സുമിയിലേക്ക് ആശ്വാസം എത്തുന്നു; യാത്രയ്ക്ക് തയാറെടുക്കാൻ വിദ്യാർത്ഥികളോട് എംബസി

സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ പടിഞ്ഞാറൻ അതിർത്തിയിൽ എത്തിക്കാൻ ശ്രമം. വിദ്യാർത്ഥികളെ അതിർത്തിയിൽ എത്തിക്കാൻ ഇന്ത്യൻ എംബസി സംഘം പോൾട്ടാവയിലെത്തി. പുറപ്പെടേണ്ട സമയം വൈകാതെ അറിയിക്കും. യാത്രയ്ക്ക് തയാറെടുക്കാൻ വിദ്യാർത്ഥികളോട് എംബസി നിർദേശിച്ചു.
ഇതിനിടെ യുക്രൈനില്‍ നിന്ന് ഇതുവരെ 15900 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ന് 11 വിമാനങ്ങളിലായി 2135 ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചത്. നാളെ എട്ട് വിമാനങ്ങളിലായി 1500 പേരെ നാട്ടിലെത്തിക്കുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
യുക്രൈന്‍ ഒഴിപ്പിക്കല്‍ വിജയകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തേ അറിയിച്ചിരുന്നു. വലിയ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നത്. ആയിരക്കണക്കിന് പേരെ ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു. കൊവിഡിനെ കൈകാര്യം ചെയ്തത് പോലെ പുതിയ സാഹചര്യത്തെയും നേരിടുകയാണെന്നും മോദി വ്യക്തമാക്കി.
അതേസമയം, യുക്രൈനിലെ മരിയുപോളില്‍ വീണ്ടും താത്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. 11 മണിക്കൂറാണ് താത്കാലിക വെടിനിര്‍ത്തല്‍. യുക്രൈന്‍ സമയം ഇന്നുരാത്രി ഒന്‍പതുവരെയാണ് വെടിനിര്‍ത്തല്‍. ജനങ്ങളെ ഒഴിപ്പിക്കാന്‍ മൂന്നിടങ്ങളില്‍ നിന്ന് ബസ് പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. റെഡ്‌ക്രോസാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതിനിടെ പൗരന്മാര്‍ ഉടന്‍ രാജ്യംവിടണമെന്ന് അമേരിക്കയും കാനഡയും നിര്‍ദേശിച്ചു.
വെടി നിര്‍ത്തല്‍ സമയം യുക്രൈന്‍ സൈന്യം ദുരുപയോഗം ചെയ്തെന്നാണ് റഷ്യയുടെ ആരോപണം. വെടിനിര്‍ത്തല്‍ സമയത്ത് സൈനിക വിന്യാസം ശക്തിപ്പെടുത്തുകയാണ് യുക്രൈന്‍ ചെയ്തതെന്നും റഷ്യന്‍ വക്താവ് പറഞ്ഞു. മരിയുപോളിലും വൊള്‍നോവാഹിലും ഒരാളെപ്പോലും പുറത്തിറങ്ങാന്‍ യുക്രൈന്‍ അനുവദിച്ചില്ല. ഖാര്‍ക്കീവിലും സുമിയിലും നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ ബന്ദികളാക്കി എന്ന ആരോപണവും റഷ്യ ആവര്‍ത്തിച്ചു.
Story Highlights: “Be Ready To Leave,” Indian Students In Ukraine’s Sumy Told By Embassy