റഷ്യൻ ടാങ്കുകളെ തടയുന്നതിനായി സ്വയം പൊട്ടിത്തെറിച്ച് യുക്രൈൻ സൈനികൻ

റഷ്യൻ ടാങ്കുകളെ തടയുന്നതിനായി സ്വയം പൊട്ടിത്തെറിച്ച് യുക്രൈൻ സൈനികൻ. യുക്രൈൻ മിലിട്ടറി തന്നെയാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ നിയന്ത്രണത്തിലുള്ള ക്രിമിയയിൽ നിന്ന് യുക്രൈനിലേക്ക് കടക്കാനുള്ള പാലമാണ് സൈനികൻ സ്വയം പൊട്ടിത്തെറിച്ച് തകർത്തത്. (Ukrainian soldier Russian tanks)
മറൈൻ ബറ്റാലിയൻ എഞ്ചിനീയർ വിറ്റാലി സ്കാകുൻ വോളോഡിമിരോവിച്ച് ആണ് വീരമൃത്യു മരിച്ചത്. ഖെർസോണിലെ ഹെനിചെക് പാലത്തിലായിരുന്നു ഇദ്ദേഹത്തെ പോസ്റ്റ് ചെയ്തിരുന്നത്. ഇവിടേക്കാണ് റഷ്യൻ ടാങ്കുകൾ എത്തിയത്. ടാങ്കുകളെ തടയാനുള്ള ഒരേയൊരു വഴി പാലങ്ങൾ തകർക്കുക എന്നതായിരുന്നു. അങ്ങനെയാണ് വിറ്റാലി സ്വയം ഈ ദൗത്യം ഏറ്റെടുക്കുന്നത്. പാലത്തിൽ ബോംബ് വച്ച് തിരികെ വരാനായിരുന്നു അദ്ദേഹത്തിൻ്റെ പദ്ധതി. എന്നാൽ, ബോംബ് സ്ഥാപിച്ചതിനു ശേഷം സുരക്ഷിത സ്ഥാനത്ത് എത്താൻ അദ്ദേഹത്തിനു സാധിച്ചില്ല.
Read Also : റഷ്യയുടെ നീക്കങ്ങള്‍ പാളി; കീവിലെ എല്ലാ അക്രമങ്ങളേയും പ്രതിരോധിച്ചെന്ന് സെലന്‍സ്‌കി
വിറ്റാലിയുടെ ധീരപ്രവൃത്തി റഷ്യൻ സൈന്യത്തെ ദൂരം കൂടിയ വഴി തെരഞ്ഞെടുക്കാൻ നിർബന്ധിതരാക്കി. ഈ സമയം കൊണ്ട് അവർക്ക് തിരിച്ചടി നൽകാൻ യുക്രൈൻ സൈന്യത്തിന് കൂടുതൽ സമയം ലഭിക്കുകയും ചെയ്തു.
കീവിൽ റഷ്യൻ സൈന്യം നടത്തിവന്ന എല്ലാ അക്രമങ്ങളേയും പ്രതിരോധിക്കാൻ സാധിച്ചെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി അറിയിച്ചിരുന്നു. തലസ്ഥാന നഗരമായ കീവ് പിടിച്ചടക്കാൻ റഷ്യ സർവസന്നാഹങ്ങളുമായെത്തിയെങ്കിലും സാധിച്ചില്ലെന്നാണ് ഒരു വിഡിയോ സന്ദേശത്തിലൂടെ സെലൻസ്‌കി അറിയിച്ചിരിക്കുന്നത്. തലസ്ഥാനത്തെ പിടിച്ചടക്കി ഭരണത്തെ അട്ടിമറിക്കാനുള്ള റഷ്യയുടെ പദ്ധതികളൊന്നും ഇന്ന് നടന്നില്ലെന്നാണ് സെലൻസ്‌കി പറഞ്ഞത്.
യുക്രൈൻ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള അക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നും വിഡിയോയിലൂടെ സെലൻസ്‌കി പറഞ്ഞു. സ്ഥിതിഗതികളെക്കുറിച്ച് യൂറോപ്യൻ യൂണിയനുമായി സംസാരിച്ചെന്നും സെലൻസ്‌കി വ്യക്തമാക്കി. അധിനിവേശത്തിൽ നിന്ന് ഭരണാധികാരിയെ പിന്തിരിപ്പിക്കാനും അപലപിക്കാനുമുള്ള റഷ്യൻ ജനതയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു. പ്രതിഷേധങ്ങൾ ഇരട്ടിയാക്കേണ്ട സമയമാണ് വന്നെത്തിയിരിക്കുന്നതെന്നും സെലൻസ്‌കി ഓർമിപ്പിച്ചു.
റഷ്യക്കെതിരായ പോരാട്ടത്തിനിടെ സഖ്യരാജ്യങ്ങളിൽ നിന്ന് യുക്രൈനിലേക്ക് ആയുധങ്ങൾ എത്താൻ തുടങ്ങിയെന്ന് സെലൻസ്‌കി അറിയിച്ചിരുന്നു. യുദ്ധ വിരുദ്ധ സഖ്യം പ്രവർത്തിച്ചുതുടങ്ങി. വിഷയത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു. റഷ്യക്കെതിരായ ചെറുത്തുനിൽപ്പിന് കൂടുതൽ സഹായങ്ങൾ ലഭിക്കുന്നുണ്ടെന്നും യുക്രൈൻ പ്രസിഡന്റ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പ്രസിഡന്റിന്റെ വാക്കുകൾ.
Story Highlights: Ukrainian soldier blows himself stop Russian tanks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here