ഭാവിയിലേക്കായി നിരവധി മാറ്റങ്ങള്‍; തിരിച്ചടിയിലും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് സക്കര്‍ബര്‍ഗ്

വിപണിയില്‍ കനത്ത തിരിച്ചടികളും നിക്ഷേപ പ്രതിസന്ധിയും നേരിടുന്ന പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയില്‍ സമൂല മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മാര്‍ക്ക് സകര്‍ബര്‍ഗ്. മെറ്റയുടെ അടിസ്ഥാന മൂല്യങ്ങളില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് സൂചന. തൊട്ടടുത്ത ദിവസങ്ങളില്‍ നേട്ടമുണ്ടാക്കാനുള്ള മാറ്റങ്ങളല്ല പകരം ദീര്‍ഘകാലത്തേക്ക് വേണ്ടിയുള്ള ചിന്തകളാണ് മാറ്റത്തിനായി നടന്നുവരുന്നതെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. തൊട്ടടുത്ത വര്‍ഷങ്ങളില്‍ ചിലപ്പോള്‍ അനുകൂലമായ ഫലങ്ങള്‍ ഉണ്ടായില്ലെങ്കിലും ഭാവിയിലേക്കായി മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും വെല്ലുവിളികള്‍ ഏറ്റെടുക്കുമെന്നും സകര്‍ബര്‍ഗ് വ്യക്തമാക്കി.
മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ നിന്ന് 200 ബില്യണ്‍ ഡോളറിലധികം നഷ്ടപ്പെടുന്ന കടുത്ത പ്രതിസന്ധിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മെറ്റ നേരിട്ടത്. മാര്‍ക് സക്കര്‍ബര്‍ഗിന്റെ ആസ്തിയില്‍ നിന്ന് 29 ബില്യണ്‍ ഡോളറിലധികം നഷ്ടമായിരുന്നു.
18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഫെയ്സ്ബുക്കിന്റെ പ്രതിദിന സജീവ ഉപഭോക്താക്കളില്‍ കുറവു രേഖപ്പെടുത്തിയത്. നിക്ഷേപകര്‍ കൂട്ടമായി പിന്‍വലിഞ്ഞതോടെ മെറ്റയുടെ ഓഹരിയില്‍ 26.4% നഷ്ടം രേഖപ്പെടുത്തി. ഇതോടെ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വ്യക്തിഗത ആസ്തിയില്‍ 31 ബില്യണ്‍ ഡോളറിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഡാറ്റ ഉപഭോഗത്തില്‍ ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ എതിരാളികളില്‍ നിന്നും വന്‍ ഭീഷണിയാണ് ഫെയ്സ്ബുക്ക് നേരിടുന്നത്. വരുമാനത്തിലും കുറവു രേഖപ്പെടുത്തി. പരസ്യദാതാക്കള്‍ ചെലവഴിക്കല്‍ വെട്ടിക്കുറച്ചാണ് വരുമാനത്തില്‍ പ്രതിഫലിച്ചത്. ഉപഭോക്താക്കള്‍, പ്രത്യേകിച്ചും യുവാക്കള്‍ മറ്റ് മാധ്യമങ്ങളിലേക്ക് ചേക്കേറിയതാണ് വളര്‍ച്ചയെ ബാധിച്ചതെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.
Story Highlights: mark zuckerberg amid crisis facebook meta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here