Advertisement

യുക്രൈൻ പോരാട്ടത്തിൽ ‘അസോവ്’ റെജിമെന്റും; ലോകം ഭീതിയോടെ നോക്കുന്ന ഈ പ്രത്യേക സേന ആരാണ് ?

March 1, 2022
Google News 3 minutes Read
azov regiment ukraine war 24 explainer

യുക്രൈനിൽ റഷ്യൻ അധിനിവേശം ആറാം ദിവസത്തിലേക്ക് കടന്നതോടെ ‘അസോവ് റെജിമെന്റ്’ എന്ന യുക്രൈനിയൻ സേന വീണ്ടും വാർത്താ തലക്കെട്ടുകളിൽ നിറയുകയാണ്. യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചതിന്റെ ഒരു ലക്ഷ്യം രാജ്യത്തെ ‘നാസി മുക്തമാക്കുക’ എന്നത് കൂടിയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പറഞ്ഞതോടെ ‘അസോവ് റെജിമെന്റ്’ എന്ന സേനയുടെ സാന്നിധ്യത്തെ കുറിച്ച് പറയാതെ പറയുകയാണ് പുടിൻ. ( azov regiment Ukraine war 24 explainer )

തുടർന്ന് യുദ്ധക്കളത്തിൽ അസോവ് ഫൈറ്ററുടെ സാന്നിധ്യം സ്ഥിരീകരിച്ച് യുക്രൈൻ നാഷ്ണൽ ഗാർഡ് ട്വീറ്റും വന്നു. യുക്രൈനിലെ സാധാരണക്കാരെ പോർകളത്തിലിറങ്ങാൻ പരിശീലനം നൽകുന്നതും അസോവ് പോരാളികൾ തന്നെയാണ്. ആരാണ് യഥാർത്ഥത്തിൽ അസോവ് ഫൈറ്റേഴ്‌സ് ? ഭീകരസംഘടനയെന്ന് മുദ്രകുത്തപ്പെട്ട അസോവ് റെജിമെന്റിനെ കുറിച്ച് അറിയാം…

അസോവ് റെജിമെന്റ്

തീവ്ര വലതുപക്ഷ യുക്രൈനികളുടെ സേനയാണ് അസോവ് റെജിമെന്റ്. വൈറ്റ് സുപ്രീമസി, നാസി അനുകൂല നിലപാടുകളോട് യോജിക്കുകയും അത്തരം ആശയങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്ന ഇവർ തീവ്രത ദേശീയ വാദികളാണ്.

രൂപീകരണം….

മെയ് 2014 ന് ഒരു വോളന്റിയർ ഗ്രൂപ്പായാണ് അസോവ് റെജിമെന്റ് ആരംഭിക്കുന്നത്. കടുത്ത നാസി അനുകൂലികളും, സെനോഫോബിക്കുകളുമായ (മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരോടുള്ള വെറുപ്പ്) ഇവർ റോമ വിഭാഗത്തിൽ നിന്നുള്ള ന്യൂനപക്ഷങ്ങളേയും, കുടിയേറ്റക്കാരെയും ശാരീരികമായി ഉപദ്രവിച്ചിരുന്നു.

Read Also : യുക്രൈനിൽ റഷ്യ ഇറക്കിയിരിക്കുന്നത് സ്‌പെറ്റ്‌സ്‌നാസിനെ; ഈ പ്രത്യേക സൈനിക സംഘം ആരാണ് ?

യുക്രൈനിലെ ഡോണസ്‌കിലുണ്ടായിരുന്ന റഷ്യൻ അനുകൂലികളോട് ഏറ്റുമുട്ടിയിരുന്നു ഇവർ. കുറച്ച് മാസങ്ങൾക്ക് മുൻപാണ് റഷ്യൻ അനുകൂലികളുടെ പക്കൽ നിന്ന് മര്യൂപോൾ എന്ന തുറമുഖ നഗരം അസോവ് സംഘം പിടിച്ചെടുത്തത്. ഇതിന് തൊട്ടുപിന്നാലെ 2014 നവംബർ 12ന് അസോവ് സംഘത്തിന് നാഷ്ണൽ ഗാർഡ് ഓഫ് യുക്രൈനിൽ അംഗത്വം നൽകി. അന്നത്തെ യുക്രൈൻ പ്രസിഡന്റ് പെട്രോ പൊരോഷെൻകോ വലിയ പ്രശംസയാണ് അസോവ് സേനയ്ക്ക് നൽകിയത്. ‘അവരാണ് നമ്മുടെ ഏറ്റവും മികച്ച സൈനിക വിഭാഗം. എറ്റവും മികവുറ്റ വോളണ്ടിയർമാർ’- പെട്രോ പറഞ്ഞു.

