Advertisement

അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചെന്ന് റഷ്യ; അനശ്ചിതത്വത്തിനിടെ തെളിവ് ചോദിച്ച് യുക്രൈനും പാശ്ചാത്യലോകവും

February 16, 2022
Google News 2 minutes Read

യുദ്ധഭീതിയുടെ മുള്‍മുനയില്‍ ലോകത്തെ നിര്‍ത്തിയ റഷ്യയുടെ യുക്രൈന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസത്തിന് അവസാനമാകുന്നതായി സൂചന. ഒരു വിഭാഗം സൈന്യത്തെ അതിര്‍ത്തിയില്‍ നിന്നും പിന്‍വലിച്ചെന്നാണ് റഷ്യ അവകാശപ്പെടുന്നത്. എന്നാല്‍ എവിടെ നിന്നാണ് സൈന്യം പിന്‍വാങ്ങിയതെന്നോ എത്ര സൈനികര്‍ പിന്‍വാങ്ങിയെന്നോ റഷ്യ വ്യക്തമാക്കാത്തത് കൂടുതല്‍ അനിശ്ചിതത്വത്തിന് വഴിവെക്കുകയാണ്. ഇക്കാര്യത്തില്‍ റഷ്യ വ്യക്തത വരുത്തണമെന്നാണ് യുക്രൈനും പാശ്ചാത്യലോകവും ആവശ്യപ്പെടുന്നത്. യുക്രൈന്‍ അധിനിവേശത്തിന് യാതൊരു പദ്ധതിയുമില്ലെന്ന വാദമാണ് റഷ്യ ആവര്‍ത്തിക്കുന്നത്.

സൈന്യത്തെ പിന്‍വലിച്ചതായി റഷ്യ പറഞ്ഞെങ്കിലും യുദ്ധ ഭീതിയെ ഇല്ലാതാക്കുന്ന യാതൊരു ശുഭസൂചനയും യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് നാറ്റോയും അമേരിക്കയും വിലയിരുത്തുന്നത്. സൈന്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും മിസൈല്‍ വിന്യാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താനും യുഎസുമായും നാറ്റോയുമായും കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ അറിയിച്ചിരുന്നു.

Read Also : ചൈന ദാരിദ്ര്യമില്ലാത്ത രാജ്യം, വളർച്ച സോഷ്യലിസത്തിന്റെ നേട്ടം; വീണ്ടും ചൈനയെ പ്രകീർത്തിച്ച് എസ് രാമചന്ദ്രൻപിള്ള

അതിര്‍ത്തിക്ക് സമീപം മോസ്‌കോ 1,30,000 സൈനികരെ വിന്യസിച്ചിരുന്നതായാണ് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. റഷ്യ വെടിയുതിര്‍ക്കാതെയാണ് സൈന്യത്തെ പിന്‍വലിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പ്രസ്താവിച്ചിരുന്നു. യുക്രൈന്‍ പ്രതിസന്ധിയില്‍ നയതന്ത്ര പരിഹാരം തേടാന്‍ റഷ്യ തയാറാണെന്ന് പുടിന്‍ അറിയിച്ചു. അതേസമയം റഷ്യയുടെ ആവശ്യങ്ങളോട് നാറ്റോ സഖ്യം ക്രിയാത്മകമായി പ്രതികരിക്കുന്നില്ല.

യൂറോപ്പിന്റെ സൈനിക സഖ്യമായ നാറ്റോയില്‍ ചേര്‍ന്ന് യുക്രൈന്‍ ഒരു യൂറോപ്യന്‍ സഖ്യ രാജ്യമാകുന്നത് റഷ്യ ആഗ്രഹിക്കുന്നില്ല. ഇതാണ് യുദ്ധത്തിന് കാരണം. ഒരു കാലത്ത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന പല രാജ്യങ്ങളും ഇന്ന് നാറ്റോയുടെ ഭാഗമാണ്. നാറ്റോ അമേരിക്കയോട് തികഞ്ഞ കൂറുള്ള ഒന്നാണ്. ശീതയുദ്ധ കാലം തൊട്ടുതന്നെ, തങ്ങളുടെ അതിര്‍ത്തികള്‍ക്കടുത്ത് എവിടെയും നെറ്റോയുടെ സാന്നിധ്യം ഉണ്ടാകരുത് എന്ന് റഷ്യക്ക് നിര്‍ബന്ധമായിരുന്നു.

അതേസമയം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ തത്കാലം യുക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. അനാവശ്യ യാത്രകള്‍ രാജ്യത്തിനുള്ളില്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഇരുപതിനായിരത്തോളം വിദ്യാര്‍ഥികളാണ് യുക്രൈനിലുള്ളത്.

Story Highlights: russia says it pulls back some troops

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here