Advertisement

മഹേശ്വരിയമ്മ എങ്ങനെ ലളിതയായി ? അഭിനയലോകത്തേക്ക് മഹാനടി എത്തിയതിങ്ങനെ

February 23, 2022
3 minutes Read
kpac lalitha actress film entry story
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അസുഖം ബാധിച്ച് അവശനിലയിലായത് മുതൽ മലയാളക്കര മുഴുവൻ ആ മഹാനടിയുടെ തിരിച്ചുവരവിനായുള്ള പ്രാർത്ഥനയിലായിരുന്നു. അഭ്രപാളിയിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെയുള്ള പ്രതീക്ഷയ്ക്കിടെയാണ് നമ്മെ നടുക്കിക്കൊണ്ട് ആ വിയോഗ വാർത്ത എത്തുന്നത്…ആ അഭിനയവിസ്മയം ഇനിയില്ല…കെപിഎസി ലളിത അന്തരിച്ചു… ( kpac lalitha actress film entry story )

ബി.മഹേശ്വരി എന്നായിരുന്നു കെപിഎസി ലളിതയുടെ യഥാർത്ഥ പേര്. എങ്ങനെയാണ് മഹേശ്വരിയിൽ നിന്ന് ലളിതയായി 44 വർഷം മലയാള സിനിമയുടെ അരങ്ങ് വാണത് ?

നാടകം കണ്ട് വിസ്മയിച്ച കൊച്ചു മഹേശ്വരി

ചങ്ങനാശേരിയിലെ പെരുന്നയിലെ രവി സ്റ്റുഡിയോയിലായിരുന്നു മഹേശ്വരിയുടെ അച്ഛന് അന്ന് ജോലി. ആ കെട്ടിടത്തിന്റെ മുകളിലാണ് ചങ്ങനാശേരി ഗീഥാ എന്ന നാടകസമിതി. അച്ഛന് ചോറുകൊടുക്കാൻ പോകുമ്പോഴെല്ലാം മഹേശ്വരി (കെപിഎസി ലളിത) നാടക റിഹേഴ്‌സൽ കൂടി കാണാൻ പോകുമായിരുന്നു.

kpac lalitha actress film entry story

ഒരുദിവസം ഗീഥായുടെ ഉടമ ചാച്ചപ്പൻ അച്ഛനോട് മകളെ നാടകത്തിന് വിടുമോ എന്ന് ചോദിച്ചു. പക്ഷേ അച്ഛന് വിയോജിപ്പായിരുന്നു. ഒടുവിൽ ഏറെ നിർബന്ധത്തിന് വഴങ്ങി ഒരു നൃത്തരംത്തിൽ മാത്രം അഭിനയിക്കാൻ അവസരം ലഭിച്ചു. ‘ബലി’ എന്നായിരുന്നു ആ നാടകത്തിന്റെ പേര്.

പിന്നീട് ഗീഥായുടെ അവിഭാജ്യ ഘടകമായി മഹേശ്വരി. ഗീഥായുടെ നാടകങ്ങളിലെ പ്രധാന വേഷങ്ങളിലെല്ലാം മഹേശ്വരി തിളങ്ങി. എന്നാൽ ഈ സന്തോഷം അധികനാൾ നിന്നില്ല. ചില പ്രശ്‌നങ്ങളെ തുടർന്ന് ഗീഥാ പൂട്ടി. പക്ഷേ അഭിനയമെന്ന മോഹത്തിന് മഹേശ്വരിയുടെ മനസിൽ പൂട്ട് വീണില്ല.

Read Also : മുഖമില്ലാതെ പ്രണയിച്ച നാരായണി; മതിലുകൾക്കപ്പുറത്തെ കെപിഎസി ലളിത

എങ്ങനെയെങ്കിലും കെപിഎസിയുടെ നടിയാകുക എന്നതായി മോഹം. ഒരുദിവസം കായംകുളത്തെ ഓഫിസിലേക്ക് അഭിമുഖത്തിനായി മഹേശ്വരിയെ വിൡു. അഭിമുഖത്തിന് ശേഷം ബോർഡ് മഹേശ്വരിയെ ചൊല്ലിയുള്ള അഭിപ്രായങ്ങൾ രണ്ട് തട്ടിലായി. കുറച്ച് പേർക്ക് മഹേശ്വരിയെ ഇഷ്‌പ്പെട്ടപ്പോൾ, മറ്റുചിലർക്ക് വണ്ണമില്ലെന്ന പേരിൽ അവരെ ഒഴിവാക്കണമെന്നായിരുന്നു അഭിപ്രായം.

