Advertisement

സാമ്പത്തിക സ്വാശ്രയത്വമാണ് പ്രധാനം; സ്ത്രീകളുടെ സാമ്പത്തിക ഭദ്രതയ്ക്കായുള്ള ആറ് ടിപ്പുകള്‍ ഇതാ…

March 8, 2022
Google News 1 minute Read

സ്തീകളുടെ സ്വാതന്ത്ര്യം ആരംഭിക്കുന്നത് സാമ്പത്തികമായ സ്വാശ്രയത്വത്തില്‍ നിന്നാണെന്നാണ് പല ഫെമിനിസ്റ്റ് ചിന്തകരും വ്യക്തമാക്കിയിട്ടുള്ളത്. പലയിടത്തും കഴിവ് തെളിയിച്ചിട്ടും സ്വന്തം വീടുകളില്‍ പോലും സ്ത്രീകള്‍ക്ക് വിവേചനം നേരിടേണ്ടി വരുന്നത് പലപ്പോഴും അവര്‍ സാമ്പത്തികമായി സുരക്ഷിതരാകാത്തത് കൊണ്ടാകാം. പുരുഷന്മാരോടൊപ്പം തന്നെ തൊഴിലിടങ്ങളില്‍ സജീവമായിട്ടും സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം ഉറപ്പിക്കാന്‍ കഴിയാത്തതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം പോലും സ്ത്രീകള്‍ക്ക് ശരിയായി കൈകാര്യം ചെയ്യാനറിയില്ലെന്ന സമൂഹത്തിന്റെ മുന്‍ധാരണയും സ്ത്രീകളെക്കുറിച്ചുള്ള തെറ്റായ സങ്കല്‍പ്പവുമാണ് ഇതിന് പ്രധാന കാരണം. സാമ്പത്തികമായ കാര്യങ്ങളില്‍ സത്രീകള്‍ക്ക് ആത്മവിശ്വാസം വളര്‍ത്തുന്നതിനും വ്യക്തമായ പ്ലാനിംഗോടുകൂടി ജീവിതം സുരക്ഷിതമാക്കുന്നതിനുമുള്ള ആറ് ടിപ്പുകള്‍ ഈ വനിതാ ദിനത്തില്‍ അറിയാം….

  1. പണമിടപാടുകളെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കുക

സ്ത്രീകള്‍ക്ക് പണം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാനറിയില്ലെന്ന തെറ്റായ ധാരണയെ സ്വയം വിശ്വസിക്കാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. സ്വന്തം വീടുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളെക്കുറിച്ചും അറിയാനും ആത്മവിശ്വാസത്തോടെ അഭിപ്രായം പറയാനും ശ്രമിക്കുക. ബാങ്കിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ലെങ്കില്‍ കാര്യങ്ങള്‍ മറ്റുള്ളവരോട് ചോദിച്ചോ വായിച്ചോ മനസിലാക്കി സ്വന്തം ബാങ്കിംഗ് ആവശ്യങ്ങള്‍ മറ്റുള്ളവരെ ആശ്രയിക്കാതെ ഒറ്റയ്ക്ക് ചെയ്യാന്‍ തീരുമാനമെടുക്കുക.

  1. ആവശ്യങ്ങള്‍ മുന്‍കൂട്ടി കാണുക, പ്രതിസന്ധിയെ പ്രതീക്ഷിച്ചിരിക്കുക

പെട്ടെന്ന് പണത്തിന് ആവശ്യമോ പ്രതിസന്ധിയോ വരുമെന്ന് മനസിലാക്കി എമര്‍ജന്‍സി ഫണ്ടുകള്‍ സൂക്ഷിക്കുക എന്നത് പ്രധാനമാണ്. പണം കൈകാര്യം ചെയ്യുന്ന എല്ലാവരും എമര്‍ജന്‍സി ഫണ്ടുകള്‍ സൂക്ഷിക്കേണ്ടതാണ് എങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ ഇത് കുറച്ചുകൂടി പ്രധാനമാണ്. ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പണം നീക്കി വെക്കുന്നത് സ്ത്രീകളുടെ ആത്മവിശ്വാസത്തെ വലിയ അളവില്‍ സ്വാധീനിക്കും.

