Advertisement

റഷ്യ-യുക്രൈൻ യുദ്ധം; ഇന്ത്യയെ എങ്ങനെ ബാധിക്കും ? [ 24 Explainer ]

February 24, 2022
Google News 2 minutes Read

റഷ്യ യുക്രൈൻ ബന്ധം വഷളായപ്പോഴും, യുക്രൈൻ അതിർത്തിയിൽ റഷ്യ സൈന്യത്തെ നിരത്തിയപ്പോഴും ഒരു തുറന്ന യുദ്ധത്തിലേക്ക് റഷ്യ കടക്കുമെന്ന് ആരും കരുതിയിരിക്കില്ല…അമേരിക്ക ഒഴികെ…! യുദ്ധമുണ്ടാകുമെന്ന ആദ്യ മുന്നറിയിപ്പ് ലോകത്തിന് നൽകിയതും അമേരിക്കയാണ്. അതിർത്തിൽ നിന്ന് റഷ്യ സൈനിക പിന്മാറ്റം പ്രഖ്യാപിച്ചപ്പോഴും, അമേരിക്ക റഷ്യൻ നീക്കത്തെ വിശ്വാസത്തിലെടുത്തിരുന്നില്ല. ഒടുവിൽ അമേരിക്കയുടെ ഇന്റലിജൻസ് റിപ്പോർട്ട് ശരിവച്ചുകൊണ്ട് റഷ്യ യുദ്ധം പ്രഖ്യാപിച്ചു. ( Russia Ukraine war effect on india )

യുദ്ധം പ്രഖ്യാപിച്ചതോടെ ഓഹരി വിപണി കൂപ്പുകുത്തി, സ്വർണ വില ഉയർന്നു, ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ ഉയർന്നു…യുദ്ധം ആരംഭിച്ച് മണിക്കൂറുകൾക്കം സംഭവിച്ച മാറ്റങ്ങളാണ് ഇത്. ഈ യുദ്ധം എങ്ങനെയാണ് ലോകത്തെ ബാധിക്കുന്നത് ? എങ്ങനെയാണ് ഇന്ത്യയെ ബാധിക്കുന്നത് ? ഏതൊക്കെ വസ്തുക്കൾക്ക് വില കൂടാം ? അറിയാം…

ഓഹരി വിപണി

യുദ്ധഭീതി പടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിപണിയുള്‍പ്പെടെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇന്ന് വിപണി തുറന്ന് മിനിട്ടുകള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 6 ലക്ഷം കോടിയോളം രൂപയാണ്. 2413 ഓഹരികളുടെ വില ഇടിയുകയായിരുന്നു. വെറും 355 ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഇത് നാലാം ദിവസമാണ് വിപണിയില്‍ കനത്ത ഇടിവ് തുടരുന്നത്.

തിങ്കളാഴ്ച മോസ്‌കോയുടെ ഓഹരി വിപണി സൂചികകള്‍ 10 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇപ്പോള്‍ നാല് ശതമാനത്തിന്റെ ഇടിവ് കൂടി രേഖപ്പെടുത്തിയതോടെ ഈ വര്‍ഷത്തെ വിപണിയുടെ ആകെ നഷ്ടം 20 ശതമാനം കടന്നു. ഇത് വരുംദിവസങ്ങളില്‍ ഇനിയും വര്‍ധിക്കാനിടയുണ്ടെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. റഷ്യന്‍ ഓഹരികളുടെ മൂല്യത്തില്‍ 40 ബില്യണ്‍ ഡോളറിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. യു എസ് ഡോളറിനെതിരായി റുബിളിന്റെ മൂല്യം വലിയ രീതിയില്‍ ഇടിഞ്ഞിട്ടുണ്ട്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സാധനങ്ങളുടെ വില കുത്തനെ ഉയരുമെന്നാണ് വിവരം. റഷ്യന്‍ ഇക്വിറ്റികളെ ന്യൂട്രല്‍ എന്നതില്‍ നിന്നും ഓവര്‍വെയിറ്റ് എന്ന നിലയിലേക്ക് വാള്‍ സ്ട്രീറ്റ് ബാങ്ക് ഡൗണ്‍ഗ്രേഡ് ചെയ്തിട്ടുണ്ട്.

