രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പില്‍ ബിജെപിക്ക് പങ്ക്; ആരോപണവുമായി കോണ്‍ഗ്രസ്

എബിജി ഷിപ്പ്‌യാഡിനെതിരായി സിബിഐ കണ്ടെത്തിയ ബാങ്ക് തട്ടിപ്പില്‍ ബിജെപിക്കും പങ്കുണ്ടെന്ന ഗുരുതരമായ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. 75 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിനെതിരെ മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും തട്ടിപ്പില്‍ സര്‍ക്കാരിനും പങ്കുണ്ടെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ്‌സിങ് സുര്‍ജേവാലയാണ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ബിജെപി സര്‍ക്കാരിനെതിരെ ആരോപണം തൊടുത്തുവിട്ടത്.
28 ബാങ്കുകളില്‍ നിന്നായി 22,842 കോടി രൂപയുടെ തട്ടിപ്പാണ് എബിജി ബാങ്കുമായി ബന്ധപ്പെട്ട് നടന്നതെന്നാണ് കണ്ടെത്തല്‍. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പെന്നാണ് ഇതിനെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. എന്നിട്ടും തട്ടിപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം.
പരമാവധി കൊള്ളയടിച്ചിട്ട് രാജ്യം വിടാനായി തട്ടിപ്പുകാര്‍ക്ക് മോദി സര്‍ക്കാര്‍ അവസരം ഒരുക്കിക്കൊടുക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 5,35,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകളാണ് രാജ്യത്ത് നടന്നതെന്നും തട്ടിപ്പുകള്‍ രാജ്യത്തിന്റെ ബാങ്കിംഗ് സംവിധാനത്തെ ആകെ തകര്‍ത്തെന്നും രണ്‍ദീപ്‌സിങ് സുര്‍ജേവാല ആരോപിച്ചു.
22,842 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പേരില്‍ എബിജിയ്ക്കും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ റിഷി കമലേഷ് അഗര്‍വാളിനുമെതിരെ ഇന്നലെയാണ് സിബിഐ കേസെടുക്കുന്നത്. ജനങ്ങളറിയാതെ രാജ്യത്ത് ഇത്തരം അനേകം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും നീരവ് മോഡിയെന്ന ഛോട്ടാ മോദിയെ എല്ലാവര്‍ക്കും നന്നായി ഓര്‍മയുണ്ടെന്നുമാണ് സിബിഐയുടെ നീക്കത്തിനുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ ആരോപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അറിവോ സമ്മതമോ കൂടാതെയല്ല ഈ വലിയ തട്ടിപ്പുകള്‍ നടക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ട് കേസെടുക്കാന്‍ സിബിഐ മനപൂര്‍വം താമസിച്ചെന്ന ആരോപണവും കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു. നാല് വര്‍ഷക്കാലം തട്ടിപ്പുകാര്‍ക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here