Advertisement

കുത്തിവയ്പ്പുകളോട് വിട പറയാം; പ്രമേഹ രോഗത്തിന് ഇനി ഗുളികയും; ചരിത്ര നിമിഷമെന്ന് ഡോ.ജ്യോതിദേവ്

January 17, 2022
Google News 1 minute Read
tablet for diabetes india rybelsus

ചരിത്രത്തിലാദ്യമായി പ്രമേഹ രോഗത്തിന് കുത്തിവയ്പ്പിന് പകരം ഉപയോഗിക്കാവുന്ന ഗുളിക ഇന്ത്യൻ വിപണിയിൽ എത്തി. 35 വർഷത്തെ ഗവേഷണത്തിന്റെ ഫലമായാണ് സെമാഗ്ലൂട്ടൈഡ് എന്ന മരുന്ന് ഗുളിക രൂപത്തിൽ എത്തിയത്. റിബൽസെസ് എന്നാണ് ഗുളികയുടെ പേര്. ഈ ഗുളിക ഇന്ന് രാവിലെയാണ് ഇന്ത്യൻ വിപണിയിലെത്തിയത്. ഇതോടെ റിബൽസെസ് ഉപയോഗിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ.

അമേരിക്കയിലാണ് റെബൽസിസ് ആദ്യമായി വികസിപ്പിക്കുന്നത്. ഇൻസുലിൻ കണ്ടുപിടിച്ച സമയം മുതൽ മരുന്ന് വിപണിയിലെത്തിച്ച നോവോ നോർഡിസ്‌ക് തന്നെയാണ് റിബൽസെസിന്റെ ഉത്പാദകർ. ലോകം മുഴുവൻ ഏറ്റവും കൂടുതൽ ഇൻസുലിൻ വിതരണം ചെയ്യുന്നത് നോവോ നോർഡിസ്‌കാണ്. നൊബേൽ പുരസ്‌കാരം വരെ ലഭിച്ചേക്കാവുന്ന കണ്ടുപിടത്തമാണ് പ്രമേഹത്തിന്റെ ഗുളികയെന്ന് ഡോ.ജ്യോതിദേവ് ട്വന്റിഫോറിനോട് പറഞ്ഞു.

പല വിദേശരാജ്യങ്ങളിലും റിബൽസെസിന്റെ ക്ലിനിക്കൽ പരീക്ഷണം നടന്നിട്ടുണ്ട്. ഇന്ത്യയിലും പരീക്ഷണം നടത്തിയ ശേഷമാണ് മരുന്നിന് ഡിസിജിഐ അനുമതി ലഭിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് തന്നെ റിബൽസെസിന് ഇന്ത്യയിൽ ഡിസിജിഐയുടെ അനുമതി ലഭിച്ചിരുന്നതാണ്. എന്നാൽ മറ്റ് സാങ്കേതിക തടസങ്ങൾ കാരണം വിപണിയിൽ എത്തുന്നത് വൈകുകയായിരുന്നു.

മരുന്നിന്റെ പ്രവർത്തനം

ആന്റിബയോട്ടികൾ പോലുള്ള മറ്റ് മരുന്നുകൾ കുത്തിവയ്പ്പായി എടുത്താലും ഗുളിക രൂപത്തിലും കഴിക്കാൻ സാധിക്കുന്നതായിരുന്നു. എന്നാൽ പ്രമേഹ രോഗത്തിനുള്ള കുത്തിവയ്പ്പ് ഇത്തരത്തിൽ കഴിക്കാൻ സാധിക്കുന്ന രൂപത്തിൽ ലഭ്യമായിരുന്നില്ല. അതിന്റെ പ്രധാന കാരണം ഈ മരുന്ന് പ്രൊട്ടീനായതുകൊണ്ടാണ്.പ്രോട്ടീൻ കഴിക്കുമ്പോൾ അത് ദഹിച്ചുപോകും. അതുകൊണ്ട് തന്നെ മരുന്ന് രക്തത്തിലേക്ക് എത്തില്ല.

