Advertisement

വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ കെഎസ്ഇബിയിലെ അഴിമതി: പ്രതിപക്ഷ നേതാവ്

February 17, 2022
Google News 2 minutes Read
kseb charge hike satheesan

വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ കെഎസ്ഇബിയിലെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഴിമതി കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും നിയമവിരുദ്ധമായ നടപടികൾ കൊണ്ടും കെഎസ്ഇബിയ്ക്ക് വരുത്തിയ കോടികളുടെ നഷ്ടത്തിൻ്റെ മുഴുവൻ ഭാരവും സാധാരണക്കാരുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. (kseb charge hike satheesan)

“നിയമവിരുദ്ധമായ ഭൂമി കൈമാറ്റം മുഴുവൻ റദ്ദാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയാണ്. സമഗ്രമായ അന്വേഷണം നടത്തണം. കെഎസ്ഇബിയ്ക്ക് കോടികൾ നഷ്ടമാവാനുള്ള സാഹചര്യം, നിയമവിരുദ്ധമായി ഈ ഭൂമി വിട്ടുകൊടുത്തത് ഇതിനെക്കുറിച്ചെല്ലാം ഗൗരവതരമായ അന്വേഷണം നടത്തണം. അഴിമതി കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും നിയമവിരുദ്ധമായ നടപടികൾ കൊണ്ടും കെഎസ്ഇബിയ്ക്ക് വരുത്തിയ കോടികളുടെ നഷ്ടത്തിൻ്റെ മുഴുവൻ ഭാരവും സാധാരണക്കാരുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണം. വൈദ്യുതി ചാർജ് വർധിപ്പിക്കാനിടയായ സാഹചര്യം വളരെ ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് കെഎസ്ഇബി താഴ്ന്നുപോകുന്നത് കൊണ്ടാണ്. ഈ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവൻ കാരണവും കഴിഞ്ഞ അഞ്ച് വർഷക്കാലത്തിൽ അവിടെ നടന്ന അഴിമതിയും കെടുകാര്യസ്ഥതയും കാരണമാണ്. അതുകൊണ്ട് തന്നെ വൈദ്യുതി ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം പിൻവലിക്കണം. ജനങ്ങളല്ല ഇതിൽ പീഡിപ്പിക്കപ്പെടേണ്ടത്.”- വിഡി സതീശൻ പറഞ്ഞു.

Read Also : കെഎസ്ഇബി സമരം ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ണായക രാഷ്ട്രീയ ചര്‍ച്ച ഇന്ന്

കെഎസ്ഇബിയിൽ നടന്നത് കോടികളുടെ അഴിമതിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രസ്താവിച്ചിരുന്നു. മുൻ വൈദ്യുത വകുപ്പ് മന്ത്രി എം എം മണിയും സഹോദരൻ ലംബോധരനും ഉണ്ടാക്കിയത് കോടികളെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടും മുഖ്യമന്തി മിണ്ടുന്നില്ല. ലാലു പ്രസാദ് യാദവിനെപ്പോലെയാണ് എംഎം മണിയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

കെഎസ്ഇബി ചെയർമാൻ ഡോ ബി അശോക് അധികാര ദുർവിനിയോഗം നടത്തി ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് ഇടതുയൂണിയൻ ആരോപിക്കുന്നത്. എന്നാൽ എം എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് കോടികളുടെ അഴിമതിക്ക് ഇടതു യൂണിയനുകൾ കൂട്ടുനിന്നെന്നാണ് ചെയർമാന്റെ ആരോപണം. ചെയർമാന്റെ ആരോപണങ്ങൾ പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തതോടെയാണ് രാഷ്ട്രീയ വിവാദം കനക്കുന്നത്.

Story Highlights: kseb charge hike vd satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here