Advertisement

ദൈവം ഒരു പ്രേക്ഷകനാണെങ്കിൽ എപ്പോഴും കരയുന്ന എന്നെയാണ് ദൈവത്തിന് ഇഷ്ടം; അഭിനയ മികവ് അരങ്ങൊഴിയുമ്പോൾ…

February 23, 2022
Google News 2 minutes Read

ഏത് കഥാപാത്രത്തിൽ നിന്ന് തുടങ്ങണം എന്നത് സംശയമാണ്. കാരണം കെപിഎസി ലളിത മലയാള സിനിമയ്ക്ക് സമ്മാനിച്ചതെല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ ആയിരുന്നു. മേരിപ്പെണ്ണും കുഞ്ഞി മറിയയും അടൂരിന്റെ മതിലുകളിലെ നാരായണിയുമെല്ലാം പകരം വെക്കാൻ മറ്റൊരാളില്ലാത്ത കഥാപാത്രങ്ങളാണ്. കണ്ണൊന്നടച്ച് കാതൊന്ന് കൂർപ്പിച്ചാൽ കെപിഎസി ലളിതയുടെ പല ഡയലോഗുകളും നമുക്ക് ഓർത്ത് എടുക്കാം. അഭിനയ മികവ് കൊണ്ട് മാത്രമല്ല, ശബ്ദം കൊണ്ടും കെപിഎസി ലളിത മലയാളികളുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മതിലുകളിൽ നായിക യഥാർത്ഥത്തിൽ കെപിഎസി ലളിതയുടെ ശബ്ദമാണ്. മലയാള സിനിമയിൽ ഇന്നും ആ സിനിമയുടെ സ്ഥാനം എത്രയോ ഉയരത്തിലാണ് എന്നത് പറയാതിരിക്കാൻ സാധിക്കില്ല.

നാടകത്തിൽ നിന്നാണ് കെപിഎസി ലളിതയുടെ തുടക്കം. അഭിനയിച്ച് ഫലിപ്പിച്ച ചിത്രങ്ങൾ ഓർത്തെടുത്താൽ എണ്ണി തീരാൻ പ്രയാസമാണ്. ഇന്ന് ഈ ഭൂമിയിൽ നിന്ന് വിടപറഞ്ഞിരിക്കുന്നത് മറക്കാനാകാത്ത അഭിനയ വിസ്മയമാണ്. എങ്ങനെയൊക്കെ വർണ്ണിച്ചാലും ആ അഭിനയ പ്രതിഭയ്ക്ക് മുന്നിൽ വാക്കുകൾ തികയാതെ തന്നെ കിടക്കും. അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ അമ്മയായും സഹോദരിയായും ഭാര്യയായും എല്ലാം അവർ തകർത്താടി. സ്നേഹം മാത്രമല്ല കുശുമ്പും ദേഷ്യവും ഹാസ്യവും കരുണയുമെല്ലാം ആ മുഖത്തെ അനായാസ ഭാവങ്ങളായിരുന്നു. എങ്കിലും മലയാള സിനിമയിലും മലയാളികൾക്കിടയിലും അമ്മ മുഖമാണ് കെപിഎസി ലളിതയ്ക്ക്.

ഓർത്തിരിക്കാൻ കുന്നോളം സിനിമകളും ഒത്തിരിയേറെ നിമിഷങ്ങളും മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട് കെപിഎസി ലളിത. ജീവിതത്തിലെ ഓരോ പ്രതിസന്ധികളോടും കെപിഎസി ലളിത പൊരുതി കൊണ്ടേയിരുന്നു. ഒട്ടും ലളിതമല്ലായിരുന്നു കെപിഎസി ലളിതയുടെ ജീവിതം. കെപിഎസി നാടക സമിതിയും തോപ്പിൽ ഭാസിയുമാണ് ലളിതാമ്മയുടെ ജീവിതം മാറ്റി മറിച്ചത്. ദൈവം ഒരു പ്രേക്ഷകനാണെങ്കിൽ എപ്പോഴും കരയുന്ന എന്നെയാണ് ദൈവത്തിന് ഇഷ്ടം എന്നാണ് ഒരിക്കൽ കെപിഎസി ലളിത ജീവിതത്തെ കുറിച്ച് പറഞ്ഞത്.

