Advertisement

ഒരു വര്‍ഷത്തിനുള്ളില്‍ 200 വനിതാ ടാക്‌സി ഡ്രൈവര്‍മാരെ നിയമിക്കാനൊരുങ്ങി ഒമാന്‍

February 24, 2022
Google News 2 minutes Read

ഒരു വര്‍ഷത്തിനുള്ളില്‍ 200 വനിതാ ടാക്‌സി ഡ്രൈവര്‍മാരെ നിയമിക്കാനൊരുങ്ങി ഒമാന്‍. സ്ത്രീകളുടെയും കുട്ടികളുടെയും യാത്ര കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈ വര്‍ഷം ജനുവരി മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വനിതാ ടാക്‌സി സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക ടാക്സി സര്‍വീസ് ആപ്പായ ‘ഒ ടാക്‌സി’ക്കാണ് ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം വനിതാ ടാക്‌സി സര്‍വീസ് നടത്താനുള്ള ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. 20ഓളം സ്ത്രീകളാണ് നിലവില്‍ ഡ്രൈവര്‍മാരായി പ്രവര്‍ത്തിക്കുന്നത്.

പിങ്ക്, വെള്ള നിറങ്ങളിലുള്ളതാണ് വനിതാ ടാക്‌സി. ഏത് പ്രതികൂല സാഹചര്യങ്ങളെയും നേരിടാന്‍ പരിശീലനം ലഭിച്ചവരെയാണ് ഡ്രൈവര്‍മാരായി നിയമിച്ചിട്ടുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ സ്ത്രീകള്‍ ഓടിക്കുന്ന 50 കാറുകളും ഒരു വര്‍ഷത്തിനുള്ളില്‍ 200 വനിതാ ഡ്രൈവര്‍മാരെയുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ‘ഒ ടാക്‌സി’ സി.ഇ.ഒ എന്‍ജിനിയര്‍ ഹരിത് അല്‍ മെഖ്ബാലി പറഞ്ഞു.

Read Also : ഒമാനില്‍ കൊവിഡ് കുറയുന്നു; പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴെ

രണ്ടാം ഘട്ടത്തില്‍ സുഹാര്‍, സലാല എന്നിവിടങ്ങളിലേക്ക് വനിതാ ടാക്‌സി സര്‍വീസ് വ്യാപിപ്പിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. വീട്ടുവാതില്‍ക്കല്‍വരെ സേവനമെത്തിക്കുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

2018ലാണ് ഒമാനില്‍ ‘ഒ ടാക്സി’ കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ മസ്‌കറ്റ്, സൂര്‍, നിസ്‌വ, സൊഹാര്‍, സലാല തുടങ്ങിയ പ്രധാന നഗരങ്ങളിലായി 1,800ല്‍ അധികം ഡ്രൈവര്‍മാര്‍ കമ്പനിക്ക് കീഴില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

തുടക്കത്തില്‍ രാവിലെ ആറു മുതല്‍ രാത്രി പത്തുവരെയാണ് സേവനം. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റാനുള്ള ആലോചനകളും നടക്കുന്നുണ്ട്. കോളജുകളിലേക്കും ഓഫീസുകളിലേക്കും പോകുന്ന നിരവധി പേര്‍ക്ക് ടാക്‌സി സര്‍വീസ് ഗുണകരമാകും.

Story Highlights:Oman plans to hire 200 women taxi drivers a year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here