യൂറോപ്പിൽ ഊർജ പ്രതിസന്ധി

ശീതയുദ്ധ കാലത്ത് റഷ്യയാണ് യൂറോപ്പിലേക്ക് ഇന്ധനം വിതരണം ചെയ്തിരുന്നത്. ക്രിമിയ പിടിച്ചടക്കിയതിന് ശേഷവും ഇത് തുടർന്നിരുന്നു. വ്യാവസായിക രംഗത്ത് തങ്ങളുടെ വിശ്വാസ്യതയെ തകർക്കുന്നതൊന്നും റഷ്യ ചെയ്യാനിടയില്ല. അതുകൊണ്ട് തന്നെ ഇന്ധ്‌ന വിതരണം നിർത്തിവയ്ക്കാനും സാധ്യതയില്ല.

പക്ഷേ, റഷ്യയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ കടുത്ത ഉർജ പ്രതിസന്ധിയിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ എടുത്തെറിയപ്പെടും.

ചൈനയുടെ അവസ്ഥ

റഷ്യയ്ക്കും യുക്രൈനുമിടയിൽ റഷ്യയെയാണ് ചൈന തെരഞ്ഞെടുത്തിരിക്കുന്നത്. ജനുവരി ആദ്യം ചൈനയുടെ ഷീ ജിൻ പിംഗ് റഷ്യയുടെ വഌഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ്സിൽ നിന്നും നാറ്റോയിൽ നിന്നും റഷ്യ ആവശ്യപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളെ ചൈന പിന്തുണച്ചിരുന്നു.

ഇന്ത്യയുടെ സമ്പത് വ്യവസ്ഥ

റഷ്യ യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധന ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ പ്രഹരമാകും ഏൽപ്പിക്കുക.

ഈ വസ്തുക്കൾക്ക് വില കൂടിയേക്കാം :

  1. ഇന്ധനം

ഇന്ത്യ 80% എണ്ണയും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിൽ 25 ശതമാനവും എണ്ണയാണ്. നിലവിലെ ധനകമ്മിയെ എണ്ണ വില കൂടുന്നത് ബാധിക്കും.

ഇതോടെ പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനയാണ് ഇനി ഉണ്ടാകാൻ പോകുന്നത്.

ഇറക്കുമതിക്കായി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില നൂറ് ഡോളറിനടുത്തെത്തി. 2.6 ശതമാനം വര്‍ധന രേഖപ്പെടുത്തിയതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 97.87 ഡോളറിലേക്കെത്തി. യു എസ് ക്രൂഡ് വിലയിലും വന്‍ കുതിപ്പുണ്ടായിട്ടുണ്ട്. 3.61 ശതമാനം വര്‍ധനയോടെ വില ബാരലിന് 94.36 ഡോളറിലെത്തി. 2021 ലെ ക്രൂഡ് ഓയില്‍ വിലയില്‍ നിന്നും ഈ വര്‍ഷം 20 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. യുദ്ധസമാന സാഹചര്യം വരും ദിവസങ്ങളില്‍ വന്നാല്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളര്‍ എന്ന നിലയിലേക്ക് വരെ കുതിച്ചേക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. എണ്ണവില വര്‍ധനയ്‌ക്കൊപ്പം സാധനങ്ങളുടെ വിലയും കുതിച്ചുയരുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.

  1. സൺഫ്‌ളവർ ഓയിൽ

ഇന്ത്യ 90% സൺഫ്‌ളവർ ഓയിലും ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽ നിന്നും യുക്രൈനിൽ നിന്നുമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ എണ്ണയാണ് സൺഫ്‌ളവർ ഓയിൽ.

Russia Ukraine war effect on india

2021 ൽ ഇന്ത്യ 1.89 മില്യൺ ടൺ സൺഫ്‌ളവർ ഓയിലാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 70 ശതമാനം യുക്രൈനിൽ നിന്നായിരുന്നു. റഷ്യയിൽ നിന്ന് 20 ശതമാനവും ബാക്കി 10 ശതമാനം അർജന്റീനയിൽ നിന്നുമാണ് ഇറക്കുമതി ചെയ്തത്.

