Advertisement

യുക്രൈനില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കല്‍: പുടിനുമായി ചര്‍ച്ച നടത്തി നരേന്ദ്രമോദി

March 2, 2022
Google News 1 minute Read

റഷ്യന്‍ അധിനിവേശത്തില്‍ യുദ്ധഭൂമിയായി മാറിയ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മടക്കിക്കൊണ്ടുവരുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി. വിദ്യാര്‍ത്ഥികളെ അടിയന്തരമായി റഷ്യന്‍ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിക്കുന്നതിനുള്ള മാര്‍ഗമാണ് ഇന്ത്യ തേടിയത്. പുടിന്റെ ഭാഗത്തുനിന്നും ഉടന്‍ അനുകൂലമായ മറുപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയിലുള്ള ആശങ്ക പ്രധാനമന്ത്രി ചര്‍ച്ചയില്‍ രേഖപ്പെടുത്തി. ഇവരെ സുരക്ഷിതമായി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനാണ് പരമപ്രാധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇരുനേതാക്കളും സംഘര്‍ഷം നടക്കുന്ന മേഖലകളിലെ സ്ഥിതിഗതികള്‍ വിശദമായി ചര്‍ച്ച ചെയ്‌തെന്നാണ് വിവരം.

അതേസമയം യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ഖാര്‍ക്കീവ് വിടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ച സമയപരിധി അവസാനിച്ചു. കര്‍ഫ്യു ആരംഭിച്ചെന്നും പുറത്തിറങ്ങുന്നത് അപകടകരമെന്നും യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനില്‍ നാനൂറിലേറെ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഖാര്‍ക്കീവില്‍ ശക്തമായ ഷെല്ലാക്രമണം നടക്കുന്നുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചത്.

ഖാര്‍ക്കീവില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ട്രെയിനില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ബസും ട്രെയിനും കാത്തുനില്‍ക്കാതെ കാല്‍നടയായി പോകണമെന്ന നിര്‍ദേശം പ്രായോഗികമല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.

ഇന്നലെ മുതല്‍ ഖാര്‍കീവില്‍ വലിയ ആക്രമണമാണ് റഷ്യ നടത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സ്വദേശികളോട് ഉടന്‍ ഖാര്‍കീവ് വിടണമെന്ന മുന്നറിയിപ്പ് എംബസി നല്‍കുന്നത്. യുക്രൈന്‍ പ്രാദേശിക സമയം, 18:00 മണിയോടെ ഖാര്‍കീവ് വിടണമെന്നായിരുന്നു മുന്നറിയിപ്പ്.

യുദ്ധം തുടങ്ങി ഏഴാം ദിവസവും യുക്രൈനില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. ഖേഴ്‌സണ്‍ റഷ്യയുടെ നിയന്ത്രണത്തിലായി. പ്രദേശത്ത് റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. ഖേഴ്‌സണിലെ നദീ തുറമുഖവും റെയില്‍വേ സ്റ്റേഷനും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. 112 പേര്‍ക്ക് പരുക്കേറ്റു. റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണം തടയാന്‍ പരമാവധി ശ്രമിക്കുന്നതായി ഖാര്‍ക്കിവ് മേയര്‍ ഐഹര്‍ ടെറഖോവ് അറിയിച്ചു.

Story Highlights: narendra modi and vladimir putin meeting amid war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here