.. നിൻറെ ഫോൺ ഇവിടെയുണ്ട്!

February 12, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

.

.

സുർജിത്ത് അയ്യപ്പത്ത്/റിപ്പോർട്ടേഴ്സ് ഡയറി

ചെറാട് മലയിൽ കുടുങ്ങിയ ബാബുവിന് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയ ആയുധം മൊബൈൽ ഫോണാണ്. അവൻ മലയിലെ ഗുഹയിൽ പെട്ടുപോയെന്നുറപ്പായപ്പോൾ ഫോണിൽ നിന്ന് കൂട്ടുകാർക്ക് സന്ദേശമയച്ചു. ഒപ്പം ചിത്രങ്ങളും. അതിൽ അവൻറെ സെൽഫിയും കാലിലെ മുറിവും എല്ലാമുണ്ടായിരുന്നു. ഗുഹയിൽ കുടുങ്ങിയ രാത്രി ഇടം എവിടെയെന്ന് കണ്ടെത്താനാകാതെ താഴ്വാരത്ത് നിന്നവരിലേക്ക് മൊബൈൽ ഫോണിൻറെ ഫ്ളാഷ് തെളിഞ്ഞു. ആ ദൃശ്യം കൂടി പുറത്തുവന്നതോടെയാണ് സംഭവത്തിൻറെ ഗൗരവം വ്യക്തമായത്.

അടുത്ത ദിവസം രാത്രിയിൽ പത്ത് മണിയോടെ ലഫ്റ്റൻറ് കേണൽ ഹേമന്ദ് രാജും സംഘവും കുനൂർ വെല്ലിംഗ്ടൺ മദ്രാസ് റെജിമെൻറ് സെൻററിൽ നിന്ന് വാളയാറും കടന്ന് മലമ്പുഴയിലേക്കെത്തി. പിന്നീടെല്ലാം പൊടുന്നനെ സംഭവിച്ചു. ഹേമന്ദ് രാജിൻറെ സംഘത്തിൽ ഏഴ് പേരുണ്ടായിരുന്നു. ക്യാപ്ടൻ അനിരുദ്ധ് യാദവ്, ദീപക്, ഹരീഷ് ആനന്ദ്, എൻകെ ബാലകൃഷ്ണ, ആൻറണി ജയശീലൻ, ഭാസ്കരൻ എന്നിവരായിരുന്നു ആ സൈനികർ. ഇതിൽ എല്ലാവരും പർവതാരോണത്തിൽ പരിശീലനം നേടിയവരാണ്. കരിമ്പ സ്വദേശികളായ ഷെമീറും സുരേഷും ബാബുവിൻറെ കൂട്ടുകാരനായ ആദിത്യനും സൈന്യത്തിനൊപ്പം യാത്ര തിരിച്ചു. റോപ്പും ഡ്രില്ലറും മറ്റ് രക്ഷാപ്രവർത്തന ഉപകരണങ്ങളെല്ലാം വഹിച്ചുകൊണ്ടായിരുന്നു സംഘത്തിൻറെ യാത്ര. പുലരുമ്പോൾ മലയ്ക്ക് മുകളിൽ നിന്ന് ഒരു ദൃശ്യം 24 വാർത്താസംഘത്തിലേക്കെത്തി. ലഫ്റ്റനൻറ് കേണൽ ഹേമന്ദ് രാജിൻറെ ശബ്ദം. “ബാബൂ, ഞങ്ങളെത്തി. പേടിക്കേണ്ട”. അതിന് നേർത്ത ശബ്ദത്തോടെയുള്ള മറുപടി. ആ ദൃശ്യത്തിന് പ്രതീക്ഷയുടെ ശബ്ദമെന്ന് പേരുനൽകാം. ബാബുവിൻറെ ഉമ്മയുടെ അടുത്തേക്കെത്തി ഞാൻ ഇക്കാര്യം അറിയിച്ചു. അർദ്ധരാത്രിയിലും കണ്ണുകൾ തുറന്ന് മകനെ കാത്തിരിക്കുന്ന അവരുടെയും ബന്ധുക്കളുടെയും മുഖത്തുണ്ടായ സ്വാസ്ഥ്യത്തിൻറെ വേലിയേറ്റം ആ ഇരുളിലും ഞാൻ കണ്ടു.

