ലോകായുക്ത നിയമത്തിനെതിരായി സര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങളെല്ലാം സഭയില്‍ തകര്‍ന്നു: വി ഡി സതീശന്‍

ലോകായുക്ത നിയമഭേദഗതി വിഷയത്തില്‍ പ്രതിപക്ഷം സഭയില്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസ് തള്ളിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലോകായുക്തയ്‌ക്കെതിരായി സര്‍ക്കര്‍ ഉയര്‍ത്തിയ വാദമുഖങ്ങളെല്ലാം അഴിഞ്ഞുവീണതാണ് നിയമസഭയില്‍ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാവിരുദ്ധമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവര്‍ തന്നെ പറയുമ്പോള്‍ സഭ പാസാക്കിയ നിയമങ്ങള്‍ അനുസരിക്കേണ്ട എന്ന തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നതെന്നും വി ഡി സതീശന്‍ മാധ്യമങ്ങളെ കാണവേ വ്യക്തമാക്കി.
നിയമസഭയിലോ മന്ത്രിസഭയിലോ മുന്നണിക്കകത്തോ കൃത്യമായി ചര്‍ച്ചകള്‍ നടത്താതെ പരമ രഹസ്യമായാണ് ലോകായുക്ത ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. ലോകായുക്ത നിയമഭേദഗതി നിലവില്‍ വന്നതോടെ അഴിമതി നടത്തുന്നവര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടെങ്കില്‍ നിയമത്തെ അതിജീവിക്കാന്‍ സാധിക്കുമെന്ന ഗുരുതരമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2019ല്‍ മുഖ്യമന്ത്രി പോലും അഭിമാനത്തോടെയാണ് ലോകായുക്തയെക്കുറിച്ച് പറഞ്ഞിരുന്നത്. പിന്നീട് അദ്ദേഹത്തിനെതിരായി കേസുകള്‍ വന്നപ്പോള്‍ ലോകായുക്തയ്‌ക്കെതിരെ ഓര്‍ഡിനന്‍സ് തയാറാക്കി അത്യാവശമായി നിയമസഭ കൂടുന്നതിന്റെ തലേന്ന് ഗവര്‍ണറെക്കൊണ്ട് ഒപ്പുവെപ്പിക്കുകയായിരുന്നു സര്‍ക്കാര്‍. ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമെന്ന വാദങ്ങള്‍ സഭയില്‍ തകര്‍ന്നുപോയി. നിയമസഭ പാസാക്കിയ ഒരു നിയമത്തെ ഭരണഘടനാ വിരുദ്ധമെന്ന് പറയാനുള്ള അവകാശം ബന്ധപ്പെട്ട കോടതികള്‍ക്ക് മാത്രമാണ്. ഇത് വിശദമായി പരിശോധിച്ചാണ് കോടതികള്‍ നിയമവിരുദ്ധമെന്ന് പറയേണ്ടത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഒരു മന്ത്രി തന്നെ പറഞ്ഞിരിക്കുകയാണ് നിയമം ഭരണഘടനാ വിരുദ്ധമാണെന്ന്. നിയമനിര്‍മാണ സഭ പാസാക്കിയ നിയമങ്ങള്‍ അനുസരിക്കേണ്ട എന്ന സന്ദേശം കൂടിയാണ് ഇതിലൂടെ നല്‍കുന്നത്. മുന്നണിയില്‍ പോലും ചര്‍ച്ച ചെയ്യാതെ രഹസ്യമായായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള അടിയന്തര സാഹചര്യം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ലോകായുക്ത അടക്കമുള്ള സംസ്ഥാനത്തെ അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് ആരോപിച്ച് സണ്ണി ജോസഫ് എംഎല്‍എ ആണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. സഭനിര്‍ത്തിവച്ച് ലോകായുക്ത ഓര്‍ഡിനന്‍സിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷാവശ്യം സ്പീക്കര്‍ തള്ളി.
പ്രതിപക്ഷത്ത് തര്‍ക്കമുള്ളതിനാലാണ് വിഷയത്തില്‍ നോട്ടിസ് നല്‍കിയതെന്ന് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചുള്ള മറുപടി പ്രസംഗത്തില്‍ നിയമവകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ലോകായുക്തയുമായി ബന്ധപ്പെട്ട് 14ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നത്. ഗവര്‍ണര്‍ ഒപ്പുവെച്ച ഓര്‍ഡിനന്‍സ് നിയസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നത് തെറ്റായ കീഴ്‌വഴക്കും സൃഷ്ടിക്കും. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാരിന് ഭയമോ മടിയോ ഇല്ലായെന്നും രാജീവ് പറഞ്ഞു.
Story Highlights: vd satheesan slams state government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here