അസോവിന്റെ സ്ഥാപകൻ

2005 ൽ രൂപീകരിച്ച പേട്രിയോട്ട് ഓഫ് യുക്രൈനിന്റെയും, 2008 ൽ ആരംഭിച്ച സോഷ്യൻ നാഷ്ണൽ അസംബ്ലി (എസ്എൻഎ) യുടേയും നേതാവ് അൻഡ്രി ബിലെസ്‌കി ആയിരുന്നു. യുക്രൈനിൽ ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായി ആക്രമണപരമ്പരകൾ നടത്തിയ വിഭാഗമാണ് എസ്എൻഎ.

azov regiment ukraine war 24 explainer

2014ൽ ബിലെസ്‌കി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അസോവ് വിട്ടു. എംപിമാർക്ക് പൊലീസിലോ മറ്റ് സൈനിക വിഭാഗങ്ങളിലോ പ്രവർത്തിക്കാൻ സാധിക്കാത്തതിനാലാണ് ഇത്.

അസോവിന് പണം നൽകുന്നതാര് ?

2014 ൽ യുക്രൈൻ മന്ത്രാലയത്തിന്റെ ഭാഗമാകും മുൻപ് അസോവിന് പണം നൽകിയിരുന്നത് Dnipropetrovska മേഖലയിലെ ശതകോടീശ്വരനായ ഇഗർ കൊളൊമോയ്‌സ്‌കിയാണ്. അസോവിന് പുറമെ ഡിനിപ്രോ 1, ഡിനിപ്രോ 2, ഐദാർ, ഡോൺബാസ് യൂണിറ്റ് എന്നീ വോളണ്ടിയർ ബറ്റാലിയണുകളുടെ ഫണ്ടിംഗും നടത്തിയിരുന്നത് ഇഗർ തന്നെയായിരുന്നു.

നാസി അനുകൂല പ്രത്യാശാസ്ത്രം

നാസിസത്തിനോട് സമാനമായ പ്രത്യാശാസ്ത്രത്തിലൂന്നിയാണ് അസോവിന്റെ പ്രവർത്തനം. അസോവിലെ പത്ത് മുതൽ 20 ശതമാനം പേരും നാസി അനുകൂലികളായിരുന്നുവെന്ന് അസോവ് വാക്താവായിരുന്ന ആൻഡ്രി ഡിയാചെങ്കോ 2015 ൽ പറഞ്ഞിരുന്നു.

അസോവ് സൈനികരുടെ ദേഹത്ത് നാസി മുദ്രകൾ പതിച്ചിരുന്നു. സ്വാസ്തിക, എസ്സ് റീഗാലിയ, വുൾഫ്‌സ് ഏഞ്ചൽ എന്നീ ചിഹ്നങ്ങൾ ഇവരുടെ ദേഹത്തും യൂണിഫോമിലും കാണാമായിരുന്നു. എന്നാൽ ഇത് സ്വാസ്തികയുടെ ചിഹ്നമല്ല, മറിച്ച് N, I ( national idea ) എന്ന് വ്യക്തമാക്കുന്ന ചിഹ്നമാണെന്നായിരുന്നു ഇവരുടെ വിശദീകരണം.

മനുഷ്യാവകാശ ലംഘനങ്ങൾ..

2016 ലെ യുഎൻ മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ട് പ്രകാരം അസോവ് റെജിമെന്റ് മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. നവംബർ 2015 മുതൽ ഫഎബ്രുവരി 2016 വെരയുള്ളു കാലഘട്ടത്തിൽ ഡോൺബാസിൽ അരങ്ങേറിയ ക്രൂരതകളുടെ പശ്ചാത്തലത്തിലായിരുന്നു റിപ്പോർട്ട്.

അന്താരാഷ്ട്ര തലത്തിലെ പ്രതികരണം…

നാസി അനുകൂല സ്വഭാവം കൊണ്ട് തന്നെ അസോവ് സേനയെ തങ്ങൾ അനുകൂലിക്കില്ലെന്ന് കാനഡയും, അമേരിക്കയും 2015 ൽ നിലപാടെടുത്തിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം തന്നെ ചില സമ്മർദങ്ങൾക്ക് വഴങ്ങി അമേരിക്ക അസോവിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി.

2016 ൽ ഫേസ്ബുക്ക് അസോവിനെ ‘ഭീകര സംഘടനകളുടെ’ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 2019 ൽ അസോവിനെ ഫേസ്ബുക്കിൽ നിന്ന് വിലക്കിയിരുന്നു. കു ക്ലുക്‌സ് ക്ലാൻ, ഐഎസ്‌ഐഎസ് തുടങ്ങിയ സംഘടനകളെ ഉൾപ്പെടുത്തിയിരിക്കുന്ന ടയർ 1 ലാണ് ഫേസ്ബുക്ക് അസോവിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഫെബ്രുവരി 24ന് റഷ്യ ഉക്രൈൻ ആക്രമിച്ചതോടെ ഫേസ്ബുക്ക് അസോവിന് ഏർപ്പെടുത്തിയ വിലക്ക് നീക്കിയെന്നാണ് റിപ്പോർട്ട്. എന്നാൽ നിലവിലെ പശ്ചാത്തലം കണക്കിലെടുത്ത് താത്കാലികമായി മാത്രമാണ് വിലക്ക് നീക്കിയതെന്നും മെറ്റ വ്യക്തമാക്കി.

Story Highlights: azov regiment ukraine war 24 explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here