Advertisement

ഗവർണർക്ക് സർക്കാർ വഴങ്ങിയ രീതി ശരിയല്ല, രാജ് ഭവനിൽ നടക്കുന്നത് ശരിയായ നടപടിയെന്ന് ജനങ്ങൾ കരുതുന്നില്ല: കാനം രാജേന്ദ്രൻ

February 18, 2022
Google News 2 minutes Read

ഭരണഘടനാ ബാധ്യത നിറവേറ്റേണ്ട ഗവർണർ വിലപേശിയത് ശരിയായില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർക്ക് സർക്കാർ വഴങ്ങിയ രീതിയും ശരിയായില്ല. മന്ത്രി സഭ അംഗീകരിച്ച നയപ്രഖ്യാപനം വായിക്കാൻ ഗവർണർക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ഗവർണറെ കാണാൻ പോയത് എന്തിനെന്ന് മുഖ്യമന്ത്രിയോട് ചോദിക്കണം. രാജ് ഭവനിൽ നടക്കുന്നത് ശരിയായ നടപടിയെന്ന് ജനങ്ങൾ കരുതുന്നില്ലെന്നും കാനം രാജേന്ദ്രൻ ആരോപിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവയ്ക്കാനുള്ള അനുനയ ചർച്ചക്കിടെ രാജ് ഭവനിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവിനിലെത്തി ചര്‍ച്ച നടത്തിയിട്ടും ഗവര്‍ണര്‍ ക്ഷുഭിതനായി തുടര്‍ന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന സ്ഥിതിയായി. ഒടുവില്‍ ഗവര്‍ണറുടെ അപ്രീതിക്കു കാരണക്കാരനായ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ കൈവിടാന്‍ തീരുമാനിക്കേണ്ട അവസ്ഥയിലേക്കു സര്‍ക്കാര്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ജ്യോതിലാലിനെ മാറ്റിയതായി രാജ്ഭവനില്‍ അറിയിപ്പെത്തിയ ശേഷമാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പു വെച്ചത്.

എന്നാല്‍ നയപ്രഖ്യാപനത്തെ സംബന്ധിച്ച വിവാദങ്ങള്‍ ഒപ്പിലൊതുങ്ങിയില്ല. ഇന്ന് ഭരണ പ്രതിപക്ഷ ഗവര്‍ണര്‍ ഏറ്റുമുട്ടലിലേയ്ക്ക് കാര്യങ്ങള്‍ നയിച്ചു. നയപ്രഖ്യാപനത്തിനെത്തിയ ഗവര്‍ണറെ സ്വീകരിക്കാനെത്തിയ മുഖ്യമന്ത്രിയുടെ ശരീര ഭാഷയില്‍ തന്നെ ഗവര്‍ണറോടുള്ള പ്രതിഷേധം വ്യക്തം. സഭയയിലേക്ക് പ്രവേശിച്ച ഗവര്‍ണറെ ‘ആര്‍എസ്എസ് ഗവര്‍ണര്‍ ഗോ ബാക്ക്’ എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷം വരവേറ്റത്. നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ എഴുന്നേറ്റപ്പോഴും പ്രതിപക്ഷം പ്രതിഷേധം മുഴക്കികൊണ്ടേയിരുന്നു. ക്ഷുഭിതനായ ഗവര്‍ണര്‍ പ്രതിപക്ഷ അംഗങ്ങളെ ശാസിച്ചു. ഉത്തരവാദിത്തം മറക്കരുതെന്ന് പ്രതിപക്ഷത്തോട് ഗവര്‍ണറുടെ ഓര്‍മപ്പെടുത്തല്‍. പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ സഭയില്‍ പ്രതിപക്ഷത്തെ ശാസിക്കുന്നതും അപൂര്‍വ സംഭവമായി.

Read Also : നിശബ്ദരായി ഭരണപക്ഷം;ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ ഡസ്‌കിലടിച്ച് പിന്തുണച്ചില്ല

എന്നാല്‍ സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ ഡസ്‌കിലടിച്ച് പിന്തുണയ്ക്കാതെ ഭരണപക്ഷവും രംഗത്തെത്തി. ഡസ്‌കിലടിച്ചുള്ള പതിവ് പിന്തുണ ഒഴിവാക്കിയത് ഗവര്‍ണറോടുള്ള നീരസം മൂലമെന്നാണ് സൂചന. പ്രസംഗം തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഭരണപക്ഷം ആഹ്ലാദം പ്രകടിപ്പിച്ചില്ലെന്നത് ഏറെ ശ്രദ്ധേയമാണ്.

Story Highlights: Kanam Rajendran on governor, kerala government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here