‘അധികാരത്തിലേറിയ ഉടന്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ കൊണ്ടുവരും’; ഉത്തരാഖണ്ഡില്‍ ബിജെപി
ഉത്തരാഖണ്ഡില്‍ ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ ഉടന്‍ തന്നെ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ബിജെപി സര്‍ക്കാര്‍ രൂപം കൊണ്ടുടന്‍ തന്നെ ഏകീകൃത സിവില്‍ കോഡ് ഡ്രാഫ്റ്റ് ചെയ്യാനായി കമ്മിറ്റി രൂപീകരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വിവാഹങ്ങളും വിവാഹ മോചനങ്ങളും പിന്തുടര്‍ച്ചാവകാശങ്ങളും മറ്റുമായി ബന്ധപ്പെട്ട ഏകീകൃത നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ഈ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ധാമിയുടെ പരാമര്‍ശങ്ങള്‍.
സ്ത്രീകളുടെ പുരോഗതിക്കും ശാക്തീകരണത്തിനും പരമപ്രാധാന്യം നല്‍കുമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചാണ് ബിജെപി പ്രചരണം നടത്തുന്നത്. ലിംഗസമത്വം ഉറപ്പാക്കാനും സാമുദായിക ഐക്യം ഉറപ്പിക്കാന്‍ ഏകീകൃത സിവില്‍ കോഡ് അത്യാവശ്യമാണെന്ന നിലപാട് മുന്നോട്ടുവെച്ചാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം.
ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും. സംസ്ഥാനത്തെ 13 ജില്ലകളിലെ 70 മണ്ഡലങ്ങളിലായി 755 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും പുറമെ ആം ആദ്മി പാര്‍ട്ടിയും മത്സരരംഗത്ത് ഉള്ളതോടെ ശക്തമായ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം ലക്ഷ്യമിടുകയാണ് ബിജെപി. ഭരണവിരുദ്ധവികാരം മുതലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ അഴിമതി മുക്തമാകുമെന്ന പ്രഖ്യാപനമാണ് ആം ആദ്മി പാര്‍ട്ടിയുടേത്. പരസ്യ പ്രചാരണമവസാനിക്കുന്ന ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെത്തും. പ്രിയങ്കാ ഗാന്ധിയും ഇന്ന് ഉത്തരാഖണ്ഡില്‍ റാലി നടത്തും.
Story Highlights: will implement uniform civil code says bjp uttarakhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here