ഹേമന്ദ് രാജും സംഘവും മലമുകളിലേക്ക് നീങ്ങി. ബാബുവിനെ മുകളിലെത്തിക്കുക എന്നതായിരുന്നു ഉദ്ദേശം. മലയുടെ മുകളിൽ ഡ്രിൽ ചെയ്ത് ഒരു നൈലോൺകയർ താഴേക്കിട്ടു. മറ്റൊരു കയർ മരത്തിൽ കെട്ടി സമാന്തരമായി താഴേക്കിട്ടു. ഒരു കയറിന് എന്തെങ്കിലും സംഭവിച്ചാൽ മറ്റൊരു കയർ സുരക്ഷയൊരുക്കും. രണ്ട് പേരാണ് ഈ ദൗത്യത്തിനായി താഴേക്കിറങ്ങിയത്. നായിക് ബാലകൃഷ്ണ കയറിൽ ഊർന്നിറങ്ങി. തൊട്ടുപിന്നാലെ സുബേദാർ ദീപക്കും. മുകളിൽ നിർദേശങ്ങൾ നൽകിയിരുന്ന ഹേമന്ദ് രാജിനും താഴേക്ക് ഊർന്നിറങ്ങിയിരുന്ന ബാലകൃഷ്ണയ്ക്കുമിടയിലെ കണ്ണിയായിരുന്നു ദീപക്ക്. ബാബുവിന് വെള്ളം നൽകി ആരോഗ്യവാനെന്ന് ഉറപ്പിച്ച ശേഷമാണ് മുകളിലേക്ക് കയറ്റിക്കൊണ്ടുവരുന്നത്. ബാബു വന്ന ഉടൻ ഹേമന്ദ് രാജ് അവനിൽ ആത്മവിശ്വാസം നിറച്ചു. സൈനികർ അവൻറെ അതിജീവനത്തിന് മുന്നിൽ കയ്യടിച്ചു. അവൻ ഇന്ത്യൻ ആർമിക്ക് നന്ദി പറഞ്ഞു. ആ ദൃശ്യങ്ങളും ലോകം കണ്ടു. വ്യോമസേന ഹെലികോപ്ടറിൽ ബാബുവിനൊപ്പം ഹേമന്ദ് രാജും കയറിയിരുന്നു. താഴെയിറങ്ങുമ്പോഴും അവൻ അദ്ദേഹത്തിൻറെ കയ്യിൽ ചേർത്തുപിടിച്ചിരുന്നു.

തൻറെ ഫോൺ ഓഫാകും മുമ്പ് ബാബു ചിലതെല്ലാം പകർത്തി വച്ചിരുന്നു. രക്ഷാപ്രവർത്തനം കഴിഞ്ഞിട്ടും ബാബു ആശുപത്രി വിട്ടിട്ടും ഫോൺ കണ്ടെത്താനായില്ല. രക്ഷാപ്രവർത്തനത്തിനിടെ ഫോൺ ആർക്ക് നൽകിയെന്ന ഓർമ്മയും ബാബുവിനില്ലായിരുന്നു. ഏതെങ്കിലും സുഹൃത്തുക്കൾക്ക് സൈനികർ ഫോൺ കൈമാറിയിരിക്കാം എന്നാണ് കരുതിയത്. എന്നാൽ ഇത്ര ദിവസമായിട്ടും ഫോൺ ലഭിച്ചില്ല. ഇഎംഐ ഇട്ട് വാങ്ങിയ ഫോണാണ്. അത് എവിടെയെന്ന അന്വേഷണത്തിനൊടുവിലാണ് രക്ഷാപ്രവർത്തനം നടത്തിയ സൈനിക സംഘത്തിൻറെ കുനൂരിൽ നിന്നുള്ള ചിത്രത്തിനൊപ്പം ഹേമന്ദ് രാജ് ഫോൺ ഇവിടെ സുരക്ഷിതമായുണ്ട് എന്നറിയിക്കുന്നത്. ബാലകൃഷ്ണയുടെ പോക്കറ്റിലായിരുന്നു ഫോൺ. ഒരാഴ്ചയ്ക്കുള്ളിൽ ഫോൺ മലമ്പുഴ ചെറാട് മലയുടെ താഴ്വാരത്തേക്കെത്തും. ബാബു അവിടെ തൻറെ പിറന്നാളാഘോഷത്തിൻറെ തിരക്കിലാണ്.

Story Highlights: babu phone reporters diary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement