Advertisement

യുക്രൈന്‍ അതിര്‍ത്തിയില്‍ സൈനിക പിന്മാറ്റത്തിന്റെ ലക്ഷണമില്ല; അംഗബലം വര്‍ധിച്ചതായി സംശയമെന്ന് നാറ്റോ

February 16, 2022
Google News 1 minute Read

യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് റഷ്യ സൈന്യത്തെ പിന്‍വലിക്കുന്നതായി അവകാശപ്പെട്ടതിന് പിന്നാലെ ഈ വാദത്തെ തള്ളി നാറ്റോ. അതിര്‍ത്തിയില്‍ സൈനിക പിന്മാറ്റത്തിന്റെ ലക്ഷണങ്ങളില്ലെന്നും സൈന്യത്തിന്റെ അംഗബലം വര്‍ധിച്ചതായി സംശയിക്കുന്നുണ്ടെന്നും നാറ്റോ അറിയിച്ചു. അതിര്‍ത്തിയില്‍ നിന്ന് ഒരു വിഭാഗം സൈന്യത്തെ റഷ്യ പിന്‍വലിച്ചെന്ന് പറയുന്നെങ്കിലും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ അറിയിച്ചിട്ടുമുണ്ട്.

അതിര്‍ത്തിയില്‍ നിന്നും സൈന്യം പിന്‍വാങ്ങുന്നതായി തെളിയിക്കുന്ന ഒരു വിഡിയോ റഷ്യന്‍ ഭരണകൂടം പുറത്തുവിട്ടിരുന്നു. എന്നാല്‍ വിഡിയോയുടെ ആധികാരികതയേയും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സംശയിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി പടിഞ്ഞാറന്‍ ലോകം നേരിട്ടതില്‍ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയാണ് യുക്രൈനുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നതെന്ന് നാറ്റോ വിലയിരുത്തി. അതിര്‍ത്തിയില്‍ നിന്ന് സൈനിക പിന്മാറ്റത്തിന്റെ യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ലെന്നും സൈന്യം കൂടുതല്‍ ശക്തിയാര്‍ജിക്കുന്നുവെന്നാണ് കരുതുന്നതെന്നും നാറ്റോ അറിയിച്ചു.

Read Also : ഡൗൺസ് സിൻഡ്രോം ബാധിച്ച 11 വയസ്സുകാരിയെ കളിയാക്കി; അവളുടെ കൈപിടിച്ച് സ്‌കൂളിലേക്ക് രാജ്യത്തിന്റെ പ്രസിഡന്റ്…

യുദ്ധത്തിനുള്ള സാധ്യത ഇപ്പോഴും തള്ളിക്കളയാനാകില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചിരുന്നത്. സൈന്യത്തെ പിന്‍വലിച്ചു എന്ന വാദത്തിന് തനിക്ക് ഇപ്പോഴും സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് ബൈഡന്‍ വ്യക്തമാക്കിയിരിക്കുന്നത്. യുദ്ധമുണ്ടായാല്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ ദുരിതം അനുഭവിക്കുമെന്ന് ബൈഡന്‍ വീണ്ടും ഓര്‍മ്മിപ്പിക്കുകയും ചെയ്തു. റഷ്യയുടെ ഏത് വിധത്തിലുള്ള നീക്കത്തേയും പ്രതിരോധിക്കാന്‍ അമേരിക്ക തയാറെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

സൈന്യത്തെ പിന്‍വലിച്ചതായി റഷ്യ പറഞ്ഞെങ്കിലും യുദ്ധ ഭീതിയെ ഇല്ലാതാക്കുന്ന യാതൊരു ശുഭസൂചനയും യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് നാറ്റോയും അമേരിക്കയും വിലയിരുത്തുന്നത്. സൈന്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും മിസൈല്‍ വിന്യാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താനും യുഎസുമായും നാറ്റോയുമായും കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വളാഡിമര്‍ പുടിന്‍ അറിയിച്ചിരുന്നു.

Story Highlights: nato says russia increasing troops count

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here