Advertisement

ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍, ശ്രീലങ്കയുടെ തുടക്കം പാളി

February 24, 2022
Google News 2 minutes Read

ട്വന്റി20യില്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ 200 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 199 റണ്‍സടിച്ചത്. ഇഷാന്‍ കിഷന്‍ (89), ശ്രേയസ് അയ്യര്‍ (57*), രോഹിത് ശര്‍മ (44) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് തുണയായത്. ദസുന്‍ ഷണക, ലഹിരു കുമാര എന്നിവര്‍ ശ്രീലങ്കയ്ക്കായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 4.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സെന്ന നിലയിലാണ്.

ഇന്ത്യയുടെ തുടക്കം സ്വപ്ന തുല്യമായിരുന്നു. രോഹിത് ശര്‍മയും (44), ഇഷാന്‍ കിഷനും (89) തുടക്കം മുതല്‍ തല്ലിത്തകര്‍ത്തതോടെ ഇന്ത്യക്ക് മികച്ച അടിത്തറ ലഭിച്ചു. മോശം ഫോമിലായിരുന്ന ഇഷാന്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 11.5 ഓവറില്‍ 111 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇഷാനും രോഹിത്തും തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

Read Also : ഇന്ത്യ- ശ്രീലങ്ക ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

രോഹിത് ശര്‍മയാണ് ആദ്യം മടങ്ങിയത്. 32 പന്തുകള്‍ നേരിട്ട രോഹിത് രണ്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 44 റണ്‍സെടുത്തു. ലഹിരു കുമാര രോഹിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. രോഹിത് പുറത്തായപ്പോഴും വെടിക്കെട്ട് തുടര്‍ന്ന ഇഷാന്‍ 56 പന്തുകള്‍ നേരിട്ട് 10 ഫോറും മൂന്ന് സിക്സും പറത്തി. ഇഷാനെ ദസുന്‍ ഷണകയാണ് പുറത്താക്കിയത്. വമ്പന്‍ ഷോട്ടിന് ശ്രമിച്ച ഇഷാന്‍ ജനിത് ലിയനേഗിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.

മൂന്നാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യരും (57*) തല്ലിത്തകര്‍ത്തതോടെ ഇന്ത്യ വമ്പന്‍ ടോട്ടലിലേക്ക് കുതിച്ചു. സഞ്ജു സാംസണെ പിന്നോട്ട് വലിച്ച് നാലാമനായി രവീന്ദ്ര ജഡേജയ്ക്കാണ് (3) ഇന്ത്യ അവസരം നല്‍കിയത്. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ജഡേജയെ കാഴ്ചക്കാരനാക്കിയാണ് ശ്രേയസ് തല്ലിത്തകര്‍ത്തത്.

28 പന്ത് നേരിട്ട് അഞ്ച് ഫോറും രണ്ട് സിക്സും ശ്രേയസ് പറത്തി. ആദ്യ മത്സരത്തിനുള്ള ടീമില്‍ സഞ്ജു സാംസണെ ഇന്ത്യ ഉള്‍പ്പെടുത്തിയെന്നതാണ് എടുത്തുപറയേണ്ട കാര്യം. ടി20 ലോകകപ്പിനുള്ള പദ്ധതികളില്‍ സഞ്ജു സാംസണും ഉള്‍പ്പെടുമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന് അവസരം ലഭിച്ചത്.

Story Highlights: t20, Top scorer for India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here