Advertisement

ഗവര്‍ണറെ മാറ്റാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കണമെന്ന് കേരളം

February 20, 2022
Google News 1 minute Read

ഗവര്‍ണറെ മാറ്റാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കണമെന്ന് കേരളം. പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിനുള്ള മറുപടിയിലാണ് കേരളത്തിന്റെ ശുപാര്‍ശ. ഗവര്‍ണര്‍ നിയമനം സര്‍ക്കാരുമായി ആലോചിച്ച് വേണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമ സെക്രട്ടറി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചിട്ടുണ്ട്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കാനായി തയ്യാറാക്കിയ പൂഞ്ചി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിലപാട് അറിയിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. യു പി എ സര്‍ക്കാരിന്റെ കാലത്തായിരുന്നു ഈ കമ്മീഷന്‍ രൂപീകരിച്ചത്. 35 വയസ് പൂര്‍ത്തിയായ ആരെയും ഗവര്‍ണറാക്കാം എന്നതിനോട് സംസ്ഥാന സര്‍ക്കാര്‍ യോജിക്കുന്നുണ്ടെങ്കിലും ഈ പദവിയുടെ അന്തസ് അനുസരിച്ചുള്ള ആളെയാകണം ഗവര്‍ണര്‍ ആക്കേണ്ടത് എന്ന നിര്‍ദേശവും മറുപടിയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണഘടനാപരമായ മറ്റ് ചുമതലകള്‍ നിര്‍വഹിക്കുന്ന ആളായതിനാല്‍ ചാന്‍സിലര്‍ പദവി കൂടി ഗവര്‍ണര്‍ക്ക് നല്‍കേണ്ടതില്ലെന്ന നിലപാടും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ കേന്ദ്രസേനയെ വിന്യസിക്കുന്നത് സംസ്ഥാനവുമായി കൂടിയാലോചിക്കണമെന്നും കേരളം ആവശ്യപ്പെടുന്നു. നിയമ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണുള്ളത്.

പേഴ്‌സണല്‍ സ്റ്റാഫ് നിയമന വിഷയത്തിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് സംസ്ഥാനത്തിന്റെ പരിഗണനയിലെത്തുന്നത്. പേഴ്‌സണല്‍ സ്റ്റാഫില്‍ പാര്‍ട്ടി റിക്രൂട്ട്‌മെന്റാണ് നടക്കുന്നതെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ ആരോപിച്ചത്. രാജ്ഭവനെ നിയന്ത്രിക്കാന്‍ മറ്റാര്‍ക്കും അധികാരമില്ലെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചു. രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു. സര്‍ക്കാരിന് അതിന് യാതൊരു അവകാശവുമില്ലെന്നും തനിക്ക് ഉത്തരം പറയാനുള്ള ബാധ്യത രാഷ്ട്രപതിയോട് മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നുവെന്ന വിമര്‍ശനമാണ് ഗവര്‍ണര്‍ ആവര്‍ത്തിച്ചത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റുകയാണ്. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. പൊതുജനങ്ങളുടെ പണമാണ് നഷ്ടമാകുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ എന്ന രീതിയെയാണ് താന്‍ ഏറ്റവുമധികം എതിര്‍ത്തത്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ജ്യോതിലാലിനെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. തന്റെ നിലപാടുകളില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

Story Highlights: kerala replay to punchhi commission report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here