  1. സ്വന്തമായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി

വരുമാനത്തിന്റെ പത്ത് ശതമാനം ഹെല്‍ത്ത് ഇന്‍ഷുറന്‍സിനായി മാറ്റിവെക്കണമന്നൊണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ പറയാറുള്ളത്. ചില സന്ദര്‍ഭങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുമ്പോള്‍ മാസവരുമാനമോ ഓഫിസില്‍ നിന്ന് ലഭിക്കുന്ന ഹെല്‍ത്ത് കവറേജോ മതിയാകണമെന്നില്ല. രോഗാവസ്ഥയില്‍പ്പോലും ചുറ്റുമുള്ളവരില്‍ സാമ്പത്തികമായി അമിതമായി ആശ്രയിക്കേണ്ടി വരാതിരിക്കാന്‍ സ്വന്തമായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടത് അത്യാവശ്യമാണ്.

  1. തയാറാക്കാം ശരിയായ നിക്ഷേപത്തിനും സമ്പാദ്യത്തിനുമുള്ള പ്ലാന്‍

ആവശ്യങ്ങള്‍ നിറവേറ്റിയതിനുശേഷം മിച്ചം വരുന്ന തുക എത്ര തുച്ഛമായാലും അത് ശരിയായി നിക്ഷപിച്ചാല്‍ സമ്പാദ്യം വളര്‍ത്താനാകും. നിങ്ങളുടെ വരുമാനത്തിനും ചെലവുകള്‍ക്കും അനുസരിച്ച് നിക്ഷേപത്തിനായി ഒരു പ്ലാന്‍ തയാറാക്കാം. റിസ്‌കും പണത്തിന്റെ വളര്‍ച്ച നിരക്കും കുറവുള്ള സുരക്ഷിത നിക്ഷേപങ്ങള്‍ മുതല്‍ റിസ്‌ക് കൂടുതലുള്ള വലിയ വളര്‍ച്ച തരുന്ന ഫണ്ടുകള്‍ വരെയുണ്ട്. അതിനാല്‍ എല്ലാവിധ റിസ്‌ക്കുകളും ശരിയായി ചോദിച്ചും വായിച്ചും മനസിലാക്കി മാത്രം നിക്ഷേപിക്കുക.

  1. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുക

വേഗത്തില്‍ വായ്പകള്‍ ലഭിക്കാന്‍ മുതല്‍ നല്ല ജോലി കിട്ടാന്‍ വരെ ഇപ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തേണ്ടത് അത്യാവശ്യമായി മാറിക്കഴിഞ്ഞു. അവസാന തിയതിക്ക് മുന്‍പ് എന്തായാലും ക്രെഡിറ്റ് കാര്‍ഡ് റീ പേ ചെയ്യാന്‍ ശ്രമിക്കുക. ക്രെഡിറ്റ് ഉപയോഗത്തിന്റെ നിരക്ക് 30 ശതമാനത്തിനുള്ളില്‍ നിലനിര്‍ത്തുന്നതാണ് അഭികാമ്യം.

  1. റിട്ടയര്‍മെന്റ് പ്ലാനിംഗ് മറക്കല്ലേ…

കൃത്യമായി വരുമാനം കൈയില്‍ കിട്ടുന്ന സമയത്തില്‍ നിന്ന് റിട്ടയര്‍മെന്റിലേക്ക് എത്തിപ്പെടുമ്പോള്‍ പല കുടുംബങ്ങളുടേയും ബജറ്റ് താളം തെറ്റാറുണ്ട്. ജോലിയില്‍ തുടരുന്ന കാലത്തുതന്നെ ശരിയായ റിട്ടയര്‍മെന്റ് പ്ലാനിംഗ് നടത്താത്തതിനാലാണ് ഇത് സംഭവിക്കുന്നത്. എത്ര വയസില്‍ ജോലിയില്‍ നിന്ന് വിരമിക്കണമെന്നും പ്രതിസന്ധി നേരിട്ടാല്‍ ഉള്‍പ്പെടെ ചെലവാക്കാനായി എത്ര തുക സമ്പാദിച്ച് വക്കണമെന്നും കൃത്യമായി പ്ലാന്‍ ചെയ്ത് ശരിയായ സമയത്തുവേണം റിട്ടയര്‍മെന്റിലേക്ക് കടക്കാന്‍. റിട്ടയര്‍മെന്റ് കാലത്തും ചുറ്റുമുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ സാധിക്കുന്നത് മാനസികനിലയെ തന്നെ മെച്ചപ്പെടുത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Story Highlights: 6 tips for women financial independence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here