Advertisement

‘മുഖമടച്ച് മറുപടി’; റഷ്യൻ വിദേശകാര്യ മന്ത്രിയുടെ പ്രസംഗത്തിനിടെ ‘വാക്ക് ഔട്ട്’ നടത്തി നൂറിലേറെ നയതന്ത്ര ഉദ്യോഗസ്ഥർ

March 2, 2022
Google News 8 minutes Read
100 diplomats walk out during russia speech

ജനീവയിലെ യുണൈറ്റഡ് നേഷൻസ് ആസ്ഥാനം ഇന്നലെ സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്കാണ്. അതുവരെ നിറഞ്ഞിരുന്ന യുഎൻ ഹാൾ റഷ്യൻ വിദേശകാര്യ മന്ത്രി പ്രസംഗിക്കാൻ എത്തിയതോടെ ശൂന്യമായി. 40 രാജ്യങ്ങളിൽ നിന്നുമായി നൂറിലേറെ നയതന്ത്ര ഉദ്യോഗസ്ഥരാണ് റഷ്യയ്‌ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തി സഭയിൽ നിന്ന് ‘വാക്ക് ഔട്ട്’ നടത്തിയത്. യുക്രൈനെ ആക്രമിച്ച റഷ്യയ്‌ക്കെതിരെ ലോകരാജ്യങ്ങൾ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് ഈ നീക്കം. ( 100 diplomats walk out during Russia speech )

യൂറോപ്യൻ യൂണിയൻ, അമേരിക്ക, യുകെ, ജപ്പാൻ തുടങ്ങി നാൽപ്പതോളം രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളാണ് എഴുനേറ്റ് പോയത്. ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ മീറ്റിംഗിൽ അവശേഷിച്ചത് യുഎന്നിന്റെ റഷ്യൻ അംബാസിഡറും, സിറിയ, ചൈന, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും മാത്രമാണ്. വാക്ക് ഔട്ട് നയിച്ച യുക്രൈനിയൻ അംബാസിഡർ യെവേനിയ ഫിലിപെൻകോ തന്നോടൊപ്പം ചേർന്ന മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞു.

റഷ്യൻ വിമാനങ്ങൾക്ക് യൂറോപ്യൻ വ്യോമപാത ഏർപ്പെടുത്തിയ ബഹിഷ്‌കരണത്തെ തുടർന്ന് റഷ്യൻ പ്രതിനിധിക്ക് ജനീവയിൽ എത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഓൺലൈനിലൂടെയായിരുന്നു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ എത്തിയത്. റഷ്യൻ പ്രതിനിധി സ്‌ക്രീനിൽ തെളിഞ്ഞതോടെയായിരുന്നു മറ്റ് നയതന്ത്ര പ്രതിനിധകളുടെ വാക്ക് ഔട്ട്.

റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ ന്യായീകരിച്ചുകൊണ്ടായിരുന്നു റഷ്യൻ വിദേശകാര്യ മന്ത്രിയുടെ പ്രസംഗം. യൂറോപ്യൻ യൂണിയൻ റഷ്യയ്‌ക്കെതിരായ പ്രവർത്തനം നടത്തുന്നതായും അദ്ദേഹം ആരോപിച്ചു. യുക്രൈനെ നാസി മുക്തമാക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യമെന്നും പ്രതിനിധി ചൂണ്ടിക്കാട്ടി.

Read Also : യുക്രൈൻ പോരാട്ടത്തിൽ ‘അസോവ്’ റെജിമെന്റും; ലോകം ഭീതിയോടെ നോക്കുന്ന ഈ പ്രത്യേക സേന ആരാണ് ?

എന്നാൽ ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കാനുള്ള വേദിയാക്കി മാറ്റരുതെന്ന് പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിനിധികൾ തുറന്നടിച്ചു.

Story Highlights: 100 diplomats walk out during Russia speech

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here