കൈയ്യില്‍ പണമില്ല, വെള്ളവും കറന്റും നിന്നേക്കാം, നാട്ടിലേക്ക് ബന്ധപ്പെടാന്‍ കഴിയില്ല; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

യുദ്ധപശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥി സമൂഹം ആശങ്കയിലാണ്. വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാന്‍ പുതിയ മാര്‍ഗ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി രംഗത്തെത്തിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്. അതിനിടെ യുക്രൈന്‍ തലസ്ഥാനമായ കീവിനടുത്തുള്ള saprochaete state medical university യിലെ മലയാളി വിദ്യാര്‍ത്ഥികള്‍ അവരുടെ ആശങ്ക പങ്കുവയ്ക്കുകയാണ്.
വിദ്യാര്‍ത്ഥികളുടെ വാക്കുകള്‍
‘കീവിനടുത്താണ് ഞങ്ങള്‍ താമസിക്കുന്നത്. ഇപ്പോള്‍ സേഫ് ആണ്. പക്ഷേ കുറച്ചുകഴിഞ്ഞാല്‍ കറന്റും വെള്ളവുമുണ്ടായേക്കില്ലെന്ന അറിയിപ്പ് വന്നിട്ടുണ്ട്.. ആരെയെങ്കിലും ഇനി വിളിക്കാന്‍ കഴിയുമോയെന്നും അറിയില്ല. ബാങ്കിലോ എടിഎമ്മിലോ പോയി പണമെടുക്കാനും പറ്റുന്നില്ല. ആഹാര സാധനങ്ങള്‍ മൂന്നുനാല് ദിവസത്തേക്ക് കരുതിയിട്ടുണ്ട്. അതുകഴിഞ്ഞാല്‍ എന്തുചെയ്യണമെന്നറിയില്ല. ഏതുനിമിഷവും വെള്ളവും കറന്റും പോകാം. എപ്പോ വേണമെങ്കിലും ബങ്കറുകളിലേക്ക് മാറേണ്ടിവരുമെന്ന് പറഞ്ഞിട്ടുണ്ട്.
രണ്ട് ദിവസം മുന്‍പ് നാട്ടിലേക്ക് പോകാന്‍ നിന്നതാണ്. പക്ഷെ എല്ലാം പെട്ടന്നായിരുന്നു സംഭവിച്ചത്. പിന്നെ ഓടിപ്പോയി ഫുഡ് ഐറ്റംസ് വാങ്ങിവെക്കാന്‍ ശ്രമിച്ചു. പക്ഷേ പലയിടത്തും അപ്പോള്‍ തന്നെ സ്‌റ്റോക് കഴിഞ്ഞുതുടങ്ങിയിരുന്നു. ഞങ്ങളെക്കാളും ഭീതിയിലാണ് വീട്ടുകാരും. ചാര്‍ജ് കഴിഞ്ഞാലോ ഫോണ്‍ കട്ടായികഴിഞ്ഞാലോ വീട്ടുകാരെ വിളിച്ചറിയിക്കാനും സാധിക്കില്ല. ഇന്ത്യന്‍ എംബസിയെ മാത്രമാണ് പ്രതീക്ഷയുള്ളത്.
വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാന്‍ പുതിയ മാര്‍ഗ നിര്‍ദേശവുമായി എംബസി രംഗത്തെത്തിയിട്ടുണ്ട്. യുക്രൈന്‍ അതിര്‍ത്തികളിലെ ഹംഗറിയുടേയും റൊമാനിയയുടേയും ചെക്ക് പോസ്റ്റുകളില്‍ എത്തണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്ത്യന്‍ രക്ഷാ സംഘം ചോപ്പ് സഹണോയിലും ചെര്‍വിവ്സികിലും എത്തും. ഇന്ത്യന്‍ പതാക വാഹനങ്ങളില്‍ പതിക്കാനും നിര്‍ദേശം നല്‍കി. പാസ്പോര്‍ട്ടും, പണവും കരുതാനും നിര്‍ദേശത്തില്‍ പറയുന്നു.
Story Highlights: indian students ukraine, russia-ukraine