Advertisement

ഭീഷണിപ്പെടുത്തിയ മാധ്യമപ്രവർത്തകന്റെ പേര് വെളിപ്പെടുത്തി സാഹ; താനെന്ന് സമ്മതിച്ച് ബോറിയ മജുംദാർ

March 5, 2022
Google News 2 minutes Read

തന്നെ ഭീഷണിപ്പെടുത്തിയ മാധ്യമപ്രവർത്തകന്റെ പേര് ബിസിസിഐയോട് വെളിപ്പെടുത്തി ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ. ബിസിസിഐയോട് വെളിപ്പെടുത്തിയെങ്കിലും സാഹ പേര് പുറത്തുപറഞ്ഞിരുന്നില്ല. പുറത്ത് ആരോടും പറയരുതെന്നാണ് നിർദ്ദേശിച്ചതെന്നും ബിസിസിഐ തന്നെ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ, ഇത് താൻ തന്നെയെന്ന് സമ്മതിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ബോറിയ മജുംദാർ രംഗത്തെത്തി. സാഹ തൻ്റെ ചാറ്റുകൾ വളച്ചൊടിക്കുകയായിരുന്നു എന്നും സ്ക്രീൻഷോട്ടുകൾ വ്യാജമായി ഉണ്ടാക്കുകയായിരുന്നു എന്നും ബോറിയ പറഞ്ഞു. ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയുമായി അടുത്ത ബന്ധം പുലർത്തുന്ന ബോറിയ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘എല്ലായ്പ്പോഴും ഒരു കഥയ്ക്ക് രണ്ട് വശങ്ങളുണ്ട്. വാട്സപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ വളച്ചൊടിച്ച്, വ്യാജമായി ഉണ്ടാക്കിയ സാഹ എൻ്റെ വിശ്വാസയോഗ്യത തകർക്കുകയും സല്പേരിനു കളങ്കം വരുത്തുകയും ചെയ്തു. മാന്യമായ ഹിയറിംഗിന് ബിസിസിഐ തയ്യാറാവണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. സാഹയ്ക്ക് എൻ്റെ അഭിഭാഷകർ അപകീർത്തിപ്പെടുത്തലിൽ നോട്ടീസ് അയച്ചിട്ടുണ്ട്. സത്യം വിജയിക്കട്ടെ.’- ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വിഡിയോയുടെ വിശദീകരണമായി ബോറിയ കുറിച്ചു. തൻ്റെ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളും ബോറിയ വിഡിയോയിൽ കാണിച്ചിട്ടുണ്ട്.

അഭിമുഖം നൽകാനായി സമീപിച്ച് മറുപടി നൽകാതായപ്പോൾ വാട്സപ്പ് മെസേജുകളിലൂടെയാണ് മാധ്യമപ്രവർത്തകൻ സാഹയെ ഭീഷണിപ്പെടുത്തിയത്. സാഹ തന്നെ ചാറ്റിൻ്റെ സ്ക്രീൻഷോട്ട് പങ്കുവച്ചിരുന്നു. സാഹയുടെ ട്വീറ്റിനു പിന്നാലെ താരത്തിനു പിന്തുണയുമായി മുൻ ദേശീയ താരങ്ങളടക്കം രംഗത്തെത്തി. പ്രഗ്യാൻ ഓജ, പാർത്ഥിവ് പട്ടേൽ, ഗൗതം ഗംഭീർ, ആർപി സിംഗ്, ഹർഭജൻ സിംഗ് തുടങ്ങിയ താരങ്ങൾ സാഹയ്ക്ക് പിന്തുണ അറിയിച്ചു. മാധ്യമപ്രവർത്തകൻ ആരെന്ന് പറയാനാണ് ഇവരൊക്കെ ആവശ്യപ്പെട്ടത്.

സംഭവത്തിൽ ബിസിസിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു സംഭവത്തിൽ വിശദമായി അന്വേഷിച്ച് കുറ്റവാളിയെ കണ്ടെത്തുമെന്ന് ബിസിസിഐ അറിയിച്ചു.

Story Highlights: Wriddhiman Saha Boria Majumdar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here