Advertisement

സിഖ് പെണ്‍കുട്ടിയോട് തലപ്പാവ് അഴിക്കാന്‍ ആവശ്യപ്പെട്ട് കോളജ് അധികൃതര്‍; കോടതി ഉത്തരവ് വളച്ചൊടിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ പിതാവ്

February 25, 2022
Google News 2 minutes Read

കര്‍ണാടകയില്‍ ഹിജാബ് വിവാദം കത്തിനില്‍ക്കേ, 17 വയസ്സുള്ള സിഖ് പെണ്‍കുട്ടിയോട് തലപ്പാവ് അഴിക്കാന്‍ ആവശ്യപ്പെട്ട് ബംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ പിയു കോളജ് അധികൃതര്‍. കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവനുസരിച്ചാണ് തലപ്പാവ് അഴിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് കോളജ് അധികൃതരുടെ വാദം. ഹിജാബുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് കോളജ് അധികൃതര്‍ വളച്ചൊടിക്കുകയാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണം. ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം പെണ്‍കുട്ടികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വാദം തുടരുകയാണ്.

യൂണിഫോം നിര്‍ദ്ദേശിച്ചിട്ടുള്ള കോളജുകളിലെ ക്ലാസ് മുറികളില്‍ കാവി ഷാളും ഹിജാബും മതപതാകകളും ധരിക്കുന്നതില്‍ നിന്ന് കോടതി നേരത്തെ വിദ്യാര്‍ത്ഥികളെ വിലക്കിയിരുന്നു. ഈ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കോളജ് അധികൃതര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ സിഖ് പെണ്‍കുട്ടിയോട് തലപ്പാവ് അഴിക്കാന്‍ ആവശ്യപ്പെട്ടത്. ഫെബ്രുവരി 16ന് ആദ്യമായി തലപ്പാവ് അഴിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് നിരസിച്ചിരുന്നു.

Read Also : പലഹാരം വാങ്ങാന്‍ ട്രെയിന്‍ നിര്‍ത്തി; പതിവെന്ന് നാട്ടുകാര്‍, ലോക്കോ പൈലറ്റിന് സസ്‌പെന്‍ഷന്‍

ഒരു സിഖുകാരന്റെ തലപ്പാവിന്റെ പ്രാധാന്യം തങ്ങള്‍ക്കറിയാമെങ്കിലും ഹൈക്കോടതി ഉത്തരവ് അനുസരിക്കേണ്ടതാണെന്ന് കോളജ് അധികൃതര്‍ പെണ്‍കുട്ടിയുടെ പിതാവിനോട് പറഞ്ഞു. ‘ തലപ്പാവ് സിഖ് പുരുഷന്മാരുടെ / സ്ത്രീകളുടെ അവിഭാജ്യ ഘടകമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, നിങ്ങളുടെ വിശ്വാസത്തെ ഞങ്ങള്‍ മാനിക്കുന്നു. യൂണിഫോം ഡ്രസ് കോഡുള്ള കോളജ് എന്ന നിലയില്‍, ഞങ്ങള്‍ ഹൈക്കോടതി ഉത്തരവ് പാലിക്കേണ്ടതുണ്ട്. അതിനാല്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്താന്‍ ദയവായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’. – കോളജ് അധികൃതകര്‍ പിതാവിന് അയച്ച കത്തില്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവ് ഗുരുചരണ്‍ സിംഗ് ഈ കത്തിന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ‘ ഞാന്‍ ഹൈക്കോടതിയുടെ ഉത്തരവ് വായിച്ചിട്ടുണ്ട്. അതില്‍ സിഖുകാരുടെ തലപ്പാവിനെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. നിങ്ങള്‍ കോടതിവിധിയെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഞങ്ങളുടെ കമ്മ്യൂണിറ്റി അഭിഭാഷകരുമായും വിവിധ സംഘടനകളുമായും ഞാന്‍ ബന്ധപ്പെടുന്നുണ്ട്. നിങ്ങള്‍ എന്റെ മകളെ തലപ്പാവ് ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’. – ഗുരുചരണ്‍ സിംഗ് മറുപടി നല്‍കി.

Story Highlights: College authorities ask Sikh girl to take off her turban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here