Advertisement

‘വോട്ട് ചോർച്ചയില്ല, യു.പ്രതിഭയ്ക്ക് വോട്ട് കൂടുകയാണ് ചെയ്തത്’; ആരോപണം തള്ളി സിപിഐഎം ഏരിയ നേതൃത്വം

February 22, 2022
Google News 2 minutes Read
cpim area committee against u prathibha

യു.പ്രതിഭ എംഎൽഎയുടെ ആരോപണം തള്ളി സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി. കായംകുളത്ത് വോട്ട് ചോർച്ചയില്ലെന്നും വോട്ട് വർധിക്കുകയാണ് ചെയ്തതെന്നും സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി ചൂണ്ടിക്കാട്ടി. ( cpim area committee against u prathibha )

കായംകുളത്ത് വോട്ട് ചോർച്ച സംഭവിച്ചുവെന്നും അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായ പോലെ കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ലെന്ന് പ്രതിഭ ചൂണ്ടിക്കാട്ടി. എന്നാൽ യു.പ്രതിഭയ്ക്ക് വോട്ട് വർധിക്കുകയാണ് ചെയ്തതെന്ന് പ്രാദേശിക നേതൃത്വം ചൂണ്ടിക്കാട്ടുന്നു. 2016 ൽ യു.പ്രതിഭയ്ക്ക് ലഭിച്ചത് 46.52% വോട്ട് ആയിരുന്നുവെങ്കിൽ 2021 ൽ ലഭിച്ചത് 47.96% വോട്ടാണ്.

ബോധപൂർവമായി തന്നെ എന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്‌മെൻറ് കമ്മിറ്റിയിൽ വന്നതും ദുരൂഹമാണെന്നും യു.പ്രിതഭ ഇന്നലെ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിൽ ആളുകളെ ഉൾപ്പെടുത്തുന്നത് നഗരസഭയാണെന്നാണ് ഏരിയ കമ്മിറ്റിയുടെ മറുപടി. പരസ്യപ്രതികരണത്തിനില്ലെന്നും സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി അറിയിച്ചു.

ഇന്നലെയാണ് പാർട്ടിക്കെതിരെ വിമർശനവുമായി കായംകുളം എംഎൽഎ യു.പ്രതിഭ രംഗത്തെത്തിയത്. തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു എന്ന് യു.പ്രതിഭ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഏറ്റവും കൂടുതൽ വോട്ട് ചോർന്നുപോയത് കായംകുളത്തു നിന്നാണ്. കായംകുളത്തെ ചിലർക്കെങ്കിലും താൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു എന്നും യു.പ്രതിഭ പറയുന്നു.

യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ്:

നമ്മുടെ പാർക്ക് ജംഗ്ഷൻ പാലം നിർമ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞദിവസം പോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ എന്റെ ശ്രദ്ധയിൽ തന്നിരുന്നു. അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നൽകുന്നത്എന്നെ കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായ് ചെയ്യും.

തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലർക്കെങ്കിലും ഞാൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അഭിമാനകരമായി നമ്മൾക്ക് ജയിക്കാൻ കഴിഞ്ഞു. ബോധപൂർവമായി തന്നെ എന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്‌മെൻറ് കമ്മിറ്റിയിൽ വന്നതും ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല. ഏറ്റവും കൂടുതൽ വോട്ട്‌ചോർന്നുപോയത് കായംകുളത്തു നിന്നാണ്.

കേരള നിയമസഭയിൽ കായംകുളത്തെ ആണ് അഭിമാനപൂർവം പ്രതിനിധീകരിക്കുന്നത്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞ വർ പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു. ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാൻ. 2001ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ്ണ മെമ്പറായിപ്രവർത്തനം ആരംഭിച്ച എനിക്ക് ഇന്നും എന്നും എന്റെ പാർട്ടിയോട് ഇഷ്ടം. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങൾ ചവറ്റുകുട്ടയിൽ ആക്കുന്ന കാലം വിദൂരമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല.

Story Highlights: cpim area committee against u prathibha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here