Advertisement

ഇനിമേല്‍ റഷ്യ ഏറ്റവും പ്രിയപ്പെട്ട വ്യാപാര പങ്കാളിയല്ല; കയറ്റുമതിക്ക് അധിക നികുതി ചുമത്താനുള്ള നീക്കവുമായി കാനഡയും

March 4, 2022
Google News 1 minute Read

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം എട്ടാംദിവസം പിന്നിടുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ സാമ്പത്തിക ഭദ്രതയെ പരുങ്ങലിലാക്കുന്ന നിര്‍ണായക നീക്കവുമായി കാനഡ. റഷ്യയെ രാജ്യത്തിന്റെ പ്രിയപ്പെട്ട വ്യാപാര പങ്കാളി എന്ന പദവിയില്‍ നിന്നും നീക്കം ചെയ്തതായി കാനഡ അറിയിച്ചു. കാനഡയിലേക്കുള്ള എല്ലാ റഷ്യന്‍ കയറ്റുമതിക്കും 35 ശതമാനം നികുതി നല്‍കണമെന്നാണ് ഇതിന്റെ അര്‍ഥമെന്ന് കനേഡിയന്‍ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് വ്യക്തമാക്കി. 2020ല്‍ റഷ്യയില്‍ നിന്ന് കാനഡയിലേക്ക് 948 മില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. ഈ സാഹചര്യത്തില്‍ കാനഡയുടെ തീരുമാനം റഷ്യന്‍ വ്യാപാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും. റഷ്യയ്‌ക്കെതിരെ നിരവധി രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് കാനഡയില്‍ നിന്നും ഇത്തരമൊരു കനത്ത പ്രഹരം കൂടി റഷ്യയ്ക്ക് ഏല്‍ക്കേണ്ടി വരുന്നത്.

ബലാറസില്‍ നിന്നുള്ള കയറ്റുമതിക്കും അധിക നികുതി ഈടാക്കുമെന്ന് കാനഡ അറിയിച്ചിട്ടുണ്ട്. യുക്രൈനില്‍ നിന്നും അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നുവെന്നും താല്‍ക്കാലികമായോ സ്ഥിരമായോ യുക്രൈനിയന്‍സിന് കാനഡയല്‍ താമസിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും കാനഡ അറിയിച്ചിട്ടുണ്ട്.

Read Also : യുക്രൈനിലെ സേപ്പരോസിയ ആണവനിലയത്തില്‍ പ്രവേശിച്ച് റഷ്യന്‍ സൈന്യം

അതേസമയം യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാനായി യുക്രൈനും ജോര്‍ജിയയും അപേക്ഷ നല്‍കിയതിന് പിന്നാലെ സമാനമായ നീക്കവുമായി മോള്‍ഡോവയും രംഗത്തെത്തി. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാനായി അപേക്ഷ നല്‍കിയതായി മോള്‍ഡോവ പ്രസിഡന്റ് മിയ സന്ദു ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചില സന്ദര്‍ഭങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ വളരെ വേഗത്തില്‍ എടുക്കേണ്ടതുണ്ട് എന്ന് വിശദീകരിച്ചുകൊണ്ടാണ് മിയ സന്ദു ഈ തീരുമാനം പ്രഖ്യാപിച്ചത്. സമാധാനത്തിലും സമൃദ്ധിയിലും ജീവിക്കാനും സ്വതന്ത്ര ലോകത്തിന്റെ ഭാഗമാകാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നും മോള്‍ഡോവ പ്രസിഡന്റ് തന്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കി. 1991ല്‍ സോവിയേറ്റ് യൂണിയനില്‍ നിന്നും വേരറ്റതിനുശേഷം റഷ്യന്‍ അനുകൂല ശക്തികളും യൂറോപ്യന്‍ യൂണിയന്‍ അനുകൂല ശക്തികളും മോള്‍ഡോവയുടെ നിയന്ത്രണത്തിനായി ചരടുവലികള്‍ നടത്തിവന്ന ചരിത്രപശ്ചാത്തലത്തില്‍ കൂടിയാണ് ഈ നിര്‍ണായക നീക്കമെന്നത് ശ്രദ്ധേയമാണ്.

യുക്രൈന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് ജോര്‍ജിയയും അപേക്ഷ സമര്‍പ്പിച്ചിരുന്നു. റഷ്യയുടെ അടുത്ത ലക്ഷ്യം ജോര്‍ജിയ ആണെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു ജോര്‍ജിയയുടെ നീക്കം.

Story Highlights: canada raising tariffs russia export

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here