സാധാരണ ഗതിയിൽ ഫെബ്രുവരി-മാർച്ച് മാസത്തിൽ ഇന്ത്യയിലേക്ക് യുക്രൈനിൽ നിന്ന് 1.5 മുതൽ രണ്ട് മില്യൺ സൺഫ്‌ളവർ വിത്തുകളഅ# വരെ വരാറുണ്ട്. എന്നാൽ റഷ്യ -യുക്രൈൻ സംഘർഷം മറനീക്കി പുറത്തുവന്ന ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് ഒരു ഷിപ്‌മെന്റ് സൺഫ്‌ളവർ ഓയിൽ പോലും എത്തിയില്ല.

Read Also : ഒറ്റപ്പെട്ട് യുക്രൈൻ; സഖ്യകക്ഷി അല്ല, യുക്രൈനെ സൈനികമായി സഹായിക്കാൻ കഴിയില്ലെന്ന് നാറ്റോ

റഷ്യ-യുക്രൈൻ യുദ്ധം രണ്ടോ മൂന്നോ ആഴ്ചകൾ കൂടി നീണ്ടുനിന്നാൽ ഇന്ത്യയിൽ സൺഫ്‌ളവർ ഓയിൽ സ്‌റ്റോക്ക് അവതാളത്തിലാകും.

  1. ഗോതമ്പ്

ഗോതമ്പ് വിലയിലും വലിയ വർധനയുണ്ടാകാൻ സാധ്യതയുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രാജ്യം റഷ്യയാണ്. യുക്രൈനാണ് ഏറ്റവും കൂടുതൽ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന നാലാമത്തെ രാജ്യം. ലോകമെമ്പാടും ഉപയോഗിക്കുന്ന ഗോതമ്പിന്റെ കാൽ ഭാഗവും വരുന്നത് ഈ രണ്ട് രാജ്യങ്ങളിൽ നിന്നുമാണ്.

Russia Ukraine war effect on india

കൊവിഡ് കാരണം ലോകത്തെ ഭക്ഷ്യ വിതരത്തിലും, ഭക്ഷ്‌യ വസ്തുക്കളുടെ വിലയിലും വലിയ മാറ്റവും വിലക്കൂടുതലും സംഭവിച്ചതായി യുണൈറ്റഡ് നേഷൻസ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

നിലവിൽ യുദ്ധം കൂടി പൊട്ടി പുറപ്പെട്ടതോടെ ഭക്ഷ്യ വസ്തുക്കളുടെ വിലയിൽ വലിയ രീതിയിൽ വിലക്കയറ്റമുണ്ടാകുമെന്നാണ് വിദഗ്ധർ ആശങ്കപ്പെടുന്നത്.

  1. പെല്ലേഡിയം
Russia Ukraine war effect on india

പെല്ലേഡിയത്തിന്റെ വില കൂടുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മൊബൈൽ ഫോണുകൾ, ഓട്ടോമോട്ടിവ് എക്‌സോസ്റ്റ് സിസ്റ്റം എന്നിവയിൽ ഉപയോഗിക്കുന്ന ലോഹവസ്തുവാണ് പെല്ലേഡിയം. ലോകത്ത് ഏറ്റവും കൂടുതൽ പെല്ലേഡിയം കയറ്റുമതി ചെയ്യുന്ന രാജ്യം റഷ്യയാണ്.

  1. മരുന്നുകളുടെ കയറ്റുമതി

യുക്രൈനിലേക്ക് ഏറ്റവും കൂടുതൽ മരുന്നുകൾ കയറ്റി അയക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. റാൻബാക്‌സി, സൺ ഗ്രൂപ്പ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് എന്നീ സ്ഥാപനങ്ങൾക്ക് യുക്രൈനിൽ ഓഫിസുകളുണ്ട്. യുദ്ധം വന്നതോടെ ഈ കയറ്റുമതിയേയും അത് ബാധിക്കും.

….റഷ്യ-യുക്രൈൻ യുദ്ധം തുടർന്നാൽ അത് മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയും ലോകരാജ്യങ്ങൾക്ക് മുന്നിലുണ്ട്. അങ്ങനെയെങ്കിൽ സാധാരണക്കാരുടെ ജീവിതം തലകീഴായി മറിയും. ലോകം രണ്ട് ചേരിയിലേക്ക് ചുരുങ്ങുമ്പോൾ സമ്പദ് വ്യവസ്ഥയുടെ ഗതി ഇനി എന്താകുമെന്നത് പ്രവചനാതീതമാണ്…

Story Highlights: Russia Ukraine war effect on india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here