അപ്പോഴേക്കും മഹേശ്വരിയുടെ അച്ഛന്റെ ആരോഗ്യസ്ഥിതിയും മോശമായിരുന്നതുകൊണ്ട് വീട്ടിലെ അവസ്ഥ പരിതാപകരമായിരുന്നു. പക്ഷേ നാടകത്തിന് വേണ്ടി വണ്ണം വയ്ക്കാനുള്ള ശ്രമത്തിലായി മഹേശ്വരി. അതിനിടെ കോഴിക്കോട് ബഹദൂറിന്റെ സമിതിയിൽ മഹേശ്വരിക്ക് ക്ഷണം ലഭിച്ചു. അവിടെ നിന്ന് അഡ്വാൻസും ലഭിച്ചു. കെപിഎസിയിൽ ചേരുകയെന്ന സ്വപ്‌നം വഴുതിപ്പോകുന്നുവെന്ന് തോന്നിയപ്പോഴേക്കും അപ്രതീക്ഷിതമായി മഹേശ്വരിയെ തേടി ആ ടെലിഗ്രാമെത്തി…’വേഗമെത്തണം’. ഉടൻ ബഹദൂറിന് അഡ്വാൻസ് തിരികെ നൽകി കെപിഎസിയിലേക്കുള്ള വണ്ടി പിടിച്ചു മഹേശ്വരി…

ശേഷം ഭാഗം കെപിഎസിയിൽ….

കെപിഎസിയിലെത്തി ആദ്യമായി പ്രധാന വേഷം ചെയ്യുന്നത് തോപ്പിൽ ഭാസിയുടെ ‘കൂട്ടുകുടുംബം’ എന്ന നാടകത്തിലൂടെയാണ്. അന്ന് ബി.മഹേശ്വരി എന്ന പേര് കെപിഎസി ലളിത എന്ന് മാറ്റുക കൂടി ചെയ്തു തോപ്പിൽ ഭാസി.

സിനിമാ മോഹം…

കെപിഎസിയിൽ അഭിനയിച്ചിരുന്ന കാലത്താണ് സിനിമാ മോഹം ലളിതയുടെ ഉള്ളിൽ മൊട്ടിടുന്നത്. കൂട്ടുകുടുംബം സിനിമയാകുന്നുവെന്ന വാർത്ത ലളിതയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പക്ഷേ തനിക്ക് സിനിമയിൽ അവസരം കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കെ ഉദയാ സ്റ്റുഡിയോയിൽ നാടകം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചു. ഉദയാ കുടുംബത്തിലും ജീവനക്കാർക്കും വേണ്ടിയായിരുന്നു നാടകം സംഘടിപ്പിച്ചിരുന്നത്. അത് കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ക്ഷണം ലളിതയെ തേടി ഒരു കത്ത് വന്നു. ‘കൂട്ടുകുടുംബം സിനിമയാകുന്നു. നാടകത്തിൽ ലളിത അവതരിപ്പിച്ച സരസ്വതിയെന്ന കഥാപാത്രം നന്നായിരുന്നു. സിനിമയിലും നിങ്ങൾ തന്നെ ആ വേഷമം ചെയ്യണം.’ ആ കത്ത് വായിച്ചപ്പോൾ കെപിഎസി ലളിതയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. അന്ന് ആയിരം രൂപയാണ് കെപിഎസി ലളിതയ്ക്ക് പ്രതിഫലമായി ലഭിച്ചത്. പതിറ്റാണ്ടുകൾക്ക് മുൻപ് അത് വലിയൊരു തുകയായിരുന്നു.

ഉദയയുടെ പ്രിയ നടി…

കെ.എസ് സേതുമാധവനായിരുന്നു കൂട്ടുകുടംബത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ ആദ്യ ഷോട്ടെടുത്തത് കെപിഎസി ലളിതയെ വച്ചായിരുന്നു. ചിത്രം ഹിറ്റായി. സംസ്ഥാന അവാർഡും തേടിയെത്തി. ആദ്യമായി ഉദയയിലെത്തി ആദ്യ ഷോട്ടെടുത്ത ചിത്രത്തിന് സംസ്ഥാന അവാർഡ്..! അങ്ങനെ ഏറെ നാൾ ഉദയയുടെ എല്ലാ ചിത്രങ്ങളിലും ആദ്യ ഷോട്ടെടുത്തിരുന്നത് കെപിഎസി ലളിതയെ വച്ചായിരുന്നു.

പിന്നീട് പ്രൊഡക്ഷൻ ഹൈസുകൾ മാറി മാറി വന്നു..താരങ്ങൽ മിന്നി മറഞ്ഞു…അരങ്ങ് വാണ് കെപിഎസി ലളിത 44 വർഷത്തോളം സിനിമയിൽ മാറ്റമില്ലാതെ നിറഞ്ഞ് നിന്നു…ഒടുവിൽ 2022 ഫെബ്രുവരി 23ന് ആ താരവും വിടവാങ്ങി…

Story Highlights: kpac lalitha actress film entry story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement