റഷ്യക്കാർ യുദ്ധത്തിനെതിരെ പ്രതിഷേധിക്കണം; ഇപ്പോൾ നിശബ്ദരായാൽ നേരിടേണ്ടിവരിക അടിച്ചമർത്തലിനെയും ദാരിദ്ര്യത്തേയും: വ്ലാദിമിർ സെലൻസ്കി

റഷ്യക്കാരോട് യുദ്ധത്തിനെതിരെ പ്രതിഷേധിക്കണമെന്ന അഭ്യർത്ഥനയുമായി യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ തെരുവുകളിൽ പ്രതിഷേധിക്കണം. ഈ പോരാട്ടം യുക്രൈന്റെ സമാധാനത്തിന് മാത്രമുള്ളതല്ല. നിങ്ങളുടെ രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഇപ്പോൾ നിശബ്ദരായാൽ നേരിടേണ്ടിവരിക അടിച്ചമർത്തലിനെയും ദാരിദ്ര്യത്തേയുമാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി.
എന്നാൽ റഷ്യയുടെ ആവശ്യങ്ങള്‍ നേടുംവരെ യുക്രൈനെതിരായ പോരാട്ടം തുടരുമെന്ന നിലപാടിലാണ് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. യുക്രൈന്‍ പോരാട്ടം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയോട് പുടിന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഒഡെസ നഗരത്തിന് നേരെ ബോംബാക്രമണം നടത്താന്‍ റഷ്യ തയാറെടുക്കുന്നെന്ന് യുക്രൈന്‍ ആരോപിച്ചു. എയര്‍ക്രാഫ്റ്റുകള്‍ നല്‍കി സഹായിക്കണമെന്ന് വ്‌ലാദിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. വ്യോമപാതാ നിരോധനം ഏര്‍പ്പെടുത്തണമെന്നും ലോകരാജ്യങ്ങളോട് സെലന്‍സ്‌കി ആവര്‍ത്തിച്ചു.
ഇതിനിടെ വ്‌ളാദിമിര്‍ പുടിന്‍ ജനാധിപത്യത്തിനുതന്നെ ഭീഷണിയാണെന്ന് അമേരിക്ക. റഷ്യന്‍ പ്രസിഡന്റ് സമൂഹത്തെയാകെ നശിപ്പിക്കുകയാണെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ആരോപണം.
അതേസമയം, യുക്രൈനിലെ മരിയുപോളില്‍ വീണ്ടും താത്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. 11 മണിക്കൂറാണ് താത്കാലിക വെടിനിര്‍ത്തല്‍. യുക്രൈന്‍ സമയം ഇന്നുരാത്രി ഒന്‍പതുവരെയാണ് വെടിനിര്‍ത്തല്‍. ജനങ്ങളെ ഒഴിപ്പിക്കാന്‍ മൂന്നിടങ്ങളില്‍ നിന്ന് ബസ് പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. റെഡ്‌ക്രോസാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതിനിടെ പൗരന്മാര്‍ ഉടന്‍ രാജ്യംവിടണമെന്ന് അമേരിക്കയും കാനഡയും നിര്‍ദേശിച്ചു.
വെടി നിര്‍ത്തല്‍ സമയം യുക്രൈന്‍ സൈന്യം ദുരുപയോഗം ചെയ്തെന്നാണ് റഷ്യയുടെ ആരോപണം. വെടിനിര്‍ത്തല്‍ സമയത്ത് സൈനിക വിന്യാസം ശക്തിപ്പെടുത്തുകയാണ് യുക്രൈന്‍ ചെയ്തതെന്നും റഷ്യന്‍ വക്താവ് പറഞ്ഞു. മരിയുപോളിലും വൊള്‍നോവാഹിലും ഒരാളെപ്പോലും പുറത്തിറങ്ങാന്‍ യുക്രൈന്‍ അനുവദിച്ചില്ല. ഖാര്‍ക്കീവിലും സുമിയിലും നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ ബന്ദികളാക്കി എന്ന ആരോപണവും റഷ്യ ആവര്‍ത്തിച്ചു.
Story Highlights: The Russians must protest the war- volodymyr zelensky
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here