വനിതാ ലോകകപ്പ്; ന്യൂസീലൻഡിന് ആദ്യ ജയം

വനിതാ ലോകകപ്പിൽ ആതിഥേയരായ ന്യൂസീലൻഡിന് ആദ്യ ജയം. ബംഗ്ലാദേശിനെ 9 വിക്കറ്റിനാണ് അവർ കീഴടക്കിയത്. മഴ മൂലം 27 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തപ്പോൾ 7 ഓവർ ബാക്കിനിൽക്കെ ന്യൂസീലൻഡ് വിജയലക്ഷ്യം മറികടന്നു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഓപ്പണർമാർ ചേർന്ന് അതിഗംഭീര തുടക്കമാണ് നൽകിയത്. ആക്രമിച്ച് കളിച്ച ഷമീമ സുൽത്താനയും ഫർഗാന ഹഖും ചേർന്ന് ആദ്യ വിക്കറ്റിൽ 59 റൺസ് കൂട്ടിച്ചേർത്തു. 10 ആം ഓവറിൽ ഷമീമ (33) പുറത്തായതോടെ ഈ കൂട്ടുകെട്ട് തകർന്നു. പിന്നീട് വന്നവർക്കൊന്നും നന്നായി സ്കോർ ചെയ്യാൻ സാധിച്ചില്ല. ഫർഗാന ഹഖ് (52) ആണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോററായത്. ന്യൂസീലൻഡിനായി ആമി സാറ്റെർത്‌വെയ്റ്റ് 3 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ന്യൂസീലൻഡിനും മികച്ച തുടക്കം ലഭിച്ചു. സോഫി ഡിവൈനും (14) സൂസി ബേറ്റ്സും ചേർന്ന് ആദ്യ വിക്കറ്റിൽ 36 റൺസാണ് കൂട്ടിച്ചേർത്തത്. സോഫി പുറത്തായപ്പോൾ മൂന്നാം നമ്പറിലെത്തിയ അമേലിയ കെർ സൂസി ബേറ്റ്സിനൊപ്പം ചേർന്ന് അനായാസം ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. അപരാജിതമായ 108 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. 68 പന്തിൽ 79 റൺസെടുത്ത് പുറത്താവാതെ നിന്ന സൂസി ബേറ്റ്സ് കിവീസ് ടോപ്പ് സ്കോററായപ്പോൾ അമേലിയ കെർ 37 പന്തുകളിൽ 47 റൺസെടുത്ത് ക്രീസിൽ തുടർന്നു. ഉദ്ഘാടന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് പരാജയപ്പെട്ട ന്യൂസീലൻഡിന് ഈ വിജയം ഏറെ ആശ്വാസമാവും.
Story Highlights: newzealand won womens world cup bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here