എന്നാൽ നിലവിൽ വിപണിയിലെത്തിയിരിക്കുന്ന റിബൽസെസ് ഗുളികയിൽ പ്രൊട്ടീൻ സ്‌നാക്ക് എന്ന പദാർത്ഥത്തിനൊപ്പമാണ് സംയോജിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ദഹനപ്രക്രിയയെ എല്ലാം അതിജീവിച്ച് മരുന്ന് രക്തത്തിലേക്ക് എത്തും.

ഫലപ്രാപ്തി

സെമാഗ്ലൂട്ടൈഡ് തന്നെയാണ് കുത്തിവയ്പ്പായി നൽകുന്നതും. അതുകൊണ്ട് തന്നെ ഗുളിക രൂപത്തിലുള്ള ഈ മരുന്നിനും കുത്തിവയ്പ്പിന്റെ അതേ ഫലപ്രാപ്തിയാകും ലഭിക്കുകയെന്ന് ഡോ.ജ്യോതിദേവ് ട്വന്റിഫോറിനോട് പറഞ്ഞു. പ്രമേഹത്തിനൊപ്പം വരുന്ന മറ്റ് അനുബന്ധ രോഗങ്ങൾക്ക് കൂടി ഈ മരുന്ന് ഫലപ്രദമാണെന്ന് ഡോക്ടർ വ്യക്തമാക്കി. പ്രമേഹത്തിന്റെ മരുന്ന് ശരീരത്തിലെ പഞ്ചസാര ആവശ്യമായ അളവിലും താഴെ പോകുന്നതിന് കാരണമാകാറുണ്ട്. എന്നാൽ റെബൽസിസ് ഇത് താഴെ പോകുന്നത് തടഞ്ഞ് വേണ്ട അളവിൽ നിയന്ത്രിക്കുമെന്ന് ജ്യോതിദേവ് പറയുന്നു.

മൂന്ന് മില്ലി ഗ്രാം, ഏഴ് മില്ലി ഗ്രാം, പതിനാല് മില്ലിഗ്രാം എന്നീ അളവുകളിലാണ് മരുന്ന് വരുന്നത്. രോഗിയിലെ പ്രമേഹത്തിന്റെ അളവ് അനുസരിച്ചാണ് മരുന്നിന്റെ അളവും നിശ്ചയിക്കുന്നത്. മരുന്ന് കഴിക്കുന്നതിനും ചില ചിട്ടകളുണ്ട്. ഒപ്പം കുടിക്കേണ്ട വെള്ളത്തിന്റെ അളവ്, മരുന്ന് കഴിച്ച ശേഷം എത്ര മണിക്കൂറിന് ശേഷം ഭക്ഷണം കഴിക്കണം, തുടങ്ങിയ കാര്യങ്ങൾ രോഗിക്ക് വിശദീകരിച്ച് നൽകിയ ശേഷമേ ആരോഗ്യ വിദഗ്ധൻ കൃത്യമായ പ്രിസ്‌ക്രിപ്ഷനോടെ മരുന്ന് എഴുതുകയുള്ളു.

നിരക്ക്

നിരവധി രാജ്യങ്ങളിൽ ഉപയോഗിക്കുന്ന റിബൽസെസ് ഇന്ത്യയിൽ കുത്തിവയ്പ്പ് ആയ ജി.എൽപി1 ൻ്റെ അതേ നിരക്കിലാകും വിപണിയിലെത്തുക. ചൈന കഴിഞ്ഞാൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ പ്രമേഹബാധിതരുള്ളത്. അതുകൊണ്ട് തന്നെ സാധാരണക്കാരനും താങ്ങാൻ സാധിക്കുന്ന വിലയിൽ വേണം മരുന്നിന്റെ വില ക്രമീകരിക്കാൻ എന്ന ഡോക്ടർമാരുടെ തുടർച്ചയായ അഭ്യർത്ഥന പരിഗണിച്ചാണ് വില ക്രമീകരിച്ചിരിക്കുന്നത്.

Story Highlights : tablet for diabetes india rybelsus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here