ആൾതാമസമില്ലാത്ത ദ്വീപിന്റെ ആരുമറിയാത്ത രഹസ്യങ്ങൾ; കുഞ്ഞൻ ദ്വീപിന്റെ രഹസ്യങ്ങൾ തേടിയ ആ രണ്ട് പേർ..
മനുഷ്യന്റെ കാൽപാദങ്ങൾ അധികം പതിയാത്ത അങ്ങ് ദൂരെ കടലിനകത്ത് ഒരു കുഞ്ഞ് ദ്വീപ്. ഇവിടേക്ക് മനുഷ്യരാരും അങ്ങനെ വരാറില്ല. ആകെ വരുന്നത് കുറച്ച് ദേശാടന പക്ഷികളാണ്. എല്ലാ വർഷവും കൃത്യമായ ഇടവേളകളിൽ അവരിങ്ങെത്തും. ഏതാണ് ആ സ്ഥലമെന്നല്ലേ? വെയ്ൽസിലെ പെംബ്രുക്‌ഷറിൽനിന്ന് രണ്ടര മൈൽ മാറി കടലിലാണ് ഈ കുഞ്ഞൻ ദ്വീപുള്ളത്. പേര് സ്കോക്കോം ഐലന്റ്. ഈ കുഞ്ഞൻ ദ്വീപിന്റെ ഏറ്റവും വീതിയുള്ള ഭാഗത്തിന് അര മൈലും ഏറ്റവും നീളമുള്ള ഭാഗത്തിന് ഒരു മൈലും മാത്രമേ ഉള്ളു.
ആളുകൾ എത്തിപ്പെടാത്ത ഈ സ്ഥലം വാസയോഗ്യമല്ലാത്ത ഇടമായാണ് കണക്കാക്കുന്നത്. എന്നാൽ പ്രത്യേക അനുമതി എടുത്ത് ഇവിടെ താമസിക്കുന്ന രണ്ട് പേരുണ്ട്. റിച്ചാർഡ് ബ്രൗണും ജിസെല്ലെ ഈഗിളും എന്ന പക്ഷി നിരീക്ഷകർ. 2013 മുതലാണ് ഇവർ ഇവിടെ താമസം ആരംഭിച്ചത്. പക്ഷി നിരീക്ഷണത്തിനും പഠനത്തിനുമായി ഇവിടെ എത്തിയ ഇവർ പിന്നെ അറിയപ്പെട്ടത് പക്ഷി നിരീക്ഷണത്തിന്റെ പേരിലല്ല. സ്കോക്കോം ഐലന്റിന്റെ ചരിത്ര പ്രധാനമായ കണ്ടുപിടുത്തങ്ങൾക്കാണ്. അതും മുയലുകൾ വഴി.
മെഡീവൽ കാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ വളരെ പ്രശസ്തമായ മുയൽ വളർത്തൽ കേന്ദ്രമായിരുന്നു സ്കോക്കോം. മാംസത്തിനും രോമത്തിനും വേണ്ടി വളർത്തിയ മുയലുകളുടെ പുതുതലമുറയാണ് പണ്ട് ഇവിടെ ജനവാസമുണ്ടായിരുന്നുവെന്ന കണ്ടെത്തലുകൾക്ക് കാരണമായത്. മുയലുകൾക്ക് പിറകെ സഞ്ചരിച്ച റിച്ചാർഡും ജിസെല്ലയും മുയലുകൾ കുഴിച്ച മാളങ്ങൾ പരിശോധിക്കാൻ ഇടയായി. അതിനകത്ത് നിന്ന് അവർ കണ്ടെത്തിയത് 6000-9000 വർഷം പഴക്കമുള്ള കല്ല് കൊണ്ടുള്ള ഒരു ആയുധമായിരുന്നു. പുരാവസ്തു ഗവേഷകരുടെ സഹായത്തോടെയാണ് ഇങ്ങനെയൊരു കണ്ടെത്തൽ. വഞ്ചി നിർമ്മാണത്തിനോ മറ്റോ ഉപയോഗിക്കുന്ന ഈ ആയുധം ഇവിടെ മനുഷ്യവാസമുണ്ടായിരുന്നെന്ന നിഗമനത്തിനു ആക്കം കൂട്ടി. പിന്നീട് അവർക്ക് കിട്ടിയത് ഒരു മൺപാത്രമായിരുന്നു. പരിശോധനയിൽ ആ പത്രം വെങ്കല യുഗത്തിൽ ഉള്ളതാണെന്നും കണ്ടെത്തി.
സ്‌കോക്കോമിന്റെ പരിസരത്ത് നിന്ന് ഇതാദ്യമായാണ് പുരാവസ്തു സംബന്ധമായ തെളിവുകൾ ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും തെളിവുകൾക്കുമായി ദീപ് പരിശോധനയ്ക്ക് ഒരുങ്ങുകയാണ് അധികൃതർ.
Story Highlights : Paris 2024 opening ceremony Olympic article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here