Advertisement

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ 64 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് യു എന്‍

February 27, 2022
Google News 1 minute Read

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ 64 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ. യുക്രൈനിലെ സാധാരണക്കാരായ 240 പേര്‍ക്ക് ഗുരുതരമായ പരുക്ക് പറ്റിയെന്നും ഇതില്‍ 64 പേര്‍ കൊല്ലപ്പെട്ടെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ പുറത്തുവിടുന്നതെന്നും മരണപ്പെട്ടവരുടെ എണ്ണം ഇനിയും ഉയര്‍ന്നതാകാന്‍ സാധ്യതയുണ്ടെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു.

ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് കോര്‍ഡിനേഷന്‍ വിഭാഗമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ വൈകീട്ട് വരെയുള്ള ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കുകളാണ് ഇത്. പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ റഷ്യ അധിനിവേശം ശക്തമാക്കുന്ന പശ്ചാത്തലത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്കയാണ് അന്താരാഷ്ട്ര സമൂഹത്തിനാകെയുള്ളത്.

ജനവാസമേഖലകളിലും കെട്ടിടങ്ങളിലും ഉള്‍പ്പെടെ റഷ്യന്‍ സൈന്യം ഷെല്‍ ആക്രമണം നടത്തിയെന്ന് യുക്രൈന്‍ ആരോപിച്ചതിന് പിന്നാലെയാണ് ഐക്യരാഷ്ട്ര സഭയുടെ ഈ കണക്കുകള്‍ കൂടി പുറത്തുവരുന്നത്. അതേസമയം 471 യുക്രൈന്‍ സൈനികര്‍ കീഴടങ്ങിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കീഴടങ്ങിയ സൈനികരുടെ രേഖകള്‍ തയാറാക്കി വീടുകളിലേക്ക് അയക്കുമെന്ന് റഷ്യ വ്യക്തമാക്കി. യുക്രൈന്റെ 971 സൈനിക വസ്തുക്കള്‍ തകര്‍ത്തുവെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

നോവോഖ്തീര്‍ക്ക,സ്‌മോളിയാനിനോവ, സ്റ്റാനിച്ച്‌നോ ലുഹാന്‍സ്‌കോ നഗരങ്ങള്‍ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. പ്ലാവോപോളും പിഷെവിക്കും നിയന്ത്രണത്തിലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനവാസ മേഖലകളും നഗരങ്ങളും ആക്രമിക്കില്ലെന്ന് ആവര്‍ത്തിച്ച് റഷ്യന്‍ സൈന്യം.

സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള നടപടി ഉണ്ടാകുമെന്നും റഷ്യ വ്യക്തമാക്കി. ഖേര്‍സണും ബെര്‍ദ്യാന്‍സ്‌കും പൂര്‍ണമായും നിയന്ത്രണത്തിലായെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവും മേജര്‍ ജനറലുമായ ഇഗോര്‍ കൊനാഷെങ്കോവ് പറഞ്ഞു.

ഖേര്‍സണിന് സമീപമുള്ള രണ്ട് നഗരങ്ങളുടെ വ്യോമപാത പിടിച്ചെടുത്തതായും റഷ്യ അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഖേര്‍സണ്‍ പിടിച്ചെടുക്കാനുള്ള റഷ്യയുടെ ആക്രമണം അതിരൂക്ഷമായിരുന്നു. തെരുവുകളില്‍ റഷ്യന്‍ ടാങ്കുകളും സാധാരണക്കാരുടെ തലയക്ക് മുകളിലൂടെ ഫൈറ്റര്‍ ജെറ്റുകളും പായുന്നതായിരുന്നു സാഹചര്യം.

Story Highlights: 64 civilian death in ukraine says un

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here