Advertisement

റഷ്യന്‍ എണ്ണ ഉപഭോഗത്തില്‍ നിന്ന് യൂറോപ്പ് പിന്തിരിയണമെന്ന് ബോറിസ് ജോണ്‍സണ്‍

March 8, 2022
Google News 2 minutes Read

കടുത്ത സാമ്പത്തിക ഉപരോധത്തിനിടയിലും റഷ്യ യുക്രൈന്‍ അധിനിവേശം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ സുപ്രധാന പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. റഷ്യന്‍ എണ്ണ ഉപഭോഗത്തില്‍ നിന്ന് യൂറോപ്പ് ഘട്ടം ഘട്ടമായി പിന്‍തിരിയണമെന്നാണ് ബോറിസ് ജോണ്‍സണ്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ബോറിസ് ജോണ്‍സണ്‍ ഇത് പറഞ്ഞത്. റഷ്യയെ എണ്ണയ്ക്കായി അമിതമായി ആശ്രയിക്കുക എന്ന തെറ്റ് യൂറോപ്പ് ആവര്‍ത്തിക്കരുതെന്ന് ജസ്റ്റിന്‍ ട്രൂഡോയും പറഞ്ഞിട്ടുണ്ട്. യൂറോപ്പ് ഘട്ടം ഘട്ടമായി റഷ്യയെ എണ്ണയ്ക്കായി ആശ്രയിക്കുന്നത് നിര്‍ത്തലാക്കിയാല്‍ റഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ ഭദ്രത തകരുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണയും ഗ്യാസും വാങ്ങുന്നത് നിര്‍ത്തിയാല്‍ അത് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ എണ്ണയും വാതകവും നിരോധിക്കുന്നതിനെതിരെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം യുക്രൈനില്‍ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിത മാര്‍ഗത്തിലൂടെ റഷ്യയിലെത്തിക്കാമെന്ന റഷ്യയുടെ വാഗ്ദാനം യുക്രൈന്‍ തള്ളി. ഈ വാഗ്ദാനത്തെ മാനുഷിക ഇടനാഴിയെന്ന് പറയാന്‍ കഴിയില്ലെന്നും ഈ നീക്കം റഷ്യയുടെ പ്രചാരണത്തിന്റെ ഭാഗമാണെന്നും സൂചിപ്പിച്ചാണ് യുക്രൈന്‍ ഈ വാഗ്ദാനം അംഗീകരിക്കാതിരുന്നത്. റഷ്യയ്ക്ക് പുറമേ ബെലാറസിലേക്കും സാധാരണക്കാരെ സുരക്ഷിതമായി എത്തിക്കുമെന്നായിരുന്നു റഷ്യയുടെ വാഗ്ദാനം.

യുക്രൈനില്‍ നിന്ന് റഷ്യയിലേക്കും ബെലാറസിലേക്കും ആളുകളെ കൊണ്ടുപോകാമെന്ന വാഗ്ദാനം ദുരുദ്ദേശപരമാണെന്നാണ് യുക്രൈന്‍ അറിയിച്ചത്. ലോകരാജ്യങ്ങളെ മുഴുവന്‍ കബളിപ്പിക്കാമെന്നാണ് റഷ്യ വിചാരിക്കുന്നത്. ഇത്തരമൊരു സുരക്ഷിതപാത സജ്ജമാക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുന്നത് മനുഷ്യത്വപരമായ കരുതല്‍ അല്ലെന്ന് വ്യക്തമാണെന്നും യുക്രൈന്‍ പറഞ്ഞു.

റഷ്യ-യുക്രൈന്‍ മൂന്നാംവട്ട സമാധാന ചര്‍ച്ച ബെലാറസില്‍ പൂര്‍ത്തിയായി. ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇല്ലെന്നാണ് സൂചന. വെടിനിര്‍ത്തല്‍, മാനുഷിക ഇടനാഴി, സാധാരണക്കാരുടെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. എന്നിരിക്കിലും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളൊന്നും ഈ ചര്‍ച്ചയിലൂടെയും ഉണ്ടായിട്ടില്ലെന്ന് യുക്രൈന്‍ വക്താവ് മൈഖൈലോ പോഡോല്യ അറിയിച്ചു.

Story Highlights: Boris Johnson called for a step-by-step move away from dependence on Russian oil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here