Advertisement

‘നയതന്ത്ര പരിഹാരം ചര്‍ച്ചയിലൂടെയുണ്ടാകണം’; യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യ

February 18, 2022
Google News 1 minute Read

യുക്രൈന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. നയതന്ത്ര പരിഹാരം ചര്‍ച്ചയിലൂടെ ഉണ്ടാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാനം നിലനിര്‍ത്തുന്നതിനായി 2015ല്‍ ഉണ്ടാക്കിയ ഉടമ്പടി പാലിക്കണമെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ആവശ്യപ്പെടുകയായിരുന്നു. യുക്രൈനിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള യു എന്‍ സുരക്ഷാ കൗണ്‍സിലിലെ നിര്‍ണായക യോഗത്തിലായിരുന്നു ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

റഷ്യ യുക്രൈനെ അടുത്ത ദിവസങ്ങളില്‍ തന്നെ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്ക വീണ്ടും രംഗത്തെത്തി. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ നീക്കുകയാണെന്ന റഷ്യന്‍ വാദത്തെ അമേരിക്ക തള്ളി. യുക്രൈന്‍ വിഷയത്തില്‍ റഷ്യയും അമേരിക്കയും തമ്മില്‍ അഭിപ്രായ ഭിന്നത തുടരുന്ന പശ്ചാത്തലത്തില്‍ നിലപാട് സ്വീകരിക്കാനായി ഇന്ത്യ സമ്മര്‍ദ്ദത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുക്രൈന്‍ വിഷയവുമായി ബന്ധപ്പെട്ട് എല്ലാ രാജ്യങ്ങളുടെ ഇടയിലും നിലനില്‍ക്കുന്ന സുരക്ഷയെ സംബന്ധിച്ച ആശങ്കകള്‍ പരിഗണിക്കണമെന്ന് മാത്രമാണ് മുന്‍പ് വിഷയത്തില്‍ ഇന്ത്യ പ്രതികരിച്ചിരുന്നത്.

യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് റഷ്യ അറിയിച്ചെങ്കിലും അതു വിശ്വാസത്തിലെടുക്കാതെയാണ് ജോ ബൈഡന്‍ രംഗത്തെത്തിയത്. യുക്രൈയ്‌നുമേലുള്ള റഷ്യന്‍ കടന്നുകയറ്റത്തിനുള്ള സാധ്യത വളരെ അധികമാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ അതു സംഭവിക്കാമെന്നും ജോ ബൈഡന്‍ പ്രതികരിച്ചു.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ അയച്ച കത്ത് വായിച്ചിട്ടില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. പുടിനെ വിളിച്ചു സംസാരിക്കാന്‍ ആലോചിക്കുന്നില്ലെന്നും എങ്കിലും ഇപ്പോഴും പ്രശ്‌നപരിഹാരത്തിന് നയതന്ത്ര സാധ്യതകളുണ്ടെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. റഷ്യയില്‍ നിന്നുള്ള ഭീഷണി വളരെ അധികമാണ്. കാരണം റഷ്യ അവരുടെ സൈനികരെ നീക്കിയിട്ടില്ല. ‘കൂടുതല്‍ സൈനികര്‍ വരുന്നുണ്ട്. റഷ്യയില്‍ നിന്നുള്ള സൂചനകളെല്ലാം അവര്‍ യുക്രൈയ്‌നെ ആക്രമിക്കാന്‍ തയാറായെന്നതിലേക്കാണ് എത്തുന്നത്. അടുത്ത ദിവസങ്ങളില്‍തന്നെ അതു സംഭവിക്കുമെന്നാണ് തോന്നുന്നത്’. ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുക്രൈയ്ന്‍ അതിര്‍ത്തിയില്‍നിന്ന് സേനയെ പിന്‍വലിച്ചെന്ന റഷ്യയുടെ അവകാശവാദം വിശ്വസിക്കുന്നില്ലെന്ന് ബൈഡന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്ന് ബൈഡന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Story Highlights: India stand on Ukraine issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here