രണ്ടര വയസുകാരി കണ്ണ് തുറന്നു; വായിലൂടെ ആഹാരം കൊടുത്തു

തൃക്കാക്കരയില്‍ പരിക്കേറ്റ രണ്ടര വയസുകാരിയുടെ ആരോഗ്യ നില മെച്ചപെട്ടു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കുട്ടി കണ്ണു തുറക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. രാവിലെ മുതല്‍ നേരിട്ട് ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. നിലവിലെ സാഹചര്യം പ്രതീക്ഷ നല്‍കുന്നതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം, രണ്ടര വയസുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുലര്‍ച്ചെ ഇരുവരും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവം പൊലീസിനെ അറിയിച്ചതായി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.സോജന്‍ ഐപ്പ് അറിയിച്ചു.
കഴിഞ്ഞ അര്‍ദ്ധരാത്രി ഒരു മണിയോടെയാണ് സംഭവം. ആശുപത്രിയിലെവെയിറ്റിംഗ് റൂമിലെ ബാത്‌റൂമില്‍ കയറി ആണ് അമ്മ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചത്. ടോയ്ലറ്റിലേക്ക് പോയ അമ്മ അര മണിക്കൂറിനു ശേഷവും പുറത്തുവരാതെ ആയപ്പോള്‍ സംശയം തോന്നിയ സെക്യൂരിറ്റി നോക്കിയപ്പോഴാണ് ഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ കൈയില്‍ ഒന്നിലധികം തവണ ബ്ലേഡ് കൊണ്ട് ഞരമ്പുകള്‍ മുറിച്ച നിലയിലായിരുന്നു. രക്തംവാര്‍ന്ന് കിടന്ന അമ്മയെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
പിന്നാലെ വെയിറ്റിംഗ് റൂമില്‍ കുട്ടിയുടെ അമ്മൂമ്മയും ഞരമ്പ് മുറിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. അമ്മൂമ്മയുടെ കൈയിലുംകഴുത്തിനും ആണ് ഞരമ്പ് മുറിച്ചിരുന്നത്. ഇത് ആഴത്തിലുള്ള മുറിവുകള്‍ അല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരെ കൗണ്‍സിലിംഗിന് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. സംഭവം പൊലീസിനെ അറിയിച്ചതായും ആശുപത്രി അധികൃതര്‍.
കുട്ടി സ്വയം വരുത്തി വെച്ച പരിക്കെന്ന് അമ്മ ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ പൊലീസ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. കുട്ടിക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
മകളെ ആരും ഉപദ്രവിച്ചതല്ലെന്ന് കുട്ടിയുടെ അമ്മ പറയുന്നത്. ടിജിന്‍ മകളെ അടിക്കുന്നതായി താന്‍ കണ്ടിട്ടില്ല. മകള്‍ക്ക് സാധാരണ കുസൃതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളായി അസാധാരണമായ പെരുമാറ്റമാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ജനലിന്റെ മുകളില്‍ നിന്ന് പലതവണ ചാടിയിട്ടുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്‌നവും പറഞ്ഞിട്ടില്ല. കുന്തിരിക്കം കത്തിച്ച് വെച്ചതിലേക്ക് വീണതോടെയാണ് ദേഹത്ത് പൊള്ളലുണ്ടായത്. പല ദിവസങ്ങളിലുണ്ടായ പരിക്ക് അവസാനം ഒരുമിച്ച് വന്നതാകാം. പനി കൂടിയതോടെ അപസ്മാര ലക്ഷണങ്ങളും കൂടി. ഈ മുറിവിന്മേല്‍ വീണ്ടും മകള്‍ മുറിവുകള്‍ ഉണ്ടാക്കുകയായിരുന്നു എന്നും കുട്ടിയുടെ അമ്മ പറയുന്നു.
അതേസമയം, താന്‍ ഒളിവിലല്ലെന്ന് തൃക്കാക്കരയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട രണ്ടരവയസുകാരിക്കും കുടുംബത്തിനും ഒപ്പം താമസിച്ചിരുന്ന ആന്റണി റ്റിജിന്‍ പ്രതികരിച്ചു. പൊലീസിനെ ഭയന്നാണ് മാറിനില്‍ക്കുന്നതെന്നും നേരത്തെയുള്ള പരാതിയില്‍ പനങ്ങാട് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും ആന്റണി പറഞ്ഞു. കുട്ടി കളിക്കുന്നതിനിടെ വീണാണ് പരിക്കേറ്റതെന്നാണ് ഇയാള്‍ പറയുന്നത്. ദേഹത്ത് പൊള്ളലേറ്റത് കുന്തിരിക്കം വീണാണെന്നും കുട്ടി കരഞ്ഞ് കാണാഞ്ഞതിനാലാണ് ആശുപത്രിയില്‍ എത്തിക്കാഞ്ഞതെന്നും ആന്റണി പറഞ്ഞു. നിരപരാധിത്വം തെളിയിക്കണമെന്നും ഇതിനായി പൊലീസിനെ ചെന്ന് ഉടന്‍ കാണുമെന്നും ആന്റണി ടിജിന്‍ പറഞ്ഞു. അപസ്മാരം കണ്ടതോടെ താനാണ് ആദ്യം ആശുപത്രിയിലെത്തിച്ചതെന്നും ടിജിന്‍ പറഞ്ഞു.
ആന്റണിയാകാം കുഞ്ഞിനെ പീഡിപ്പിച്ചതെന്നായിരുന്നു കുഞ്ഞിന്റെ അച്ഛന്‍ ഇന്നലെ പറഞ്ഞത്. കുട്ടിക്കും കുടുംബത്തിനുമൊപ്പം താമസിച്ചരുന്ന ആന്റണി ടിജിനെ ഉടന്‍ ചോദ്യം ചെയ്യേണ്ടതിലെന്നായിരുന്നു ഞായറാഴ്ച പൊലീസിന്റെ തീരുമാനം. അമ്മയുടെ സഹോദരിക്കും മകനുമൊപ്പം ഇയാള്‍ ഫ്‌ലാറ്റ് വിട്ടെങ്കിലും പൊലീസ് വിളിക്കുമ്പോഴെല്ലാം ഫോണില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആന്റണിയാകാം മര്‍ദ്ദനത്തിന് പിന്നിലെന്ന ആരോപണവുമായി കുഞ്ഞിന്റെ അച്ഛന്‍ ഇന്നലെ രംഗത്തെത്തി. കൂടാതെ ആന്റണിയുടെ സംശയാസ്പദമായ പശ്ചാത്തലത്തെകുറിച്ച പൊലീസിന് നിരവധി വിവരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു.
Story Highlights: The two-and-a-half-year-old opened her eyes; Fed through the mouth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here