Advertisement

പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉപകരണം; കൃത്രിമ പാൻക്രിയാസ് യന്ത്രമെത്തി

February 20, 2022
Google News 2 minutes Read
artificial pancreas in India

പ്രമേഹ രോഗികളെ ഏറ്റവും കൂടുതൽ അലട്ടുന്നത് ഇടയ്ക്കിടെ എടുക്കേണ്ടി വരുന്ന കുത്തിവയ്പ്പുകളാണ്. എന്നാൽ ഇനി കുത്തിവയ്പ്പുകളുടെ വേദനയോടും, അതിനെ ചൊല്ലിയുണ്ടാകുന്ന ആശങ്കകളോടും വിട പറയാം. ശരീരത്തിലെ പഞ്ചസാരയുടെ അളവനുസരിച്ച് ഇൻസുലിൻ ക്രമീകരിക്കുന്ന ഉപകരണം കേരളത്തിൽ ഉപയോഗത്തിനായി എത്തി. 780ജി എന്ന കൃത്രിമ പാൻക്രിയാസാണ് ഇന്ത്യയിൽ ഉപയോഗത്തിനായി എത്തിയിരിക്കുന്നത്. ( artificial pancreas in India )

മെട്രോണിക്‌ എന്ന അന്താരാഷ്ര് കമ്പനിയാണ് 780 ജിയുടെ കണ്ടുപിടുത്തത്തിന് പിന്നിൽ. പശ്ചാത്യ രാജ്യങ്ങളിലെല്ലാം പ്രചാരത്തിലുള്ള ഈ ഉപകരണം ഇന്ത്യയിൽ എത്തിയതോടെ പ്രമേഹ രോഗം മൂലം കഷ്ടപ്പെടുന്ന നിരവധി പേർക്കാണ് ജീവിതം കുറച്ചുകൂടി എളുപ്പമാകുന്നത്.

തിരുവനന്തപുരം ജ്യോതിദേവ്‌സ് ഡയബറ്റിസ് ആൻഡ് റിസർച്ച് സെന്ററിലെ ഡോക്ടർ ജ്യോതിദേവ് കേശവദേവ് ആണ് ഈ ഉപകരണം ഇന്ത്യയിലെത്തിയതായി അറിയിച്ചത്. അനിയന്ത്രിതമായി പഞ്ചസാരയുടെ അളവിൽ മാറ്റം വരുന്നവർക്കാണ് 780ജി എന്ന ഉപകരണം ഏറെ ഉപകാരപ്രദമാകുന്നത്.

Read Also : കുത്തിവയ്പ്പുകളോട് വിട പറയാം; പ്രമേഹ രോഗത്തിന് ഇനി ഗുളികയും; ചരിത്ര നിമിഷമെന്ന് ഡോ.ജ്യോതിദേവ്

ടൈപ്പ് 1 രോഗികൾ, അനിയന്ത്രിതമായ പ്രമേഹമുള്ള ടൈപ്പ് 2 ഡയബറ്റിസ്, ഗർഭിണികൾ, പാൻക്രിയാറ്റിക് ഡയബറ്റിസ് എന്നിവർക്ക് 780ജി ഉപയോഗിക്കാം.

780ജിയുടെ പ്രവർത്തനം

ഇൻസുലിൻ പമ്പിന് സമാനമാണ് 780 ജിയുടേയും പ്രവർത്തനം. ശരീരത്തിൽ വാച്ച് കെട്ടുന്നത്ര ലളിതമായി രേഗിക്ക് തന്നെ ഈ ഉപകരണം ശരീരത്തിൽ ഘടിപ്പിക്കാമെന്ന് ഡോ.ജ്യോതിദേവ് ട്വന്റിഫോറിനോട് പറഞ്ഞു. ചെറിയ പ്ലാസ്റ്റിക് സൂചിയാണ് ശരീരത്തിനകത്തേക്ക് പോകുന്നത്. സൂചി കയറ്റിയ ശേഷം ശരീരത്തിൽ 780ജി ഘടിപ്പിക്കാം. ഉപകരണത്തിലെ സെൻസർ ഓരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിശോദിക്കും.

