Advertisement

സ്വർണ്ണക്കടത്ത് കേസ്; സ്വപ്ന സുരേഷിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

February 15, 2022
Google News 2 minutes Read
swapna suresh ed qustioning

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാവശ്യപ്പെട്ട്  സ്വപ്നയ്ക്ക് ഇഡി നോട്ടീസ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി നിർബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നിൽ എം ശിവശങ്കർ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ അന്വേഷണം നടത്തുന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ സ്വപ്നയുടെ മൊഴിയെടുത്ത് കോടതിയിൽ നൽകാനാണ് ഇഡി നീക്കം. (swapna suresh ed qustioning)

സ്വപ്ന സുരേഷിനു സ്‌പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായി നിയമിച്ച് നൽകിയ ശമ്പളം തിരികെ പിടിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. സ്വപ്‌നയ്ക്ക് നൽകിയ ശമ്പളം മടക്കി നൽണമെന്നാവശ്യപ്പെട്ട് സർക്കാർ പ്രൈസ് വാട്ടർ കൂപ്പേഴ്‌സിനു (പിഡബ്ല്യുസി) കത്തെഴുതി. പിഡബ്ലുസിയാണ് നിയമനത്തിനായി സ്വപ്നയെ തെരഞ്ഞെടുത്തതെന്ന് കെഎസ്‌ഐടിഐഎൽ (കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) അധികൃതർ അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. തുക തിരിച്ചു നൽകിയില്ലെങ്കിൽ കൺസൾട്ടൻസി ഫീസായി പിഡബ്ല്യുസിക്കു നൽകാനുള്ള ഒരു കോടിരൂപ നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.

Read Also : സ്വപ്‌നയ്ക്ക് നല്‍കിയ ശമ്പളം തിരികെ വേണമെന്ന് പിഡബ്ല്യൂസിക്ക് സര്‍ക്കാരിന്റെ കത്ത്

നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ടുണ്ടായിരുന്നു. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് സർക്കാർ പിഡബ്ല്യുസിക്ക് ഇങ്ങനെയൊരു കത്തെഴിതിയിരിക്കുന്നത്.

സ്‌പേസ് പാർക്കിൽ സ്വപ്നയുടെ ശമ്പളമായി 19,06,730 രൂപയാണ് പിഡബ്ല്യുസിക്ക് അനുവദിച്ചത്. ഇതിൽ ജിഎസ്ടി ഒഴിവാക്കിയ തുകയായ 16,15,873 രൂപ പിഡബ്ല്യുസിയിൽനിന്ന് ഈടാക്കാൻ കെഎസ്‌ഐടിഐഎൽ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. പിഡബ്ല്യുസിയിൽനിന്ന് തുക ഈടാക്കാൻ കഴിയാതെ വന്നാൽ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്‌ഐടിഐഎൽ ചെയർമാനുമായിരുന്ന ശിവശങ്കർ ഐഎഎസ്, അന്നത്തെ എംഡി സി.ജയശങ്കർ പ്രസാദ്, സ്‌പെഷൽ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാർശ ചെയ്തു.

വ്യാജ പീഡന പരാതിക്കേസിൽ സ്വപ്‌ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജ പരാതി നൽകിയ കേസിൽ രണ്ടാം പ്രതിയാണ് സ്വപ്‌ന സുരേഷ്. ആകെ പത്ത് പ്രതികളുള്ള കേസിൽ ആഭ്യന്തര അന്വേഷണ സമിതി അംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

Story Highlights: swapna suresh ed qustioning today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here