Advertisement

വീണ്ടും ഒറ്റപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍; പുടിന്റെ ആസ്തികള്‍ മരവിപ്പിക്കും

February 25, 2022
Google News 1 minute Read

ലോകത്തെയാകെ ആശങ്കയിലാക്കിക്കൊണ്ട് റഷ്യ യുക്രൈന്‍ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെതിരെ വീണ്ടും സാമ്പത്തികമായ നീക്കങ്ങളുമായി യൂറോപ്പ്. റഷ്യയുടെ പുറത്തുള്ള പുടിന്റെ ആസ്തികള്‍ മരവിപ്പിക്കുന്ന നടപടികളിലേക്കുള്‍പ്പെടെ കടക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ നേരിടുന്ന റഷ്യയ്ക്കും പുടിനും യൂറോപ്യന്‍ യൂണിയന്റെ ഈ നീക്കവും കനത്ത ആഘാതമാകും. ഇത് കൂടാതെ റഷ്യന്‍ ബാങ്കുകള്‍ക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തി ഒറ്റപ്പെടുത്താനുള്ള പാക്കേജുകളും യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയിടുന്നുണ്ട്.

പുടിന്റെ ആകെ സമ്പത്ത് എത്രയെന്ന് കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. അദ്ദേഹത്തിന് പ്രതിവര്‍ഷം 10 മില്യണ്‍ റൂബിള്‍ സമ്പാദിക്കാനാകുന്നുണ്ടെന്നാണ് ബ്ലൂംബെര്‍ഗിന്റെ കണക്ക്. മൂന്ന് ആഡംബര കാറുകളും ഒരു അപ്പാര്‍ട്ട്‌മെന്റും മാത്രമേ അദ്ദേഹത്തിനുള്ളൂവെന്നാണ് റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ പുടിന്റെ യഥാര്‍ഥ ആസ്തി ഈ കണക്കുകളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ലെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.

Read Also : അമേരിക്കയുടേത് പിന്മാറ്റമല്ല, നയതന്ത്രം…! ഒഴിവാക്കുന്നത് ലോകമഹായുദ്ധം

അതിനിടെ റഷ്യന്‍ സൈന്യം നിലവില്‍ യുക്രൈന്‍ പാര്‍ലമെന്റിനടുത്ത് എത്തിയിരിക്കുകയാണ്. ഇതോടെ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാക്കി. കീവില്‍ റഷ്യന്‍ മുന്നേറ്റം ശക്തമായതോടെയാണ് സെലന്‍സ്‌കിയെ സുരക്ഷിത ഇടത്തേക്ക് മാറ്റിയത്.

കീവില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. കീവ് നഗരത്തില്‍ റഷ്യന്‍ സേനയ്ക്ക് നേരെ യുക്രൈന്‍ വെടിയുതിര്‍ത്തു. യുക്രൈന്‍ ഭരണകൂടത്തിന്റെ ആസ്ഥാനത്തിന് സമീപം വെയിവയ്പ്പാണ് നടക്കുന്നത്. പാര്‍ലമെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് യുക്രൈന്‍ ആയുധങ്ങള്‍ നല്‍കി. ഏറ്റുമുട്ടലില്‍ നിരവധി ആളുകള്‍ക്ക് പരുക്കേറ്റതായും ഒരാളുടെ നില അതീവ ഗുരുതരമായെന്നും കീവ് മേയര്‍ അറിയിച്ചു.

അതേസമം, റഷ്യയുടെ സുഖോയ് 35 വിമാനം വെടിവച്ചിട്ടതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ ആക്രമണത്തിന്റെ ദൃശ്യവും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.

റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയതോടെ യുദ്ധം നിര്‍ത്താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ ഭരണകൂടം അറിയിച്ചു. യുക്രൈന്‍ ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാമെന്ന് റഷ്യയും പ്രതികരിച്ചു.

Story Highlights: eu to freeze putin assets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here