ശ്രേയാസ് അയ്യർക്ക് തുടർച്ചയായ മൂന്നാം ഫിഫ്റ്റി; പരമ്പര തൂത്തുവാരി ഇന്ത്യ

ശ്രീലങ്കക്കെതിരായ മൂന്നാം ടി-20യിലും ഇന്ത്യക്ക് ജയം. 6 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 147 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ 16.5 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ ഫിനിഷ് ലൈൻ കടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. തുടർച്ചയായ മൂന്നാം ടി-20യിലും ഫിഫ്റ്റിയടിച്ച (73 നോട്ടൗട്ട്) ശ്രേയാസ് അയ്യർ ഇന്ത്യൻ ഇന്നിംഗ്സിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ രവീന്ദ്ര ജഡേജ (22 നോട്ടൗട്ട്), ദീപക് ഹൂഡ (21), സഞ്ജു സാംസൺ (18) എന്നിവരും ഇന്ത്യൻ ഇന്നിംഗ്സിൽ നിർണായക പങ്കുവഹിച്ചു. ശ്രീലങ്കക്ക് വേണ്ടി ലഹിരു കുമാര രണ്ട് വിക്കറ്റ് വീഴ്ത്തി. (india won t20 srilanka)
Read Also : ഏറ്റവുമധികം രാജ്യാന്തര ടി-20 മത്സരങ്ങൾ; റെക്കോർഡ് നേട്ടവുമായി രോഹിത് ശർമ്മ
കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയിറങ്ങിയ ഇന്ത്യ പുതിയ ഓപ്പണിംഗ് ജോഡിയെയാണ് ഇന്ന് പരീക്ഷിച്ചത്. മലയാളി താരം സഞ്ജു സാംസൺ രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തു. രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് രോഹിതിനെ (5) നഷ്ടമായി. മൂന്നാം നമ്പറിലെത്തിയ ശ്രേയാസ് അയ്യർ തകർപ്പൻ ഫോം തുടർന്നു. സഞ്ജുവും താളം കണ്ടെത്തിയതോടെ ഇന്ത്യ മത്സരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. 45 റൺസ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം സഞ്ജു മടങ്ങി. സഞ്ജുവിനെ ചമിക കരുണരത്നെയുടെ പന്തിൽ വിക്കറ്റ് കീപ്പർ ദിനേഷ് ഛണ്ഡിമൽ പിടികൂടി.
നാലാം നമ്പറിലിറങ്ങിയ ദീപക് ഹൂഡ ചില മികച്ച ഷോട്ടുകളിലൂടെ ശ്രേയാസിനു പിന്തുണ നൽകി. ഇതിനിടെ 29 പന്തുകളിൽ ശ്രേയാസ് ഫിഫ്റ്റി തികച്ചു. 21 റൺസെടുത്ത് ഹൂഡ പുറത്തായി. ഹൂഡയെ ലഹിരു കുമാര ക്ലീൻ ബൗൾഡാക്കുകയായിരുന്നു. വെങ്കടേഷ് അയ്യരും (5) വേഗം മടങ്ങി. വെങ്കടേഷിനെ ലഹിരു കുമാരയുടെ പന്തിൽ ജയവിക്രമ പിടികൂടി.
Read Also : തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ശ്രീലങ്കയെ പിടിച്ചുയർത്തി ക്യാപ്റ്റൻ; ഇന്ത്യക്ക് 147 റൺസ് വിജയലക്ഷ്യം
അഞ്ചാം വിക്കറ്റിൽ ശ്രേയാസും ജഡേജയും ഒത്തുചേർന്നു. അനായാസം ഇന്നിംഗ്സ് മുന്നോട്ടുനയിച്ച സഖ്യം ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. 45 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടാണ് സഖ്യം പടുത്തുയർത്തിയത്. ജയത്തോടെ ഇന്ത്യ തുടർച്ചയായ 12 ടി-20 വിജയങ്ങളാണ് പൂർത്തിയാക്കിയത്. ഇത് ലോക റെക്കോർഡാണ്. അഫ്ഗാനിസ്ഥാൻ്റെ 12 തുടർ ടി-20 ജയങ്ങളെന്ന റെക്കോർഡിനൊപ്പമാണ് നിലവിൽ ഇന്ത്യ.
Story Highlights: india won 3rd t20 srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here