Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (27-02-22)

February 27, 2022
1 minute Read
Headlines today Feb (27)

യുക്രൈനിൽ നിന്നുള്ള ആദ്യ മലയാളി വിദ്യാർത്ഥി സംഘം കൊച്ചിയിലെത്തി

യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികളുടെ ആദ്യ സംഘം കൊച്ചിയിൽ എത്തി. മുംബൈയിൽ നിന്നുള്ള വിമാനത്തിൽ എത്തിയത് 11 വിദ്യാർത്ഥികളാണ്. യുദ്ധമുഖത്തുനിന്നും സ്വന്തം നാട്ടിലെത്തിയ സന്തോഷത്തിലാണ് എല്ലാവരും. ഇന്നലെയാണ് ഇവർ യുക്രൈനിൽ നിന്നും മുംബൈയിലെത്തിയത്‌.

യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ; വേദി മാറ്റണമെന്ന് ആവര്‍ത്തിച്ച് യുക്രൈന്‍

യുദ്ധം നാലാം ദിവസവും ശക്തമായി തുടരുന്നതിനിടെ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ. യുക്രൈനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ബെലാറസ് തന്നെയാകും ചര്‍ച്ചാ വേദി. തീരുമാനത്തിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള പ്രതിനിധി സംഘം ബെലാറസിലെ ഗോമലില്‍ എത്തി.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വെബ്സൈറ്റ് തകർത്തു; റഷ്യൻ സൈന്യം ഖാർകീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി

റഷ്യക്കെതിരെ കനത്ത സൈബർ ആക്രമണം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്‌തു. പുടിന്റെ ഔദ്യോഗിക വെബ്സൈറ്റായ ക്രെംലിൻ ഉൾപ്പെടെ ഏഴ് സർക്കാർ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. 

ഖാര്‍ക്കീവില് റഷ്യന്‍ സൈന്യം പ്രവേശിച്ചു; ശക്തമായി പ്രതിരോധിച്ച് യുക്രൈന്‍

ഖാര്‍ക്കീവില് റഷ്യന്‍ സൈന്യം പ്രവേശിച്ചതായി സ്ഥിരീകരിച്ച് യുക്രൈന്‍. പ്രദേശത്ത് ശക്തമായ പോരാട്ടം തുടരുകയാണ്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ബങ്കറുകളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുക്രൈന്‍ സൈന്യത്തിന്റെ ക്രൂരത; അതിര്‍ത്തി കടക്കാനെത്തിയവരെ തിരിച്ചയച്ചെന്ന് ആരോപണം

യുദ്ധഭീതിയില്‍ തിരിച്ച് നാട്ടിലേക്ക് എത്തുന്നതിനിടെ യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരത. സെഹ്നി അതിര്‍ത്തിയില്‍ യുക്രൈന്‍ സൈന്യം തങ്ങളെ മര്‍ദിച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. 

ആഗോള സാമ്പത്തിക വിനിമയ ശൃംഖലയായ സ്വിഫ്റ്റില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ പുറത്താക്കും

റഷ്യക്ക് നേരെ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നു. ആഗോള സാമ്പത്തിക വിനിമയ ശൃംഖലയായ സ്വിഫ്റ്റില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ പുറത്താക്കും. അമേരിക്കയും യുറോപ്യന്‍ യൂണിയനും ചേര്‍ന്നാണ് തീരുമാനം എടുത്തത്.

ഓപ്പറേഷന്‍ ഗംഗ; ഹംഗറിയില്‍ നിന്ന് മൂന്നാം വിമാനം ഡല്‍ഹിയിലേക്ക്

ഒഴിപ്പിക്കല്‍ ദൗത്യത്തിലെ മൂന്നാം വിമാനം ഹംഗറിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. മലയാളികള്‍ ഉള്‍പ്പെടെ 459 ഇന്ത്യക്കാരാണ് ഓപ്പറേഷന്‍ ഗംഗ ദൗത്യത്തിലൂടെ രണ്ട് വിമാനങ്ങളിലായി രാജ്യത്തേക്ക് തിരികയെത്തിയത്. 

അതീവ ദുഃഖം അറിയിക്കുന്നു; സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് മാര്‍പാപ്പ

റഷ്യ-യുക്രൈന്‍ യുദ്ധം കനക്കുന്നതിനിടെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈനിലെ സാഹചര്യത്തില്‍ അതീവ ദുഃഖിതനാണെന്ന് മാര്‍പാപ്പ സെലന്‍സ്‌കിയെ അറിയിച്ചു.

റഷ്യ-യുക്രൈൻ യുദ്ധം: കീവിലും ഖാർക്കിവിലും കനത്ത ഏറ്റുമുട്ടൽ

യുക്രൈനിൽ ഏറ്റുമുട്ടൽ അതിരൂക്ഷമായി തുടരുന്നു. യുക്രൈൻ തലസ്ഥാനമായ കീവിലും, ഖാർക്കിവിലും കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. യുക്രൈന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ പിടിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്.

യുക്രൈനില്‍ നിന്നുള്ള ആദ്യഘട്ട രക്ഷാദൗത്യം വിജയകരം; ഡല്‍ഹിയിലെ കേരള പ്രതിനിധി

യുക്രൈനില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യഘട്ട രക്ഷാദൗത്യം വിജയകരമെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി. അവശേഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുക്രൈനില്‍ നിന്ന് ഹംഗറിയിലൂടെ ഇന്ത്യയിലെത്താന്‍ സൗകര്യമൊരുക്കുമെന്ന് വേണു രാജാമണി 24നോട് പറഞ്ഞു.

Story Highlights: todays headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top