‘പ്രസ് 1 ഫോർ ഇംഗ്ലീഷ്’; ഈ ശബ്ദത്തിനുടമയെ കണ്ടെത്തി

വിവിധ സേവനങ്ങൾക്കായി ഫോൺ ചെയ്യുമ്പോൾ ‘പ്രസ് 1 ഫോർ ഇംഗ്ലീഷ്’, ‘ഹിന്ദി കേലിയെ ദോ ദബായേ’ എന്ന ശബ്ദം നമ്മൾ കേട്ടിട്ടുണ്ട്. തിടുക്കപ്പെട്ട് വിളിക്കുമ്പോൾ ലഭിക്കുന്ന ഈ ശബ്ദസന്ദേശം നമ്മെ അലോസരപ്പെടുത്തുന്നതാണെങ്കിലും ഈ മധുര ശബ്ദത്തിന് പിന്നിൽ ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഒടുവിൽ ആ ചോദ്യത്തിനുള്ള ഉത്തരമായി…ഈ ശബ്ദത്തിനുടമ താനിയ നമ്പ്യാരാണ്. ( voice behind customer service )
ഡൽഹി സ്വദേശിയായ താനിയ കോർപറേറ്റ് മേഖലയിലെ ജോലി രാജിവച്ച ശേഷം നേരെ നടന്നു കയറിയത് സംഗീത ലോകത്തേക്കാണ്. ആദ്യം താനിയ ഒരു മ്യൂസിക് ബാൻഡാണ് ആരംഭിച്ചത്. ഡൽഹി ഇലക്ട്രിസിറ്റി ബോർഡിന്റെ ബോധവത്കരണ സന്ദേശം കേട്ട് പരിചയിച്ച താനിയയ്ക്ക് അത് വളരെയധികം മടുപ്പിക്കുന്നതായാണ് തോന്നിയിരുന്നത്. തോക്കിൻ മുനയിൽ നിർത്തി സന്ദേശം പറയിച്ചത് പോലെയാണ് ആ സ്ത്രീ ശബ്ദം റെക്കോർഡ് ചെയ്തതെന്ന് താനിയ ഓർത്തു. അതുകൊണ്ട് തന്നെ ഈ ഒരു ശൈലി തനിക്ക് മാറ്റാൻ സാധിക്കുമെന്ന് താനിയ ഉറച്ച് വിശ്വസിച്ചു.
2013 ലാണ് വോയ്‌സ് ആർട്ടിസ്റ്റ് എന്ന നിലയിലേക്ക് താനിയ ഉയരുന്നത്. താനിയയുടെ സഹോദരൻ റേഡിയോ സ്‌റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്. അവിടെ വോയ്‌സ് ആർട്ടിസ്റ്റിന്റെ കുറവുള്ളപ്പോഴെല്ലാം താനിയയാണ് പകരത്തിന് എത്തിയിരുന്നത്.
Read Also : കൊറോണ മുന്നറിയിപ്പിന് പിന്നിലെ പെൺ ശബ്ദം ഈ മലയാളിയുടേതാണ്…
ആദ്യം സൊമാറ്റോയ്ക്ക് വേണ്ടി വോയ്‌സ് ഓവറുകൾ എടുത്തു. പിന്നീട് അർബൻ കമ്പനി എന്നിങ്ങനെ നിരവധി മുൻനിര കമ്പനികൾക്ക് വേണ്ടി പ്രവർത്തിച്ചു. കൊവിഡ് കാലമായതോടെ ഒട്ടുമിക്ക കമ്പനികളും, ഓൺലൈൻ/ടെലി മാർക്കറ്റിംഗിലേക്ക് തിരിഞ്ഞതോടെ താനിയ ഇപ്പോൾ തിരക്കേറിയ വോയ്‌സ് ആർട്ടിസ്റ്റാണ്.
നല്ല ശബ്ദമുണ്ടായാൽ മാത്രം നല്ല വോയ്‌സ് ആർട്ടിസ്റ്റ് ആകില്ലെന്ന് താനിയ പറയുന്നു. ശബ്ദത്തിലൂടെ അഭിനയിക്കാൻ അറിയണം. കേൾക്കുന്നവരിൽ അതേ വികാരമുണ്ടാകണം. അവിടെയാണ് വോയ്‌സ് ആർട്ടിസ്റ്റിന്റെ വിജയമെന്ന് താനിയ അടിവരയിട്ട് പറയുന്നു.
Story Highlights: voice behind customer service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here