മഹേശ്വരി അമ്മ എന്നായിരുന്നു യഥാര്‍ത്ഥ പേര്. 1947 ൽ ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്ത് കടയ്ക്കത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി ജനിച്ചു. വളരെ ചെറുപ്പ കാലത്ത് തന്നെ നൃത്തം പഠിക്കുകയും 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങുകയും ചെയ്തു. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീടാണ് കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയില്‍ ചേര്‍ന്നത്. അതിനുശേഷം ലളിത എന്ന പേര് സ്വീകരിച്ചത്.

1969ൽ സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് ലളിതയുടെ അരങ്ങേറ്റം. 1991, 2001 വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും അവർ നേടിയിട്ടുണ്ട്. 2009 ലെ ഫിലിംഫെയർ സൗത്ത് അവാർഡ് സമയത്ത് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും നൽകി അവരെ ആദരിച്ചു. ‘ഭീഷ്‍മ പര്‍വം’, ‘ഒരുത്തീ’ എന്നീ ചിത്രങ്ങളാണ് വൈകാതെ പ്രദര്‍ശനത്തിനെത്താനുള്ളത്. മരണം വരെ അഭിനയിക്കുക എന്നതായിരുന്നു ലളിതാമ്മയുടെ ആഗ്രഹം. ആ ആഗ്രഹം നിറവേറ്റി തന്നെയാണ് അവർ യാത്രയാകുന്നത്.

Read Also : കയ്യടികൾ മാത്രം വാരിക്കൂട്ടിയ അഭിനയ വിസ്മയം; കമലകുഞ്ഞമ്മയായി ചക്കപ്പഴത്തിലും…

മലയാളത്തിലും തമിഴിലുമായി 500 ലധികം സിനിമകളിൽ ലളിതാമ്മ അഭിനയിച്ചിട്ടുണ്ട്. കെപിഎസ് ലളിത എന്ന നടിയുടെ വളർച്ച പ്രേക്ഷകർക്ക് മുന്നിലൂടെ ആയിരുന്നു. പഴയ തലമുറ മുതൽ യുവ അഭിനേതാക്കളുടെ വരെ അമ്മയായി ലളിതാമ്മ വേഷ പകർച്ച നടത്തിയിട്ടുണ്ട്. ആ കൈകളിൽ എല്ലാ കഥാപാത്രങ്ങളും അത്രമേൽ ഭദ്രമായിരുന്നു. ജീവിതത്തിലെ ഓരോ പ്രതിസന്ധികളിലൂടെയും അവർ പോരാടി കൊണ്ടേയിരുന്നു. പ്രിയപ്പെട്ടവർക്ക് അമ്മയായും ചേച്ചിയായും കൂട്ടുകാരിയായും മലയാള സിനിമയുടെയും മലയാളികളുടെയും പ്രിയപെട്ടവളായി കെപിഎസി ലളിത ചേർന്ന് നിന്നു. അതുകൊണ്ട് തന്നെയാണ് കെപിഎസി ലളിതയുടെ വിയോഗം അത്രമേൽ വേദന മലയാളക്കരയ്ക്ക് ഏൽപ്പിച്ചത്.

ആ അഭിനയ വിസ്മയം ഇനിയില്ല. അമ്മയായി കെപിഎസി ലളിത പകർന്നാടിയ അമ്മ വേഷങ്ങൾക്കും കണക്കില്ല. അതിൽ ഓരോ വേഷവും പ്രേക്ഷകനുള്ളിലും കൂടെ അഭിനയിച്ചവർക്കും കെപിഎസി ലളിത ഒരമ്മ പരിവേഷം തന്നെ നൽകി. ആ വിസ്മയം ഇന്നലെ ചൊവ്വാഴ്ച രാത്രിയോടെ വിടപറഞ്ഞു. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, മല്ലികാ സുകുമാരന്‍, ഇടവേള ബാബു, സുരേഷ് കുമാര്‍, കുഞ്ചന്‍, ദിലീപ്, കാവ്യാ മാധവന്‍, ജനാര്‍ദ്ദനന്‍, ടിനി ടോം, മഞ്ജു പിള്ള. തുടങ്ങിയവരുള്‍പ്പെടെ മലയാള സിനിമാ സീരിയൽ ലോകത്ത് നിന്ന് നിരവധി പേരാണ് കെപിഎസി ലളിതയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത്.

Story Highlights: Story about KPAC Lalitha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here