artificial pancreases in india

തിരുവനന്തപുരം ജ്യോതിദേവ്‌സ് ഡയബറ്റിസ് സെന്ററിൽ കഴിഞ്ഞ 18 വർഷങ്ങളായി വിപണിയിലുണ്ടായിരുന്ന ഇൻസുലിൻ പമ്പുകൾക്ക് ഓട്ടോമാറ്റിക് സംവിധാനം ഉണ്ടായിരുന്നില്ല. എന്നാൽ 780ജിയിൽ ഓട്ടോമാറ്റിക് സംവിധാനമുണ്ട്. ഗ്ലൂക്കോസ് സെൻസറിന്റെയും ആൽഗോരിതത്തിന്റെയും സഹായത്തോടെയാണ് 780 ജി പ്രവർത്തിക്കുന്നത്. രക്തത്തിലെ പഞ്ചസാര കുറയുന്ന വേളയിൽ ഇൻസുലിൻ കുറയുകയും രക്തത്തിലെ പഞ്ചസാര കൂടുന്ന വേളയിൽ ഇൻസുലിൻ കൂടുകയും, ഭക്ഷണം കഴിക്കുമ്പോഴുള്ള ഇൻസുലിൻ പോരാ എന്ന് ഉപകരണത്തിന് തോന്നിയാൽ അതും തനിയെ തന്നെ ഉള്ളിലേക്ക് കടത്തിവിടുകയും ചെയ്യുന്നു.

780ജി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് :

മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ ഇന്‍ഫ്യൂഷന്‍ സെറ്റും ഏഴ് ദിവസത്തില്‍ ഒരിക്കല്‍ സെന്‍സറും മാറ്റണം. ശരീരത്തിൽ നിന്ന് ഡിവൈസെടുത്ത് ഇൻഫ്യൂഷൻ സെറ്റും, ഇൻസുലിൻ പമ്പും മാറ്റി രോഗിക്ക് തന്നെ തിരികെ ഘടിപ്പിക്കാൻ സാധിക്കും. 780ജി വാട്ടർ റെസിസ്റ്റന്റാണ്. അതുകൊണ്ട് തന്നെ ഇത് ഘടിപ്പിച്ചുകൊണ്ട് കുളിച്ചാലോ, നീന്തിയാലോ ഉപകരണത്തിന് യാതൊരുവിധ കേടുപാടുകളും സംഭവിക്കില്ല. എന്നാൽ ഉയരത്തിൽ നിന്ന് താഴെ വീണ് ഡിവൈസ് പൊട്ടാതെ ഇരിക്കാൻ ശ്രദ്ധിക്കണം.

വില

ആറ് ലക്ഷം രൂപയാണ് 780 ജിയുടെ വില. ഏഴ് വയസ് പ്രായമുള്ള കുട്ടികൾക്ക് മുതൽ ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ള പ്രമേഹ രോഗികൾക്കും ഈ ഉപകരണം ഉപയോഗിക്കാം.

പഞ്ചസാര തീരെ കുറയുന്നത് ജീവന് തന്നെ അപകടമാകാം എന്ന കാരണത്താൽ ഈ രോഗമുള്ള കുഞ്ഞുങ്ങളുടെ അച്ഛനമ്മമാർക്ക് മനസമാധാനത്തോടെ ഉറങ്ങുവാൻ തന്നെ കഴിയാറില്ല. 780ജിയുടെ വരവോടെ രോഗിയുടെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന കാര്യം ഈ ഉപകരണം ശ്രദ്ധിക്കും. ആദ്യമായി 780ജി ഉപയോഗിച്ച രോഗി പറയുന്നത്, കഴിഞ്ഞ 16 വർഷങ്ങൾക്ക് ശേഷം താൻ ആദ്യമായി മനസമാധാനത്തോടെ ഉറങ്ങി എന്നാണ്.

Story Highlights: artificial pancreases in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here