Advertisement

‘ഇപ്പോഴും കീവില്‍ തന്നെയുണ്ട്’; താന്‍ രാജ്യം വിട്ടെന്ന റഷ്യന്‍ ആരോപണം തള്ളി സെലന്‍സ്‌കി

March 5, 2022
Google News 1 minute Read

റഷ്യന്‍ അധിനിവേശം പത്താം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ താന്‍ രാജ്യം വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്ന റഷ്യന്‍ ആരോപണത്തെ തള്ളി യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. താന്‍ ഇപ്പോഴും കീവില്‍ തന്നെയുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. സെലന്‍സ്‌കി പോളണ്ടിലേക്ക് പലായനം ചെയ്‌തെന്നാണ് റഷ്യന്‍ ദേശീയ വക്താവ് ആരോപിച്ചിരുന്നത്.

റഷ്യ ആരോപണം ഉന്നയിച്ച് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ഈ ആരോപണം യുക്രൈന്‍ ഔദ്യോഗികമായി തള്ളിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് പ്രസിഡന്റ് ഇപ്പോള്‍ എവിടെയാണെന്ന് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും യുക്രൈന്‍ ദേശീയ പ്രതിരോധ കേന്ദ്രത്തിന്റെ തലവന്‍ ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

പത്താം ദിവസവും ചെറുത്തുനില്‍പ് തുടരുന്നതിനിടെ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി ഇന്ന് യു എസ് സെനറ്റിനെ അഭിസംബോധന ചെയ്യും. സൂം ആപ്പ് വഴിയാകും സെലന്‍സ്‌കി സെനറ്റ് അംഗങ്ങളോട് സംസാരിക്കുക. യുദ്ധം കടുക്കുന്ന പശ്ചാത്തലത്തില്‍ യു എസ് ജനപ്രതിനിധികള്‍ പ്രസിഡന്റ് ജോ ബൈഡനോട് റഷ്യയ്‌ക്കെതിരെ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അസംസ്‌കൃക എണ്ണ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തണം എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ജനപ്രതിനിധികള്‍ മുന്നോട്ടുവെച്ചത്. ബൈഡന്‍ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ സമ്മര്‍ദം ചെലുത്തുന്ന പശ്ചാത്തലത്തിലാണ് സെലന്‍സ്‌കി സെനറ്റിനെ അഭിസംബോധന ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്.

ഇതിനിടെ സെലന്‍സ്‌കി നാറ്റോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. നോ ഫ്‌ലൈ സോണ്‍ ആവശ്യം അംഗീകരിക്കാത്തതിന് എതിരെയാണ് സെലന്‍സ്‌കിയുടെ പ്രതിഷേധം. യുക്രൈനില്‍ നോ ഫ്‌ലൈ സോണ്‍ പ്രഖ്യാപിക്കണമെന്ന് വെള്ളിയാഴ്ച സെലന്‍സ്‌കി നാറ്റോയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് നാറ്റോ തയാറായിട്ടില്ല. നാറ്റോയുടെ നടപടി ബോംബ് വര്‍ഷിക്കാന്‍ പച്ചക്കൊടി കാണിക്കുന്ന നടപടിയെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി.

Story Highlights: still in kyiv says volodimir zelensky

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here