Advertisement

കെപിഎസി ലളിത മലയാള സിനിമയുടെ അവിഭാജ്യഘടകം; അനുസ്മരിച്ച് സാംസ്‌കാരിക മന്ത്രി

February 23, 2022
Google News 1 minute Read
saji cherian

കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുസ്മരിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. എല്ലാ അര്‍ത്ഥത്തിലും നമുക്ക് നേരിട്ട് പരിചയമുള്ള ഒരു അയല്‍ക്കാരി ആയിരുന്നു ലളിതചേച്ചിയുടെ കഥാപാത്രങ്ങള്‍. നൂറുകണക്കിന് ചിത്രങ്ങളിലൂടെ അവര്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. അസുഖബാധിതയായി ചികിത്സയിലായിരുന്നപ്പോള്‍ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്;
കെ പി എ സി ലളിത ചേച്ചി ഇനിയില്ല.
വാര്‍ത്ത അറിഞ്ഞപ്പോള്‍ സത്യമാകരുതേയെന്ന് ഏറെ ആശിച്ചു. എല്ലാ അര്‍ത്ഥത്തിലും നമുക്ക് നേരിട്ട് പരിചയമുള്ള ഒരു അയല്‍ക്കാരി ആയിരുന്നു ലളിതചേച്ചിയുടെ കഥാപാത്രങ്ങള്‍. ചിരിപ്പിക്കാനും കരയിപ്പിക്കാനും കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങള്‍ കാണികളിലേക്ക് പകരാനും അസാമാന്യമായ വൈഭവം ചേച്ചിക്ക് ഉണ്ടായിരുന്നു. നൂറുകണക്കിന് ചിത്രങ്ങളിലൂടെ ലളിതചേച്ചി മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. അസുഖബാധിതയായി ചികിത്സയില്‍ ആയപ്പോള്‍ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ഉടനെ സജീവമായി തിരിച്ചെത്തും എന്നും പ്രതീക്ഷിച്ചു. അതുണ്ടായില്ല, മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി ചേച്ചി വിടവാങ്ങിയിരിക്കുന്നു. സിനിമാലോകത്തെ സംബന്ധിച്ചു അക്ഷരാര്‍ത്ഥത്തില്‍ നികത്താനാവാത്ത വിടവാണിത്. ചേച്ചിയുടെ കുടുംബത്തിന്റെയും മലയാളി സമൂഹത്തിന്റെയാകെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.’

മലയാളത്തിന്റെ പ്രിയങ്കരിയായ കെപിഎസി ലളിതയുടെ വിയോഗവാര്‍ത്ത ഏറെ ദുഃഖകരമാണെന്ന് കെ കെ ശൈലജ എംഎല്‍എ അനുസ്മരിച്ചg. അഭിനേത്രി എന്നതിലുപരി വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന ഒരാളാണ് ലളിത ചേച്ചി. മലയാള സിനിമയുടെ തിളക്കമുള്ള മുഖമായിരുന്നു കെപിഎസി ലളിതയുടെതെന്നും കെ കെ ശൈലജ അനുസ്മരിച്ചു.

കുറിപ്പ്;

മലയാളത്തിലും തമിഴിലുമായി 550 ല്‍ അധികം സിനിമകളില്‍ അഭിനയിച്ച അവര്‍ കെപിഎസി എന്ന മലയാളികള്‍ക്ക് സുപരിചിതമായ നാടക സമിതിയിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. അഭിനേത്രി എന്നതിലുപരി വ്യക്തിപരമായി എനിക്കേറെ അടുപ്പമുണ്ടായിരുന്ന ഒരാളാണ് ലളിത ചേച്ചി.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലും തുടര്‍ന്ന് മകന്റെ ഒപ്പം വീട്ടില്‍ വിശ്രമത്തിലുമിരിക്കുന്ന സമയത്ത് മകന്‍ സിദ്ധാര്‍ഥിനെ വിളിച്ച് ലളിത ചേച്ചിയെ കുറിച്ച് അന്വേഷിക്കാറുണ്ടായിരുന്നു. രോഗാവസ്ഥ ഗുരുതരമാണെന്ന് അറിഞ്ഞിരുന്നെങ്കിലും ആരോഗ്യവതിയായി അവര്‍ നമുക്കിടയിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ ലളിതചേച്ചിയുടെ വിയോഗം ഏറെ ദുസ്സഹമായി.
അഭിനയ രംഗത്ത് ഏറെ പുരസ്‌കാരങ്ങള്‍ നേടിയ അവര്‍ മലയാള സിനിമയുടെ തിളക്കമുള്ള മുഖമായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്സണായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രിയപ്പെട്ട കെപിഎസി ലളിതയുടെ വിയോഗം മലയാള സിനിമയ്ക്ക് മാത്രമല്ല കലാലോകത്തിനാകെയും സൃഷ്ടിക്കുന്ന ശൂന്യത നികത്താനാവാത്തതാണ്. ലളിത ചേച്ചിയെ സ്നേഹിക്കുന്ന എല്ലാവരോടുമൊപ്പം ഞാനും ഈ ദുഃഖത്തില്‍ പങ്കുചേരുന്നു.
ആദരാഞ്ജലികള്‍…

Story Highlights: saji cherian, KPAC lalitha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here