‘അവന് ഞാനെന്റെ ജീവന്‍ പോലും നല്‍കും’; സഹോദരങ്ങള്‍ അകല്‍ച്ചയിലെന്ന ബിജെപി ആരോപണത്തിനെതിരെ പ്രിയങ്ക

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള തര്‍ക്കം കോണ്‍ഗ്രസിനെ തകര്‍ക്കുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ തള്ളി പ്രിയങ്കാ ഗാന്ധി. താനും സഹോദരനും തമ്മില്‍ എവിടെയാണ് തര്‍ക്കമെന്ന് ചോദിച്ച പ്രിയങ്ക രാഹുലിന് വേണ്ടി താന്‍ സ്വന്തം ജീവന്‍ വരെ നല്‍കാന്‍ തയ്യാറാണെന്നും പ്രസ്താവിച്ചു. സംഘര്‍ഷം നടക്കുന്നത് താനും സഹോദരനും തമ്മിലല്ല മറിച്ച് യോഗിയുടെ മനസിനുള്ളിലാണെന്നും പ്രിയങ്ക പറഞ്ഞു. ബിജെപിക്കുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും യോഗിയും തമ്മില്‍ നടക്കുന്ന സംഘര്‍ഷമാകാം യോഗി ഉദ്ദേശിച്ചതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് ചിരിച്ചുകൊണ്ടാണ് പ്രിയങ്ക മറുപടി പറഞ്ഞത്.
തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലേക്ക് പുറപ്പെടുന്നതിന് മുന്‍പായിട്ടായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയാല്‍ മുഖ്യമന്ത്രിയാകുമെന്ന പ്രചരണവുമായി ബന്ധപ്പെട്ടും പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. പ്രചരണ സമയത്ത് ഉത്തര്‍പ്രദേശില്‍ താന്‍ സജീവമായിട്ടുണ്ടാകുമെന്നാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയ പ്രിയങ്ക ഉത്തര്‍പ്രദേശില്‍ എല്ലായിടത്തും ഇപ്പോള്‍ തന്റെ മുഖം കാണുന്നില്ലേയെന്നും ചോദിച്ചു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കുന്ന വേളയില്‍ താന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ മുഖമെന്ന പ്രിയങ്കയുടെ പ്രസ്താവനയാണ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നത്.
കോണ്‍ഗ്രസോ, എസ്പിയോ, ബിഎസ്പിയോ പാവങ്ങളോടും കര്‍ഷകരോടും ഒരു അനുഭാവവും കാണിച്ചിരുന്നില്ലെന്നും ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കക്കൂസുകള്‍ നിര്‍മ്മിച്ചില്ല, പാവപ്പെട്ടവര്‍ക്ക് വീടുകള്‍, ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ എന്നിവ മുന്‍സര്‍ക്കാരുകള്‍ നല്‍കിയിരുന്നില്ലെന്നും യോഗി കുറ്റപ്പെടുത്തിയിരുന്നു. രാമക്ഷേത്രത്തില്‍ രണ്ട് 100 ക്വിന്റല്‍ മണി സ്ഥാപിക്കും. ക്ഷേത്രങ്ങളില്‍ ജലേസര്‍ മണി മുഴക്കുമ്പോള്‍ അശുഭകരമായതെല്ലാം ഇല്ലാതാകുമെന്നാണ് വിശ്വാസമെന്നും യോഗി. സ്വാതന്ത്ര്യസമരത്തില്‍ വലിയ പങ്ക് വഹിച്ച ജില്ലയ്ക്ക്, 70 വര്‍ഷത്തിലേറെയായി ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും മെഡിക്കല്‍ കോളജുകളും ലഭിക്കാത്തത് വിരോധാഭാസമാണെന്നും യോഗി പറഞ്ഞിരുന്നു.
Story Highlights: priyanka gandhi against yogi adityanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here