Advertisement

‘മോദി പുടിനുമായി സംസാരിക്കണം’; ഇന്ത്യയുടെ സഹായമഭ്യർത്ഥിച്ച് യുക്രൈൻ

February 24, 2022
Google News 2 minutes Read
ukraine seeks indias help

റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ ഇടപെടണണെന്ന് അഭ്യർത്ഥിച്ച് യുക്രൈൻ നയതന്ത്ര ഉദ്യോഗസ്ഥൻ ഇഗോർ പൊലിഖ. ഇന്ത്യ വളരെയധികം സ്വാധീനമുള്ള രാജ്യമാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യയുടെ ശക്തമായ നിലപാടാണ് ഈ ഘട്ടത്തിൽ ആവശ്യപ്പെടുന്നതെന്ന് പോലിഖ വ്യക്തമാക്കി. ( Ukraine seeks India’s help )

‘ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ ശക്തനായതും എല്ലാവരും ബഹുമാമിക്കുകയും ചെയ്യുന്ന നേതാവാണ്. റഷ്യയുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ മോദി ജി പുടിനുമായി സംസാരിച്ചാൽ അദ്ദേഹം പ്രതികരിച്ചേക്കും’- വാർത്താ സമ്മേളനത്തിൽ പൊലിഖ പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് യുക്രൈനിൽ ആക്രമണം നടത്താൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉത്തരവിട്ടത്. യുഎൻ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിൻ സൈനിക നടപടി പ്രഖ്യാപിച്ചത്. യുക്രൈനിലെ സൈനിക നടപടി അനിവാര്യമാണെന്ന് പറഞ്ഞ പുടിൻ നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.

Read Also : പ്രതിരോധിച്ച് യുക്രൈൻ; റഷ്യൻ സേന ക്യാമ്പ് ചെയ്യുന്ന ബാലാറസിലേക്ക് മിസൈൽ ആക്രമണം

തുടർന്ന് യുക്രൈൻ തിരിച്ചടി ആരംഭിച്ചു. വിമതർക്കൊപ്പം ഒരു പട്ടണത്തിന് നേരെ റഷ്യ നടത്തിയ ആക്രമണത്തെ ചെറുക്കുന്നതിനിടെ റഷ്യയുടെ 50 ഓളം സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്‌നിന്റെ സൈനിക കമാൻഡ് അറിയിച്ചു. കിഴക്കൻ നഗരമായ കാർക്കീവിന് സമീപം നാല് റഷ്യൻ ടാങ്കുകളും തകർത്തു. മറ്റൊരു റഷ്യൻ വിമാനത്തെ ക്രാമാറ്റോർസ്‌കിൽ തകർത്തുവെന്നും സായുധ സേനയുടെ ജനറൽ സ്റ്റാഫ് ട്വീറ്റ് ചെയ്തു. 40 യുക്രൈൻ സൈനികരും കൊല്ലപ്പെട്ടതായി യുക്രൈൻ വ്യക്തമാക്കിയതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

വിമതമേഖലയായ ലുഹാൻസ്‌കിൽ ഉൾപ്പെടെ ആറ് റഷ്യൻ യുദ്ധവിമാനങ്ങളും ഒരു റഷ്യൻ ഹെലികോപ്റ്ററും വെടിവച്ച് വീഴ്ത്തിയെന്ന് യുക്രെയ്ൻ സൈന്യം അറിയിച്ചതായി വാർത്താ എജൻസി റോയിട്ടേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വിവിധയിടങ്ങളിൽ അതിഭീകരമായ തുടർ സ്‌ഫോടനങ്ങൾ നടന്നതോടെയാണ് യുക്രെയ്ൻ തിരിച്ചടിക്കാൻ തുടങ്ങിയത്. റഷ്യയാണ് ഏകപക്ഷീയമായ ആക്രമണം തുടങ്ങിവച്ചതെന്നും ആരും ഒളിച്ചോടാൻ പോകുന്നില്ലെന്നും. യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു. ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യുക്രൈൻ പ്രസിഡന്റ് വ്‌ലോദിമിർ സെലൻസ്‌കി സ്ഥാനമൊഴിയണമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ നിലപാട്. പുതിയ സർക്കാർ വരണം എന്നും പുടിൻ ആവശ്യപ്പെടുന്നു. പുതിയ പ്രസിഡന്റ് ആരാവണമെന്ന് റഷ്യ തീരുമാനിക്കുമെന്നാണ് വിവരം. ആരൊക്കെ ഏതൊക്കെ സ്ഥാനങ്ങളിൽ വരണമെന്ന് റഷ്യ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു ഭരണമാറ്റമുണ്ടായാൽ ആക്രമണം നിർത്താമെന്നും റഷ്യ പറയുന്നു.

Story Highlights: Ukraine seeks india’s help

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here