ഹിജാബ് വിവാദം: മൈസൂരിൽ പ്രതിഷേധങ്ങൾക്ക് വിലക്ക്, നിരോധനാജ്ഞ

മൈസൂരിൽ ഞായറാഴ്ച വരെ റാലികൾക്കും പ്രതിഷേധങ്ങൾക്കും നിരോധനം. സിആർപിസി സെക്ഷൻ 144 പ്രകാരം നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ഫെബ്രുവരി 12 (രാവിലെ 6 മണി) മുതൽ ഫെബ്രുവരി 13 (രാത്രി 10 മണി) വരെ നിരോധന ഉത്തരവുകൾ പ്രാബല്യത്തിൽ ഉണ്ടായിരിക്കും. ഹിജാബ് വിഷയത്തിൽ അജ്ഞാതർ ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് പ്രതിഷേധങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ജില്ലയിൽ ഒരു തരത്തിലുമുള്ള പ്രതിഷേധ പ്രകടനങ്ങളും റാലികളും അനുവദിക്കില്ല. നിരോധനാജ്ഞ കർശനമായി പാലിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത നടപടി ഉണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 4 ന് കർണാടകയിലെ ഉഡുപ്പി ഗവൺമെന്റ് ഗേൾസ് പിയു കോളജിൽ ഹിജാബ് ധരിച്ചെത്തിയ മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വലിയ പ്രതിഷേധം ആരംഭിച്ചത്.
കർണാടക ഹൈക്കോടതി ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്യുന്ന വിവിധ ഹർജികൾ പരിഗണിക്കുമ്പോൾ സംസ്ഥാനത്തെ സമാധാനം നിലനിർത്താൻ വിദ്യാർത്ഥി സമൂഹത്തോടും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചിരുന്നു. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട അടിയന്തര ഹർജികൾ കേൾക്കാൻ സുപ്രീം കോടതി വെള്ളിയാഴ്ച വിസമ്മതിക്കുകയും സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു.
Story Highlights: hijab-row-no-protest-rallies-allowed-in-mysuru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here