പരുക്കും സസ്പൻഷനും വലച്ച് ബ്ലാസ്റ്റേഴ്സ്; ഇന്ന് ജയിച്ചേ പറ്റൂ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമാണ്. എന്നാൽ, പരുക്കും സസ്പൻഷനും കാരണം പല താരങ്ങളും ഇന്ന് കളിക്കില്ല. പ്രതിരോധ നിര ആകെ പൊളിച്ചെഴുതേണ്ട സ്ഥിതിയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം എളുപ്പമാവില്ലെന്ന് ഉറപ്പ്. (kerala blasters east bengal)
പോയിൻ്റ് പട്ടികയിൽ 10ആം സ്ഥാനത്ത് ആണെങ്കിലും ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമുള്ള എതിരാളികളല്ല. ഇതുവരെ ബംഗാൾ വമ്പന്മാരെ കീഴടക്കാൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞിട്ടില്ല. ഇതിനൊപ്പമാണ് ടീം കോമ്പിൻഷനിലെ പ്രതിസന്ധി. പ്രതിരോധത്തിൽ റുയിവ ഹോർമിപാം, മാർക്കോ ലെസ്കോവിച്, ഹർമൻജോത് ഖബ്ര എന്നിവർ ഇന്ന് ബ്ലാസ്റ്റേഴ്സിൽ കളിക്കില്ല. ഹോർമിപാം പരുക്കേറ്റ് പുറത്തായപ്പോൾ മറ്റ് രണ്ട് പേരും സസ്പൻഷനിലാണ്. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ നിഷു കുമാർ ഇന്ന് കളിക്കുമോ എന്നതിൽ വ്യക്തതയില്ല. അതുകൊണ്ട് ഇന്ന് പ്രതിരോധം ആകെ പൊളിച്ചെഴുതേണ്ടിവരും. എനെസ് സിപോവിച്ച്, വി ബിജോയ്, സന്ദീപ് സിംഗ്, സഞ്ജീവ് സ്റ്റാലിൻ എന്നിവരാവും ഇന്ന് പ്രതിരോധത്തിൽ. അതേസമയം, സസ്പെൻഷനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ജോർജ് പെരേര ഡിയാസ് ഇന്ന് കളിക്കളത്തിൽ തിരികെയെത്തുമെന്നത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമാകും.
Read Also : ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി ജംഷഡ്പൂര്‍
അവസാനം കളിച്ച മത്സരങ്ങളിൽ ഇരു ടീമുകളും പരാജയം നേരിട്ടിരുന്നു. ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനോടും ഈസ്റ്റ് ബംഗാൾ ഒഡീഷയോടുമാണ് കീഴടങ്ങിയത്. 16 മത്സരങ്ങളിൽ ഒരെണ്ണം മാത്രം വിജയിച്ച ഈസ്റ്റ് ബംഗാൾ വെറും 10 പോയിൻ്റുമായി 10 ആം സ്ഥാനത്താണ്. അതേസമയം, 14 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് 23 പോയിൻ്റുമായി ആറാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തും. ഒപ്പം, ഐഎസ്എൽ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും ഉയർന്ന പോയിൻ്റിലേക്കും ബ്ലാസ്റ്റേഴ്സ് എത്തും. ഹൈദരാബാദ് എഫ്സിയാണ് പട്ടികയിൽ ഒന്നാമത്. 16 മത്സരങ്ങളിൽ നിന്ന് 29 പോയിൻ്റാണ് ഹൈദരാബാദിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള എടികെ ആവട്ടെ 14 മത്സരങ്ങളിൽ നിന്ന് 26 പോയിൻ്റുണ്ട്.
Story Highlights: kerala blasters east bengal isl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here